ADVERTISEMENT

തിരുവനന്തപുരം ∙ ലോക കേരള സഭയില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെ വിമര്‍ശിച്ച് വ്യവസായി എം.എ.യൂസഫലി. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണു പ്രവാസികള്‍ എത്തിയത്. താമസ സൗകര്യവും ഭക്ഷണവും നല്‍കിയതാണോ ധൂർത്ത്? നേതാക്കള്‍ വിദേശത്തെത്തുമ്പോള്‍ പ്രവാസികള്‍ താമസവും വാഹനവും നല്‍കുന്നില്ലേ? പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുതെന്നും യൂസഫലി പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം ദിവസത്തെ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യൂസഫലിയുടെ പ്രസംഗത്തിൽനിന്ന്:

ലോകത്ത് എന്തു പ്രശ്നങ്ങൾ സംഭവിച്ചാലും ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് പ്രവാസികളാണ്. യുദ്ധമുണ്ടായാലും കോവിഡ് വന്നാലും രാജ്യങ്ങൾ തമ്മിൽ സംഘർഷമുണ്ടായാലും ബുദ്ധിമുട്ട് നേരിടുന്നതു പ്രവാസികളാണ്. എല്ലാ പ്രശ്നങ്ങളുടെയും തിക്തഫലങ്ങൾ അനുഭവിക്കേണ്ടതു നമ്മളാണ്. ഇതെല്ലാം നേരിട്ട് എന്തെങ്കിലും സമ്പാദിച്ച് ഇവിടെ കേരളത്തിൽ കൊണ്ടുവന്നു നിക്ഷേപം നടത്തുമ്പോൾ പല പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു.

നിക്ഷേപം നടത്തുന്നതിനു നമുക്ക് സുരക്ഷിതത്വം കുറവാണ്. രാജ്യങ്ങൾ തമ്മിലുള്ള നിക്ഷേപങ്ങൾക്കു സുരക്ഷാ കരാറുകളുണ്ട്. ഇന്ത്യയും യുഎഇയും തമ്മിൽ ഇങ്ങനെ കരാറുള്ളത് ഉദാഹരണമാണ്. എന്നാൽ വളരെ കഷ്ടപ്പെട്ട്, മുപ്പതോ നാൽപ്പതോ കൊല്ലക്കാലം ഗൾഫിലും മറ്റു രാജ്യങ്ങളിലും ജീവിച്ച്, ഇവിടെ നിയമപ്രകാരമുള്ള അനുമതികളോടെ എന്തെങ്കിലും കെട്ടിപ്പൊക്കി കഴിയുമ്പോഴാണു സ്റ്റോപ് മെമ്മോ വരുന്നത്. ഒരുപാടാളുകൾക്ക് അനുഭവമുള്ള കാര്യമാണിത്.

ലോക കേരള സഭയുടെ മൂന്നാം സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം : മനോജ് ചേമഞ്ചേരി ∙ മനോരമ
ലോക കേരള സഭ ഉദ്ഘാടനം ചെയ്യുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ഇതിനർഥം, നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം നിക്ഷേപിക്കുമ്പോൾ ഇവിടെ ഇൻവെസ്റ്റ്‌മെന്റ് പ്രൊട്ടക്‌ഷൻ ഇല്ലെന്നതാണു സത്യം. പ്രയാസപ്പെട്ടുണ്ടാക്കിയ പണം നിക്ഷേപിക്കുമ്പോൾ നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ട് വിഷമിക്കുകയാണ്. ഇതിൽ ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവർ നിയമമാണു നോക്കുന്നത്. നിയമങ്ങൾ മാറ്റപ്പെട്ട്, ഇൻവെസ്റ്റ്‌മെന്റ് പ്രൊട്ടക്‌ഷൻ കരാർ നമുക്ക് ആവശ്യമാണ്.

