ADVERTISEMENT

തിരുവനന്തപുരം∙സെക്രട്ടേറിയറ്റിലും സർക്കാർ വകുപ്പുകളിലും ആവശ്യത്തിലേറെ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കെ സംസ്ഥാന സർക്കാരിന്റെ പദ്ധതികൾക്കു മേൽനോട്ടം വഹിക്കാൻ വർഷം 2.14 കോടി രൂപ ശമ്പളം നൽകി കരാർ അടിസ്ഥാനത്തിൽ 16 പേരെ നിയമിക്കുന്നു. വേണ്ടപ്പെട്ടവരെ നിയമിക്കാനാണ് കരാർ അടിസ്ഥാനത്തിൽ തസ്തിക സൃഷ്ടിച്ചതെന്ന ആക്ഷേപം ഉണ്ട്.‌‌

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം പുതിയതായി രൂപീകരിച്ച പദ്ധതി നടത്തിപ്പും വിലയിരുത്തലും വകുപ്പിലാണ് പുതിയ കരാർ നിയമനത്തിനു വഴിയൊരുങ്ങുന്നത്. മാസം 1.3 ലക്ഷം രൂപ ശമ്പളത്തിൽ 6 പ്രോജക്ട് കോ–ഓർഡിനേറ്റർമാരുടെയും മാസം ഒരു ലക്ഷം രൂപ ശമ്പളത്തിൽ 10 ജൂനിയർ റിസോഴ്സ് പഴ്സൻമാരുടെയും തസ്തിക സൃഷ്ടിച്ചു കഴിഞ്ഞു. സംസ്ഥാന തലത്തിൽ കാര്യങ്ങൾ ഏകോപിപ്പിക്കാനാണ് പ്രോജക്ട് കോ–ഓർഡിനേറ്റർമാർ. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,ഇടുക്കി,എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളിലെ കാര്യങ്ങൾ ഏകോപിപ്പിക്കുകയാണ് ജൂനിയർ റിസോഴ്സ് പേഴ്സന്റെ ജോലി.16 തസ്തികകളിലും നിയമിക്കപ്പെടുന്നവരുടെ യോഗ്യതയോ പ്രവർത്തന പരിചയമോ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ജീവനക്കാർക്കു ശമ്പളത്തിനു പോലും പണം കണ്ടെത്താൻ പാടുപെടുകയും ചെയ്യുമ്പോഴാണ് നിലവിലുള്ളവരെ പുനർവിന്യസിക്കുന്നതിനു പകരം കൂടുതൽ തസ്തിക സൃഷ്ടിക്കുന്നത്. സ്ഥിരം തസ്തികയാണെങ്കിൽ പിഎസ്‍സി വഴി നിയമനം നടത്തേണ്ടി വരും. കരാർ നിയമനം ആകുമ്പോൾ താൽപര്യമുള്ളവരെ നിയമിക്കാം.

അടിസ്ഥാന സൗകര്യത്തിനും വികസന പദ്ധതികൾക്കും സർക്കാർ കൂടുതൽ പണം നീക്കിവച്ച സാഹചര്യത്തിൽ വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഏകോപനത്തിലൂടെ പദ്ധതി നടത്തിപ്പു മെച്ചപ്പെടുത്തണമെന്ന് ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിൽ പറയുന്നു. വികസന പദ്ധതികൾ വൈകാതിരിക്കാനും ചുരുങ്ങിയ സമയം കൊണ്ടു നടപ്പാക്കാനും നിലവിലുള്ള സംവിധാനം ശക്തമാക്കണം. ഇതു സംബന്ധിച്ചു സർക്കാർ നേരത്തെ മറ്റൊരു ഉത്തരവ് ഇറക്കിയിരുന്നു.

English Summary : Contract Appointments at various government departments for 2.14 crore yearly income

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com