ADVERTISEMENT

ന്യൂ‍ഡൽഹി∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിനെച്ചൊല്ലി രാത്രി മുഴുവൻ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ ഭരണമുന്നണിയായ മഹാവികാസ് അഘാഡിക്കും ഹരിയാനയിൽ കോൺഗ്രസിനും തിരിച്ചടി. മഹാരാഷ്ട്രയിൽ ബിജെപിയുടെ മൂന്നു സ്ഥാനർഥികളും വിജയിച്ചു. ഹരിയാനയിൽ കോൺഗ്രസ് നേതാവ് അജയ് മാക്കനെ ബിജെപി പിന്തുണയോടെ മത്സരിച്ച സ്വതന്ത്രസ്ഥാനാർഥി കാർത്തികേയ ശർമ പരാജയപ്പെടുത്തി.

മഹാരാഷ്ട്രയിൽ ബിജെപി സ്ഥാനാർഥികളായ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, അനിൽ ബോന്ദെ, ധനഞ്ജയ് മഹാധിക് എന്നിവർ വിജയിച്ചു. ശിവസേനയുടെ സഞ്ജയ് പവാർ പരാജയപ്പെട്ടു. മഹാവികാസ് അഘാഡിയുടെ മൂന്ന് എംഎൽഎമാരുടെ വോട്ട് ചട്ടലംഘനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ അസാധുവാക്കി.

കർണാടകയിലെ ത്രികോണമൽസരത്തിലും ബിജെപി നേട്ടമുണ്ടാക്കി. ഇവിടെ മൂന്നു സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ കോൺഗ്രസും ജയിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, നടൻ ജഗ്ഗേഷ്, ലെഹാർ സിങ് സിറോയ എന്നിവരാണ് ജയിച്ച ബിജെപി സ്ഥാനാർഥികൾ. കോൺഗ്രസിൽനിന്ന് മുതിർന്ന നേതാവ് ജയറാം രമേശും ജയിച്ചു. അതേസമയം, കോടീശ്വരനായ ഡി. കുപേന്ദ്ര റെഡ്ഡിയെ രംഗത്തിറക്കിയ ജെഡിഎസ് തിരിച്ചടി നേരിട്ടു. നാലു സീറ്റുകളിലേക്ക് ആറു പേർ നാമനിർദ്ദേശ പത്രിക നൽകിയതോടെയാണ് ഇവിടെ ചൂടേറിയ മത്സരത്തിന് കളമൊരുങ്ങിയത്.

വാശിയേറിയ പോരാട്ടം നടന്ന രാജസ്ഥാനിൽ കോൺഗ്രസ് മൂന്നു സീറ്റിൽ വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു. കോൺഗ്രസിന്റെ മുകുൾ വാസ്‌നിക്, രൺദീപ് സിങ് സുർജേവാല എന്നിവർക്കൊപ്പം പ്രമോദ് തിവാരിയും ജയിച്ചുകയറി. പ്രമോദ് തിവാരിയും ബിജെപി പിന്തുണയുള്ള സ്വതന്ത്രന്‍ സുഭാഷ് ചന്ദ്രയും തമ്മിലായിരുന്നു മത്സരം. കൂറുമാറി കോൺഗ്രസിന് വോട്ടുചെയ്ത ബിജെപി എംഎൽഎ ശോഭ റാണി ഖുശ്‌വാഹയെ പാർട്ടി പുറത്താക്കി.

കോൺഗ്രസിലെ ഭിന്നത മുതലെടുക്കാൻ ബിജെപി തുനിഞ്ഞിറങ്ങിയതോടെ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഹരിയാനയില്‍ ഭൂപിന്ദര്‍ സിങ് ഹൂഡയും കര്‍ണാടകയില്‍ സിദ്ധരാമയ്യയും നേരിട്ടാണ് കൂറുമാറ്റം തടയാന്‍ നേതൃത്വം നല്‍കിയത്.

രാജ്യസഭയിലേയ്ക്കുള്ള 57 ഒഴിവുകളില്‍ 41 സീറ്റുകളിലേക്ക് വിവിധ കക്ഷി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 16 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ നിയമസഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ 12 സീറ്റുകളിലേക്ക് മത്സരം ഒഴിവായപ്പോൾ ബാക്കിയുള്ള നാല് സീറ്റുകളിലേക്കായിരുന്നു പോരാട്ടം.

English Summary: Rajya Sabha Election 2022 Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com