ADVERTISEMENT

ന്യൂ‍ഡൽഹി∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ വിമാനക്കമ്പനി ഇൻഡിഗോ അന്വേഷണത്തിന് ഉത്തരവിട്ടു. റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതിയാണ് അന്വേഷണം നടത്തുക. എയര്‍ലൈന്‍ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടാകും. യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത് മുഖ്യമന്ത്രി വിമാനത്തിലുള്ളപ്പോഴെന്നായിരുന്നു ഇന്‍ഡിഗോയുടെ പ്രാഥമിക റിപ്പോര്‍ട്ട്. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പേര് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇന്‍ഡിഗോ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പരാതി നല്‍കിയിരുന്നു. റിപ്പോര്‍ട്ട് തയാറാക്കിയ തിരുവനന്തപുരം മാനേജര്‍ക്ക് സിപിഎം ബന്ധമെന്നും പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവിക്ക് വി.ഡി.സതീശന്‍ പരാതി നൽകിയത്. എന്നാൽ, പണിയില്ലാത്തവര്‍ തനിക്കെതിരെ പരാതി നല്‍കട്ടേയെന്നായിരുന്നു ഇതിനോട് ഇ.പി.ജയരാജന്റെ പ്രതികരണം. വിഷയത്തിൽ ഇടപെടുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും പ്രതികരിച്ചിരുന്നു.

ജൂൺ 13നാണ് സംഭവമുണ്ടായത്. മുഖ്യമന്ത്രി കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവർ ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധിക്കുകയായിരുന്നു. ഇവരെ ഇ.പി.ജയരാജൻ സീറ്റുകൾക്കിടയിലേക്കു തള്ളിയിട്ടു. മുഖ്യമന്ത്രിയുടെ പിഎയുടെയും ഗൺമാന്റെയും പരാതിയിൽ മജീദിനെയും നവീൻ കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

English Summary: IndiGo orders probe on Protest Inside Flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com