പ്രവാസികളോടു വളരെയധികം സ്നേഹവും സാഹോദര്യവും കാണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി ഇതിനുവേണ്ടി വളരെയധികം പരിശ്രമിക്കുകയും അനുമതികളെല്ലാം വേഗത്തിലാക്കാൻ സാഹചര്യമുണ്ടാക്കാമെന്ന് അറിയിക്കുകയും ചെയ്തു. പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ ഇൻവെസ്റ്റ്‌മെന്റ് പ്രൊട്ടക്‌ഷൻ നടപ്പിലാക്കാമെന്നും പറഞ്ഞിട്ടുണ്ട്. ഇതിനായി ചട്ടക്കൂട്ട് തയാറാക്കണമെന്നാണ് എന്റെ അഭിപ്രായം.

Loka Kerala Sabha 2022
ലോക കേരള സഭയിൽ സംസാരിക്കുന്ന മന്ത്രി പി.രാജീവ്. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

വെള്ളിയാഴ്ചത്തെ സമ്മേളനത്തിൽ പ്രതിപക്ഷം  പങ്കെടുത്തിട്ടില്ല. പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വ്യത്യാസം പാടില്ല. ധൂർത്തിനെപ്പറ്റിയാണു പറയുന്നതെങ്കിൽ, സ്വന്തം ചെലവിൽ ടിക്കറ്റെടുത്താണു പ്രവാസികൾ ഇവിടെയെത്തിയത്. അവർക്കു താമസ സൗകര്യം നൽകിയതാണോ ധൂർത്ത്? ഭക്ഷണം തരുന്നതാണോ ധൂർത്ത്? കാലാകാലങ്ങളിൽ വരുന്ന സർക്കാരുകളുമായി സഹകരിക്കുന്നതാണോ ധൂർത്ത്? ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു പെരുപ്പിച്ച് പ്രവാസികളുടെ മനസ്സിനെ ദുഃഖിപ്പിക്കരുത് എന്നുകൂടി ഈയവസരത്തിൽ പറയുകയാണ്.

കെഎംസിസിയുടെ ഭാരവാഹികളെല്ലാം ഇവിടെയുണ്ട്. അവരോടു ഞാൻ ചോദിച്ചു, നിങ്ങളുടെ നേതാക്കൾ ഇവിടെയില്ലല്ലോ എന്ന്. അണികളോടു പങ്കെടുക്കാനാണു നിർദേശമുള്ളത് എന്നായിരുന്നു മറുപടി. അണികളുണ്ടെങ്കിലല്ലേ നേതാക്കളുള്ളൂ എന്നാണ് ഞാൻ പറഞ്ഞത്. ഈ പരിപാടിയിൽ നിങ്ങൾ വ്യത്യാസം കാണിക്കാൻ പാടില്ല. കോൺഗ്രസുമായി ബന്ധപ്പെട്ട സംഘടനകളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അവരുടെ നേതാക്കളുമില്ല. പ്രവാസികളുടെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കണമെന്ന് അഭ്യർഥിക്കുന്നു.

5 മുഖ്യമന്ത്രിമാരുമായി കൊച്ചി വിമാനത്താവള ബോർഡിൽ ഇരുന്നയാളാണു ഞാൻ. കെ.കരുണാകരനാണു കൊച്ചി വിമാനത്താവളത്തിനു തുടക്കമിട്ടത്. പദ്ധതി പൂർത്തിയായപ്പോൾ ഉദ്ഘാടനം ചെയ്തതാകട്ടെ ഇ.കെ.നായനാരാണ്. ബിജെപിയുടെ കേന്ദ്ര വ്യോമയാന മന്ത്രിയാണ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തത്. വികസനത്തിനായും പ്രവാസികൾക്കായും പാർട്ടി ഭേദമില്ലാതെ ഇരുകൂട്ടരും യോജിപ്പോടെ പ്രവർത്തിച്ചതിനാലാണ് ഇതു സാധ്യമായത്. ആ വിമാനത്താവളം കൊണ്ട് ഏറ്റവുമധികം ഗുണം കിട്ടുന്നതും പ്രവാസികൾക്കാണ്. ലണ്ടനിൽനിന്ന് നേരിട്ടു കൊച്ചിയിലേക്ക് ഇപ്പോൾ വിമാനമുണ്ട്. 

