ADVERTISEMENT

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാന്റെ മുൻ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫ് അന്തരിച്ചതായി പ്രചരിച്ച അഭ്യൂഹം ആശയക്കുഴപ്പം സൃഷ്ടിച്ചു. പാക്കിസ്ഥാനിൽനിന്നുള്ള ചില മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച് വാർത്ത നൽകിയത്. എന്നാൽ, ഇദ്ദേഹം മരിച്ചിട്ടില്ലെന്ന് പിന്നീട് വിശദീകരണം വന്നതോടെ പാക്ക് മാധ്യമങ്ങൾ വാർത്ത പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ട്.

രോഗബാധിതനായ അദ്ദേഹം ജീവിച്ചിരിക്കുന്നതായി പാക്ക് മാധ്യമപ്രവർത്തകനായ വജാഹദ് കാസ്മി ട്വീറ്റ് ചെയ്തു. മുഷറഫിന് അസുഖമുണ്ടെങ്കിലും അദ്ദേഹത്തിന്റെ സ്ഥിതി സങ്കീർണമല്ലെന്ന് ഓൾ പാകിസ്ഥാൻ മുസ്‌ലിം ലീഗിന്റെ ഓവർസീസ് പ്രസിഡന്റ് ഇഫ്‌സൽ സിദ്ദിഖും സ്ഥിരീകരിച്ചു. വ്യാജവാർത്തകൾക്ക് കാതു കൊടുക്കരുതെന്നും മുഷറഫിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.  

പിന്നീട് മുഷറഫിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹത്തിന്റെ കുടുംബവും ആരോഗ്യ സ്ഥിതി വിശദീകരിച്ച് പോസ്റ്റിട്ടു.

‘അദ്ദേഹം (പർവേസ് മുഷറഫ്) വെന്റിലേറ്ററിലല്ല. അസുഖബാധിതനായി കഴിഞ്ഞ മൂന്നു മാസമായി അദ്ദേഹം ആശുപത്രിയിലാണ്. അവയവയങ്ങളുടെ പ്രവർത്തനം തകരാറിലായതിനാൽ പൂർണ സൗഖ്യം അസാധ്യമായ തീർത്തും ദുഷ്കരമായ ഘട്ടമാണിത്. അദ്ദേഹത്തിന്റെ ദൈനംദിന ജീവിതം എളുപ്പമാക്കാൻ പ്രാർഥിക്കുമല്ലോ’ – കുടുംബം ട്വീറ്റ് ചെയ്തു.

2001 മുതൽ 2008 വരെ പാക്കിസ്ഥാൻ ഭരിച്ച മുൻ നേതാവ് നിലവിൽ ദുബായിലെ അമേരിക്കൻ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.  അമിലോയിഡ് എന്ന അസാധാരണമായ പ്രോട്ടീൻ അവയവങ്ങളിൽ അടിഞ്ഞുകൂടുകയും അവയുടെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അപൂർവ രോഗമാണ് അമിലോയിഡോസിസ്.

English Summary: Organs malfunctioning, recovery not possible, says Pervez Musharraf's family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com