ADVERTISEMENT

ന്യൂഡൽഹി ∙ രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷ കക്ഷികളുടെ പൊതു സ്ഥാനാർഥിയാകാനുള്ള തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ ‘ഓഫർ’ നിരസിച്ച് എൻസിപി തലവൻ ശരദ് പവാർ. സജീവ രാഷ്ട്രീയത്തിൽ തുടരാനുള്ള ആഗ്രഹം തുറന്നുപറഞ്ഞാണ് മമതയുടെ അഭ്യർഥന പവാർ തള്ളിയത്. ന്യൂഡൽഹിയിലെ പവാറിന്റെ വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഷ്ട്രപതി സ്ഥാനാർഥിയാകണമെന്ന് മമത പവാറിനോട് അഭ്യർഥിച്ചത്. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് പവാർ മുൻപും വ്യക്തമാക്കിയിരുന്നെങ്കിലും, മമതയുടെ ഇടപെടൽ അദ്ദേഹത്തിന്റെ മനസ്സു മാറ്റിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

രാഷ്ട്രപതി തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി ഇതര പാർട്ടികളെ ഒന്നിച്ച് അണിനിരത്തുന്നതിനായി മമത ബാനർജി ചൊവ്വാഴ്ചയാണ് ഡൽഹിയിലെത്തിയത്. ജൂലൈ 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ജൂലൈ 21ന് ഫലം പ്രഖ്യാപിക്കും.

പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർഥിയാകാനുള്ള ക്ഷണം ശരദ് പവാർ നിരസിച്ചെങ്കിലും, രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച വിളിച്ചുചേർക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ അദ്ദേഹത്തിന്റെ പേരു തന്നെ മമത മുന്നോട്ടുവയ്ക്കുമെന്നാണ് വിവരം. ജൂൺ പതിനഞ്ചിന് ഡൽഹിയിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർഥിച്ച് മമതാ ബാനർജി കഴിഞ്ഞയാഴ്ച 22 പ്രമുഖ നേതാക്കൾക്ക് കത്തെഴുതിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എഎപി നേതാവ് അരവിന്ദ് കേജ്‌രിവാൾ, സിപിഎം ജനറൽ സെക്രട്ടറി സിതാറാം യച്ചൂരി തുടങ്ങിയവർക്കെല്ലാം കത്തു ലഭിച്ചിട്ടുണ്ട്.

മമത ബാനർജി വിളിക്കുന്ന യോഗത്തിൽ കോൺഗ്രസ് പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച ചേരുന്ന യോഗത്തിൽ മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖർഗെ, ജയ്റാം രമേശ്, രൺദീപ് സിങ് സുർജേവാല എന്നിവരാണ് പങ്കെടുക്കുന്നത്. ശരദ് പവാറും യോഗത്തിനെത്തും.

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിന് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. 2017 ലെ തിരഞ്ഞെടുപ്പിൽ കെ.ചന്ദ്രശേഖര റാവുവിന്റെ െതലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്), ജഗൻ മോഹൻ റെഡ്ഡിയുടെ ൈവഎസ്ആർ കോൺഗ്രസ്, നവീൻ പട്നായിക്കിന്റെ ബിജെഡി എന്നീ പാർട്ടികളുടെ പിന്തുണ ബിജെപിക്കായിരുന്നു. ഇത്തവണ ചന്ദ്രശേഖര റാവു ഉൾപ്പെടെയുള്ളവർ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ശ്രമം നടത്തുന്നത്  ബിജെപിക്ക് തിരിച്ചടിയായേക്കും.

English Summary: Sharad Pawar pulls out of the presidential race, rejects Mamata Banerjee's offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com