അനാവശ്യമായി വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. എല്ലാത്തിനെയും നെഗറ്റീവായി കാണുന്ന ഒരു വിഭാഗം ആളുകളുണ്ട്. മുഖ്യധാര മാധ്യമങ്ങളല്ല ഇതിനു പിന്നിൽ. തെറ്റുമാത്രം കണ്ടുപിടിക്കുന്ന ചില സമൂഹമാധ്യമ ആളുകളുണ്ട്. അവരെന്തൊക്കെയോ എഴുതുകയാണ്. എന്നെപ്പറ്റിയും എഴുതാറുണ്ട്. ഇതൊന്നും വായിക്കാത്തതിനാൽ ഞാൻ ആ ഭാഗത്തേക്കു പോകാറില്ല. ഉള്ളതും ഇല്ലാത്തതും എഴുതുകയാണ്. അവർതന്നെ കഥയിൽനിന്നും കഥകൾ സൃഷ്ടിക്കുന്നു. എന്നിട്ടു മാനസികമായി ഉപദ്രവിക്കാനാണു നോക്കുന്നത്. ഇതിലപ്പുറം കണ്ടതിനാൽ നമുക്കിതിൽ വിഷമമില്ല.

ഇങ്ങനെയുള്ളവരാണ് ലോക കേരള സഭയിൽ ധൂർത്താണ് എന്നും മറ്റും എഴുതുന്നത്. ഇതാണോ ധൂർത്ത്? 4 കോടി രൂപയാണ് ചെലവ് എന്നു പറയുന്നു. ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നവരാരും സംഭാവന നൽകാൻ കഴിവില്ലാത്തവരല്ല. ഒരു സർക്കാർ നമ്മളെ വിളിക്കുന്നു, അന്തസ്സോടെ ഇവിടെ ഇരുത്തുന്നു, മന്ത്രിമാരും വന്നിരിക്കുന്നു, പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നു, എന്തു ചെയ്യാനാകുമെന്നു ചിന്തിക്കുന്നു. അതൊക്കെ നമുക്കു കിട്ടുന്ന വലിയ ബഹുമതികളാണ്.

പല രാജ്യങ്ങളിൽനിന്നുള്ളവർ ഇവിടെ വന്നിട്ടുണ്ട്. ഇവിടെയുള്ളവരിൽ രാഷ്ട്രീയമായി പല രീതിയിൽ വിശ്വസിക്കുന്നവരുണ്ടാകും. പക്ഷേ, പ്രവാസികളുടെ കാര്യത്തിൽ നമ്മൾ യോജിക്കണം. ഒരിക്കൽ ഞാൻ ആഫ്രിക്കയിൽ ചെന്നപ്പോൾ, ഉത്തരേന്ത്യക്കാരനായ വലിയൊരു വ്യാപാരിയുമായി ചായ കുടിച്ചു സംസാരിച്ചു. ‘എന്റെ ശരീരം കെനിയയിലാണ്, എന്റെ ധനം ലണ്ടനിലാണ്, എന്റെ മനസ്സ് ഹിന്ദുസ്ഥാനിൽ ആണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അപ്പോൾ ഞാൻ അദ്ദേഹത്തോടു ഹിന്ദിയിൽത്തന്നെ പറഞ്ഞു: ‘ഞങ്ങളുടെ ശരീരവും ധനവും മനസ്സും എല്ലാം കേരളത്തിലാണ്’. ഇങ്ങനെ ചിന്തിക്കുന്നവരാണു പ്രവാസികൾ.

