ADVERTISEMENT

ലക്‌നൗ ∙ മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ‘ബുൾഡോസർ നീതി’ നടപ്പാക്കലിനെതിരെയുള്ള കേസുകൾ കോടതികളുടെ പരിഗണനയിലിരിക്കെ പ്രതിഷേധസ്വരങ്ങളെ തോക്കും ബുൾഡോസറുമായി നേരിടുന്ന യുപി സർക്കാരിനെതിരെ വിമർശനവുമായി നിയമ വിദഗ്ധർ. പ്രതിയെന്ന് ആരോപിച്ച് ഒരാളെ കസ്റ്റഡിയിൽ എടുത്തതിനു തൊട്ടുപിന്നാലെ അനധികൃത നിർമാണം ആരോപിച്ച് കുറ്റരോപിതരുടെ വീടുകൾ തകർക്കുന്നത് ഭരണഘടനാ വിരുദ്ധവും കടുത്ത നിയമലംഘനവുമാണെന്ന് അലഹാബാദ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥുർ പ്രതികരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാവേദ് അഹമ്മദിന്റെ വീട് അധികൃതർ ഇടിച്ചുനിരത്തിയതിനു പിന്നാലെയാണ് വിമർശനം.

1248-uttar-pradesh-demolition
ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാവേദ് അഹമ്മദിന്റെ വീട് അധികൃതർ ഇടിച്ചുനിരത്തുന്നു (Photo by Sanjay KANOJIA / AFP)

‘ബുൾഡോസർ നീതി’ നടപ്പാക്കലിനെതിരെയുള്ള കേസുകൾ സുപ്രീം കോടതി, അലഹബാദ് ഹൈക്കോടതി, മധ്യപ്രദേശ് ഹൈക്കോടതി തുടങ്ങിയ കോടതികളിൽ പരിഗണനയിലിരിക്കെ അപ്പീലിനു പോകാൻ പോലും സമയം അനുവദിക്കാതെയാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതെന്നു പൗരാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

1248-house-of-mohammad-javed
ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാവേദ് അഹമ്മദിന്റെ വീട് അധികൃതർ ഇടിച്ചുനിരത്തുന്നു (Photo by Sanjay KANOJIA / AFP)

ഇന്ത്യൻ ഭരണഘടനയെ യുപി സർക്കാർ വെല്ലുവിളിക്കുകയാണെന്നും ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രവർത്തനങ്ങളുമായി യോഗി സർക്കാർ മുന്നോട്ടുപോകുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ അടക്കമുള്ളവർ വിമർശനം ഉയർത്തിയിരുന്നു. ക്രമസമാധാനപാലന ചുമതല നിർവഹിക്കേണ്ട ഭരണകൂടം കോടതിയെയും നിയമത്തെയും നോക്കുകുത്തിയാക്കി സ്വയം ശിക്ഷ വിധിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നു നിയമവിദഗ്‌ധരും ചൂണ്ടിക്കാണിക്കുന്നു.

1248-yogi-adityanath
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Photo by Sanjay KANOJIA / AFP)

ശനിയാഴ്ച സഹറാൻപുരിൽ രണ്ടു പേരുടെ വീട് ഇടിച്ചുനിരത്തിയതിനു പിന്നാലെയാണ് ഞായറാഴ്ച പ്രയാഗ്‍രാജ് ഡവലപ്മെന്റ് അതോറിറ്റി ജാവേദ് അഹമ്മദിന്റെ വീട് ഇടിച്ചു നിരത്തിയത്. വെൽഫെയർ പാർട്ടി നേതാവും ആക്ടിവിസ്റ്റ് അഫ്രിൻ ഫാത്തിമയുടെ പിതാവുമാണ് ജാവേദ് അഹമ്മദ്. അനധികൃത നിർമാണം ആരോപിച്ചാണു വീട് പൊളിച്ചത്. വീടൊഴിയാൻ വെള്ളിയാഴ്ച കുടുംബത്തിനു നോട്ടിസ് നൽകിയിരുന്നു. മേയിൽ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നതായും അധികൃതർ അവകാശപ്പെടുന്നു.

1248-bulldozer-raj
ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാവേദ് അഹമ്മദിന്റെ വീട് അധികൃതർ ഇടിച്ചുനിരത്തുന്നു (Photo by Sanjay KANOJIA / AFP)

റോഡിലേക്കു തളളി നിൽക്കുന്നുവെന്ന പേരിലാണ് നടപടിയെങ്കിലും തൊട്ടടുത്തുള്ള എല്ലാ നിർമാണങ്ങളും ഇപ്പോഴും റോഡിലേക്കു തള്ളിയാണ് നിൽക്കുന്നതെന്നും എതിർ ശബ്‌ദമുയർത്തുന്നവരോടുള്ള പ്രതികാര നടപടിയാണ് ഇതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ ബോധ്യപ്പെടുമെന്നു പൗരവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

1248--indian-security-personnel-up
പ്രയാഗ്‍രാജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാവേദ് അഹമ്മദിന്റെ വീട് ഇടിച്ചുനിരത്തുന്നതിനു മുന്നോടിയായി സ്ഥലത്ത് ഏത്തിച്ചേർന്ന സുരക്ഷാ ഉദ്യോഗസ്ഥർ (Photo by Sanjay KANOJIA / AFP)

എന്നാൽ ഒരു കുറ്റവാളിയെയും വെറുതെ വിടില്ലെന്നും ബുൾഡോസർ നടപടി തുടരുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. പൊതുസ്വത്തിലോ ബിസിനസുകാരുടെ സംരംഭങ്ങളിലോ അനധികൃതമായി കടന്നുകയറുകയോ നശിപ്പിക്കുകയോ ചെയ്യുന്നവരുടെ സാമ്രാജ്യം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന് പ്രഖ്യാപിച്ചാണ് രണ്ടാംവട്ടവും യോഗി ആദിത്യനാഥ് യുപിൽ അധികാരം പിടിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ‘ബുള്‍ഡോസര്‍ ബാബ’ എന്നാണ് യോഗിയെ ബിജെപി വിശേഷിപ്പിച്ചിരുന്നത്. യോഗി ആദിത്യനാഥിന്‍റെ ‘ബുള്‍ഡോസര്‍ ഭരണ’ത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ പ്രശംസിച്ചിരുന്നു.

English Summary: Totally illegal;UP bulldozer drive under what law, Sharp Criticism against Yogi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com