ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ ഷൂട്ടിങ് താരം സുഖ്മാൻപ്രീത് സിങ് എന്ന സിപ്പി സിദ്ദു (35) വെടിയേറ്റു കൊല്ലപ്പെട്ട കേസിൽ ഹിമാചൽപ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് സബീന സിങ്ങിന്റെ മകൾ കല്യാണി സി‌ങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തതോടെ വിരാമമാകുന്നത് ഏഴു വർഷത്തോളം നീണ്ട അനിശ്ചിതത്വങ്ങൾക്കാണ്. ഹൈക്കോടതി ജഡ്ജിയുടെ കൊച്ചുമകനായിരുന്ന സിപ്പി സിദ്ദുവിന്റെ കൊലപാതത്തിൽ ആറു വർഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിൽ പ്രതിയിലേക്ക് എത്തിയതിന്റെ ആശ്വാസം രാജ്യത്തെ സുപ്രധാന അന്വേഷണ ഏജൻസിയായ സിബിഐയ്ക്കും.

പ്രണയബന്ധം തകർന്നതിന്റെ പകയാണ് കൊലപാതകത്തിനു കാരണമെന്നാണ് സിബിഐയുടെ കണ്ടെത്തൽ. 7 വർഷം മുൻപത്തെ കൊലപാതകക്കേസിൽ സിബിഐ ഓഫിസിൽ വിളിച്ചുവരുത്തിയാണ് കല്യാണിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ 4 ദിവസത്തേക്കു സിബിഐ കസ്റ്റഡിയിൽ വിട്ടു. ഈ കേസിലെ ആദ്യ അറസ്റ്റാണിത്. സിബിഐ 10 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി അത് നാലു ദിവസമാക്കി ചുരുക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനും കൊലയ്ക്ക് ഉപയോഗിച്ച ആയുധവും വാഹനങ്ങളും കണ്ടെത്താനും കല്യാണിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് സിബിഐയുടെ നിലപാട്.

പഞ്ചാബ്–ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ്.എസ്.സിദ്ദുവിന്റെ കൊച്ചുമകൻ സുഖ്മാൻപ്രീത് സിങ് എന്ന സിപ്പി സിദ്ദു 2015 സെപ്റ്റംബർ 20ന് ആണ് കൊല്ലപ്പെട്ടത്. പിറ്റേന്ന് ചണ്ഡിഗഡിലെ ഒരു പാർക്കിൽ 5 വെടിയുണ്ടകളേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി. സിദ്ദുവിനെ വെടിവച്ചുകൊന്ന ആൾക്കൊപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നു എന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കണ്ടെത്തിയെങ്കിലും കൂടുതൽ തെളിവുകൾ ലഭിച്ചിരുന്നില്ല. നീണ്ട അന്വേഷണത്തിനൊടുവിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതോടെയാണ് കല്യാണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

sippy-cbi-ad
കൊല്ലപ്പെട്ട സിപ്പി സിദ്ദു, കൊലപാതകികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് സിബിഐ നൽകിയ പരസ്യമാണ് രണ്ടാമത്.

ദേശീയ ഷൂട്ടിങ് താരമായിരുന്ന സിപ്പി സിദ്ദു, ഒളിംപിക് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയ്‌ക്കൊപ്പം 2001ൽ പഞ്ചാബ് ദേശീയ ഗെയിംസിൽ ടീം ഇനത്തിൽ സ്വർണം നേടിയിട്ടുണ്ട്. 15 വർഷത്തോളം ഷൂട്ടിങ് മത്സരങ്ങളിൽ സജീവമായിരുന്ന സിപ്പി, ഇന്ത്യൻ പാരാലിംപിക് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.

സിപ്പി സിദ്ദുവും കല്യാണി സിങ്ങും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. സിദ്ദുവിനെ വിവാഹം ചെയ്യാൻ കല്യാണി ആഗ്രഹിച്ചിരുന്നു. എന്നാൽ, കല്യാണിയുമായുള്ള ബന്ധത്തെ സിദ്ദുവിന്റെ മാതാപിതാക്കൾ എതിർത്തു. അങ്ങനെയാണ് ബന്ധത്തിൽ ഉലച്ചിലുണ്ടായത്. ഇതോടെ കല്യാണിക്ക് സിദ്ദുവിനോടു പകയായി. പിന്നീട് കല്യാണിയുടെ ചില സ്വകാര്യ ചിത്രങ്ങൾ സിദ്ദു അവളുടെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തത് കല്യാണിയുടെ പക വർധിപ്പിച്ചു.

