ADVERTISEMENT

ന്യൂഡൽഹി∙ സാമ്പത്തികപ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്കയിലെ അവസ്ഥ ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേരളത്തിനു നല്‍കിയ മുന്നറിയിപ്പ് ഏറെ ഗൗരവത്തോടെയാണ് സാമ്പത്തികവിദഗ്ധര്‍ നോക്കിക്കാണുന്നത്. അനാവശ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നാണ് കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങള്‍ ആര്‍ബിഐ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കേരളം, പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ കടബാധ്യത കൂടുന്നുവെന്നും സാമ്പത്തികനില കടുത്ത പ്രതിസന്ധിയിലാണെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

നികുതി വരുമാനം കുറയുന്നതും ചെലവുകള്‍ കൂടുന്നതും സബ്‌സഡി ബാധ്യത വര്‍ധിക്കുന്നതും കൂടുതല്‍ കടക്കെണിയിലേക്കു സംസ്ഥാനങ്ങളെ നയിക്കുമെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു. പണമില്ലാത്തതില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ വരെ മൂന്നു മാസത്തേക്കു നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരത്തുക 5,693 കോടി രൂപ കേന്ദ്രം അനുവദിച്ചതു കൊണ്ടാണ് ഈ മാസം ശമ്പളവും പെന്‍ഷനും ക്ഷേമപെന്‍ഷനും തടസം കൂടാതെ വിതരണം ചെയ്യാന്‍ സര്‍ക്കാരിനു കഴിഞ്ഞത്. കേന്ദ്രസര്‍ക്കാരുമായുള്ള നീണ്ട തര്‍ക്കത്തിനൊടുവില്‍ കഴിഞ്ഞ മാസം അവസാനമാണ് സംസ്ഥാന സര്‍ക്കാര്‍ 1,500 കോടി രൂപ കടമെടുത്തത്. 

റിസര്‍വ് ബാങ്കിന്റെ ഇ-കുബേര്‍ പോര്‍ട്ടല്‍ വഴി നടന്ന ലേലത്തില്‍ 7.85 ശതമാനം പലിശയ്ക്കാണു കടമെടുത്തിരിക്കുന്നത്. 12 വര്‍ഷം കൊണ്ടാണ് ഈ തുക തിരിച്ചടയ്‌ക്കേണ്ടത്. മുന്‍പ് ശരാശരി 6.5 ശതമാനത്തിനു ലഭിച്ചിരുന്ന വികസന വായ്പ, റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് 7.5% കടന്നത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടുകൂടി കേരളത്തിന്റെ കടം 3.36 ലക്ഷം കോടിയാകും. ഇത് മുതലിന്റെ കണക്കു മാത്രമാണ്, പലിശ വേറെയും. ഈ കടവും സംസ്ഥാനത്തിന്റെ ജിഡിപിയും തമ്മിലുള്ള അനുപാതം ഒട്ടും ആശ്വാസകരമല്ല.

1248-reserve-bank-of-india
മുംബൈയിലെ ആർബിഐ ആസ്ഥാനത്തിനു മുൻപിൽ നിന്നുള്ള ദൃശ്യം(Photo by Punit PARANJPE / AFP)

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ചു സംസ്ഥാനം വിപണിയില്‍നിന്ന് 'സ്റ്റേറ്റ് ഡവലപ്‌മെന്റ് ലോണു'കളായി മാത്രം 1.87 ലക്ഷം കോടി (1,86,658 കോടി) കടമെടുത്തിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ മൊത്തം അടച്ചുതീര്‍ക്കാനുള്ള കടത്തിന്റെ 55 ശതമാനം വരും. ഇങ്ങനെ കടം പെരുകുമ്പോള്‍, പെട്രോള്‍, ഡീസല്‍ വില്‍പനയിലൂടെ കിട്ടുന്ന നികുതി, മദ്യക്കച്ചവടം, ലോട്ടറി ബിസിനസ്, പിന്നെ ഭൂമിയുടെയും മറ്റും റജിസ്‌ട്രേഷനില്‍നിന്ന് കിട്ടുന്ന വരുമാനം എന്നിവ മാത്രമാണ് സംസ്ഥാനത്തിന്റെ വരുമാന മാര്‍ഗം.

ആർബിഐ ഡപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്രയുടെ നിർദേശപ്രകാരം അത്രി മുഖർജി, സമീർ രഞ്ജൻ ബെഹ്റ, സോമനാഥ് ശർമ, ബിചിത്രനന്ദ സേത്ത്, രാഹുൽ അഗർവാൾ, രചിത് സോളങ്കി, ആയുഷി ഖാണ്ഡേൽവാൾ എന്നിവരടങ്ങിയ സാമ്പത്തിക വിദ‌ഗ്ധരുടെ സംഘമാണ് റിപ്പോർട്ട് തയാറാക്കിയത്. കടബാധ്യതയുള്ള സംസ്ഥാനങ്ങള്‍ ചെലവ് ചുരുക്കി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ആര്‍ബിഐ ലേഖനത്തിൽ പറയുന്നു. കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക്, മൊത്തം  കടത്തിന്റെ വളര്‍ച്ച കഴിഞ്ഞ അഞ്ച് വര്‍ഷമായി അവരുടെ മൊത്ത ആഭ്യന്തര ഉൽപാദന(ജിഎസ്ഡിപി) വളര്‍ച്ചയെ മറികടന്നിരിക്കുകയാണെന്നു ആർബിഐ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 

1248-indian-rupee
പ്രതീകാത്മക ചിത്രം (Photo by INDRANIL MUKHERJEE / AFP)

സ്വന്തമായുള്ള നികുതി വരുമാനത്തിലെ കുറവ്, പഴയ പെൻഷൻ പദ്ധതികൾ പുനരാരംഭിച്ചത്, വര്‍ധിച്ചുവരുന്ന സബ്‌സിഡി ഭാരങ്ങള്‍ , ആകസ്മികമായുള്ള ബാധ്യതകളുടെ വർധന തുടങ്ങിയവയാണ് സംസ്ഥാനങ്ങളെ കൂടുതൽ കടത്തിലേക്കു തള്ളിയിടുന്നത്. ഇത്തരം പദ്ധതികളിൽ തന്ത്രപരമായ തിരുത്തൽ നടപടികൾ ആവശ്യമാണെന്നും ലേഖനത്തിൽ പറയുന്നു. തിരുത്തൽ നടപടിയായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ അവരുടെ റവന്യൂ ചെലവ് കുറച്ചുകൊണ്ടുവരണമെന്നാണ് പ്രധാന നിർദേശം. കേരളത്തിൽ റവന്യൂ ചെലവ് വളരെ കൂടുതലാണ്, മൂലധനച്ചെലവ് കുറവും. ഇത് വരുമാനവളർച്ച കുറയാനും പലിശയിനത്തിലുള്ള ചെലവ് കൂടുന്നതിനും കാരണമാകും. അനാവശ്യ ചെലവുകൾ ബന്ധപ്പെട്ട സംസ്ഥാനങ്ങൾ നിയന്ത്രിക്കണമെന്നും പൊതുകടം സന്തുലിതമായി നിലനിർത്താനുള്ള ആത്മാർഥമായ ശ്രമം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. 

English Summary: Kerala among 5 states with unsustainable debt stock;Will Lankan curse befall Kerala? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com