ADVERTISEMENT

തിരുവനന്തപുരം∙ ചാലിയാർ പുഴയ്ക്കു കുറുകേയുള്ള കൂളിമാട് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നു വീണ സംഭവത്തിൽ പിഡബ്ലുഡി വിജിലൻസ് വിഭാഗം സമർപിച്ച റിപ്പോർട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മടക്കി അയച്ചു. കൂടുതൽ വ്യക്തത തേടിയാണ് റിപ്പോർട്ട് മടക്കിയത്. മാനുഷിക പിഴവോ ജാക്കിന്റെ തകരാറോ ആണ് അപകടത്തിലേക്കു നയിച്ചതെന്നാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ ഏതാണ് കാരണമെന്ന് വ്യക്തത വരുത്തണമെന്ന് മന്ത്രി നിർദേശിച്ചു. മാനുഷിക പിഴവാണെങ്കിൽ ആവശ്യത്തിനു നൈപുണ്യ തൊഴിലാളികൾ ഉണ്ടായിരുന്നോ എന്നു പരിശോധിക്കണം. 

സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോ എന്നു വ്യക്തമാക്കണമെന്നും മന്ത്രി നിർദേശിച്ചു.  കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാലം. മേയ് 16ന് രാവിലെയാണ് അപകടം നടന്നത്. 3 ബീമുകൾ നിർമാണത്തിനിടെ തകർന്നു വീണു. 309 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള പാലത്തിന്റെ നിർമാണം 90 ശതമാനം പൂർത്തിയായ ഘട്ടത്തിലാണ് അപകടം നടന്നത്.

മുൻകൂട്ടി വാർത്ത ബീമുകൾ തൂണുകളിൽ ഉറപ്പിക്കാൻ താഴ്ത്തുമ്പോൾ അടിയിൽ വച്ച ഹൈഡ്രോളിക് ജാക്കികളിൽ ഒന്ന് പ്രവർത്തിക്കാതായതോടെ ബീം ചരിഞ്ഞു താഴുകയായിരുന്നു. 35 മീറ്റർ നീളമുള്ള വലിയ മൂന്നു ബീമുകളിൽ ഒന്ന് പൂർണമായും രണ്ടെണ്ണം ഭാഗികമായും പുഴയിൽ പതിച്ചു. ഒരാൾക്കു പരുക്കേറ്റു. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പദ്ധതിയുടെ കരാറുകാർ. 2019 മാർച്ച് ഏഴിനാണ് പാലം നിർമാണം ആരംഭിച്ചത്. 24 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. 25 കോടിരൂപ ചെലവിലാണ് പാലം നിർമിക്കുന്നത്.

വിജിലൻസ് ഡപ്യൂട്ടി ചീഫ് എൻജിനീയർ ബുധനാഴ്ചയാണു റിപ്പോർട്ട് സമർപ്പിച്ചത്. കരാർ കമ്പനിക്കും, മേൽനോട്ടച്ചുമതലയുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ ഉണ്ടെന്നാണു വിവരം.  പദ്ധതിയുടെ ചുമതലയുള്ള അസി.എക്സിക്യൂട്ടീവ് എൻജിനീയറും അസി.എൻജിനീയറും സംഭവ സമയത്തു സ്ഥലത്തുണ്ടായിരുന്നില്ല. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ബീമുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന ജോലികൾ നടക്കുമ്പോൾ എൻജിനീയർമാരുടെ കലാമേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഒരാഴ്ചയോളം വയനാട്ടിലായിരുന്നു പദ്ധതിയുടെ ചുമതലയുള്ള അസി.എക്സിക്യൂട്ടീവ് എൻജിനീയർ.

കാഷ്വൽ ലീവ് ആയതിനാൽ പകരം ചുമതല നൽകിയില്ല എന്നാണ് അദ്ദേഹം അന്വേഷണ സംഘത്തിനു നൽകിയ വിശദീകരണം. അസി. എൻജിനീയർ മറ്റൊരു നിർമാണ സ്ഥലത്തായിരുന്നു എന്നാണു വിശദീകരണം. ‌കരാർ കമ്പനി ജീവനക്കാരുടെ മാത്രം മേൽനോട്ടത്തിലായിരുന്നു ബീം സ്ഥാപിക്കൽ പ്രവൃത്തികൾ. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ബീമുകൾ ഉയർത്തുമ്പോൾ ഒരു ജാക്കി തകരാറിലായതാണു ബീമുകൾ തകരാൻ കാരണമെന്നായിരുന്നു കരാറുകാരുടെ വിശദീകരണം.

English Summary: Minister seeks clarity in Inquiry report on Koolimadu bridge collapse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com