കല്യാണിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ, കേസുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ സിബിഐ പങ്കുവച്ചിട്ടുണ്ട്. സിദ്ദു കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുൻപ്, അതായത് 2015 സെപ്റ്റംബർ 18ന് മറ്റു ചിലരുടെ മൊബൈൽ ഫോണുകൾ വഴി സിദ്ദുവിനെ ബന്ധപ്പെട്ട കല്യാണി, ചണ്ഡിഗഡിലെ സെക്ടർ 27ലുള്ള ഒരു പാർക്കിൽ വച്ച് കൂടിക്കാഴ്ച നടത്താൻ നിർബന്ധിച്ചതായി സിബിഐ കണ്ടെത്തി. ഇതനുസരിച്ച് സെബ്റ്റംബർ 18നും 20നും ഇടയിൽ ഇരുവരും പാർക്കിൽവച്ച് കണ്ടു.

സിദ്ദു കൊല്ലപ്പെട്ട സംപ്റ്റംബർ 20ന് വൈകുന്നേരം അദ്ദേഹത്തിനൊപ്പം കല്യാണിയും ഉണ്ടായിരുന്നതിനു തെളിവുണ്ടെന്ന് സിബിഐ വ്യക്തമാക്കുന്നു. അജ്ഞാതനായ അക്രമിയും കല്യാണി സിങ്ങും ചേർന്ന് സിപ്പി സിദ്ദുവിനെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് തുടരന്വേഷണത്തിൽ തെളിഞ്ഞതായും സിബിഐ വിശദീകരിക്കുന്നു. സിദ്ദുവിനെതിരെ വെടിയുതിർത്ത ശേഷം ഇരുവരും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

ചണ്ഡിഗഡ് ഭരണച്ചുമതലയുള്ള പ‍ഞ്ചാബ് ഗവർണറുടെ ഉത്തരവു പ്രകാരം 2016 ഏപ്രിൽ 13 നു സിബിഐ കേസ് ഏറ്റെടുത്തു. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സിദ്ദുവിനെ വെടിവച്ച അക്രമിക്കൊപ്പം ഒരു യുവതി കൂടി ഉണ്ടായിരുന്നതായി വ്യക്തമായതു മുതൽ കല്യാണി സിങ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിലുണ്ടായിരുന്നു. അതേസമയം, കല്യാണിക്കെതിരെ ശക്തമായ തെളിവുകളുടെ അഭാവം അന്വേഷണത്തിന് തിരിച്ചടിയായി. തുടർന്ന് 2020ൽ കല്യാണിക്കെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ തക്ക തെളിവുകളില്ലെന്നു റിപ്പോർട്ട് നൽകിയ സിബിഐ, അവരെ സംശയിക്കാനുള്ള കാരണങ്ങൾ സുദൃഢമായതിനാൽ അന്വേഷണം തുടരാൻ അനുമതി തേടി.

ഇതിനിടെ, സിബിഐ നൽകിയ ഒരു പത്രപ്പരസ്യവും ശ്രദ്ധ നേടിയിരുന്നു. ‘സിപ്പിയുടെ കൊലപാതക സമയത്ത് ഒരു സ്ത്രീ കൊലപാതകിക്കൊപ്പം ഉണ്ടായിരുന്നതായി വിശ്വസനീയമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. മേൽപ്പറയുന്ന സ്ത്രീക്ക് കൊലപാതകത്തിൽ പങ്കില്ലെങ്കിൽ അക്കാര്യം അറിയിച്ച് ഞങ്ങളെ ബന്ധപ്പെടുക. ഇല്ലെങ്കിൽ അവർക്ക് ഈ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കേണ്ടി വരും’ – ഇതായിരുന്ന പരസ്യത്തിന്റെ സത്ത.

അന്വേഷണം അനിശ്ചിതമായി നീണ്ടതോടെ, കൊലപാതകിയെക്കുറിച്ച് വിവരം നൽകുന്നവർക്കുള്ള പ്രതിഫലം 2021ൽ സിബിഐ 10 ലക്ഷം രൂപയാക്കി ഉയർത്തി. കേസുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ നടന്ന വിചാരണയിൽ, റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐ ഒരു മാസത്തെ സാവകാശം തേടിയിരുന്നു.

English Summary: Judge's Daughter Arrested: Relationship Ended In Murder, CBI Tells Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com