പ്രവാസികളുടെയും വികസനത്തിന്റെയും കാര്യത്തിൽ എല്ലാവരും ഒത്തൊരുമയോടെ പോകണമെന്നാണ് ഇപ്പോഴും എപ്പോഴും പറയാനുള്ളത്. പ്രതിപക്ഷത്തോടു മാത്രമല്ല, ഭരണപക്ഷത്തോടു ചിലതു പറയാനുണ്ട്. ഏതെങ്കിലും കാലത്തു പ്രതിപക്ഷത്തു വന്നാൽ നിങ്ങളും ഇങ്ങനെ ലോക കേരള സഭ ബഹിഷ്കരിക്കരുത്.

ഇവിടെനിന്നുള്ള നേതാക്കൾ, അവരേതു പാർട്ടിയിൽപ്പെട്ടവരായാലും, അവർക്കു എല്ലാ സൗകര്യവും വിദേശത്തു നമ്മൾ നൽകാറുണ്ട്. അത് അവകാശമായി ഏറ്റെടുത്തിരിക്കുകയാണ്. താമസമായാലും ഭക്ഷണമായാലും അവരെ കൊണ്ടുനടക്കലായാലും കാറായാലും വലിയ സൗകര്യമായാലും അതൊക്കെ ചെയ്യേണ്ടതു ചുമതലയാണു എന്നു കരുതിയാണു ചെയ്യുന്നത്. അതു കുറ്റമല്ല. ഇങ്ങനെയൊക്കെ ചെയ്യുന്ന ഞങ്ങളോട്, ഭക്ഷണം കഴിക്കുന്നു, ധൂർത്താണ് എന്നൊക്കെ പറയുന്നതു കേൾക്കുമ്പോൾ വിഷമമുണ്ട്. അതിനാലാണ് എല്ലാവർക്കുംവേണ്ടി ഞാനിതു തുറന്നു പറയുന്നത്.

ഐടി, വിദ്യാഭ്യാസം, വിനോദസഞ്ചാരം, മാനുഫാക്‌ചറിങ്, ഭക്ഷ്യസംസ്കരണം, ഹെൽത്ത് ടൂറിസം തുടങ്ങിയ മേഖലകളിൽ പ്രവാസി സംരംഭങ്ങൾക്കു വലിയ സാധ്യതയുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഞങ്ങളുമായി നിരന്തരം ബന്ധപ്പെടാറുണ്ട്. വിദേശ ഇന്ത്യക്കാർ ഏതെങ്കിലും പദ്ധതിക്ക് ഭൂമിയെടുത്താലോ മറ്റു നടപടികൾ എടുത്താലോ അപ്പോഴെല്ലാം പ്രശ്നങ്ങൾ വരും. ഈ സാഹചര്യത്തിലാണ്, സ്ഥിരതാമസക്കാരായ ആളുകളെപ്പോലെ വിദേശ ഇന്ത്യക്കാരുടെ നിക്ഷേപങ്ങൾക്കും സമാന നിയമങ്ങൾ ബാധകമാക്കുമെന്ന പുതിയ നിയമം കൊണ്ടുവന്നത്.– യൂസഫലി പറഞ്ഞു.

പോകുന്നത് മുഖ്യമന്ത്രിക്കൊപ്പം

മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഗൾഫ് ഭരണാധികാരികളെ താൻ കാണാൻ പോകുന്നതിനെ വിമർശിക്കുന്നവർ മറ്റു മുഖ്യമന്ത്രിമാർക്ക് ഒപ്പവും താൻ ഇതേ ദൗത്യം നിർവഹിച്ചിട്ടുണ്ടെന്ന് ഓർക്കണമെന്ന് എം.എ.യൂസഫലി. ജനാധിപത്യ മാർഗത്തിലൂടെ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയോടൊപ്പമാണു ഞാൻ‌ പോകുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പവും ഗൾഫ് ഭരണാധികാരികളെ സന്ദർശിച്ചിട്ടുണ്ട്. നമ്മുടെ ബന്ധങ്ങളെ സംസ്ഥാനത്തിനും രാജ്യത്തിനും ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗിക്കാനാണു ശ്രമിക്കുന്നത് – യൂസഫലി വ്യക്തമാക്കി.

English Summary: MA Yusuff Ali speech in Loka Kerala Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com