ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ, പാർട്ടി ഓഫിസിൽ സുരക്ഷാ ഗാർഡുകളായി ‘അഗ്നിവീറു’കളെ നിയമിക്കുന്നതിനു മുൻഗണന നൽകുമെന്ന വിവാദ പരാമർശവുമായി മുതിർന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയ. അച്ചടക്കവും ഉത്തരവുകൾ പാലിക്കലും സേനയുടെ പ്രധാന ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, അഗ്നിവീറുകളെ പാർട്ടി ഓഫിസുകളിൽ സുരക്ഷാ ഗാർഡുകളായി നിയമിക്കുമെന്ന ബിജെപി നേതാവിന്റെ പ്രസ്താവനയെ വിമർശിച്ച് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ രംഗത്തെത്തി.

നേരത്തെ, അഗ്‌നിവീറുകൾ നാലു വർഷത്തെ സേവനത്തിനുശേഷം എന്തു ചെയ്യുമെന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അവരെ ബിജെപി ഓഫിസുകളിൽ സുരക്ഷാ ജോലിക്ക് നിയോഗിക്കുന്നതിനു മുൻഗണന നൽകുമെന്ന് കൈലാഷ് വിജയ് വർഗിയ വ്യക്തമാക്കിയത്.

‘‘അഗ്നിവീർ 21-ാം വയസ്സിൽ സേനയിൽ ചേരുന്നു എന്ന് കരുതുക. സേനയിൽ നിന്ന് പുറത്തുവരുമ്പോൾ അയാൾക്ക് 25 വയസ് തികയും. അപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ 11 ലക്ഷം രൂപയും ഉണ്ടാകും. ഒപ്പം നെഞ്ചിൽ അഭിമാനത്തിന്റെ ‘അഗ്നിവീർ’ മെഡലും. ഇവിടെയുള്ള ബിജെപി ഓഫിസിന്റെ സുരക്ഷയ്ക്കായി ആരെയെങ്കിലും നിയമിക്കേണ്ടിവന്നാൽ, ഞാൻ മുൻഗണന നൽകുക അഗ്നിവീറിനായിരിക്കും’– അദ്ദേഹം പറഞ്ഞു.

വിജയ് വർഗിയയുടെ പ്രസ്താവനയ്ക്കു പിന്നാലെ വിമർശനങ്ങളും ഉയർന്നു. ‘നമ്മുടെ സേന അഗ്നിവീരന്മാരെ സുരക്ഷാ ഗാർഡുകളാകാൻ പരിശീലിപ്പിക്കും’ എന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി പരിഹസിച്ചു. അഗ്നിവീരന്മാരെ ബിജെപി കാണുന്നത് കൂലിക്ക് വാങ്ങുന്ന ചൗക്കിദാർമാരായി മാത്രമാണെന്നത് വ്യക്തമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു. ബിജെപി നേതാവു കൂടിയായ വരുൺ ഗാന്ധിയും തന്റെ സഹപ്രവർത്തകന്റെ പരാമർശത്തെ തള്ളിപ്പറഞ്ഞു. ഇതിനു പിന്നാലെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും വിമർശനവുമായി രംഗത്തെത്തിയത്.

‘‘രാജ്യത്തെ യുവജനങ്ങളെയും സൈനികരെയും ഇങ്ങനെ അപമാനിക്കരുത്. ജീവിതകാലം മുഴുവൻ രാജ്യത്തെ സംരക്ഷിക്കാനുള്ള അതിയായ ആഗ്രഹം നിമിത്തം സൈന്യത്തിൽ ചേരുന്നതിനായി എഴുത്തുപരീക്ഷകൾക്കായും കായികക്ഷമതാ പരീക്ഷകൾക്കായും കഠിനാധ്വാനം ചെയ്യുന്നവരാണ് നമ്മുടെ യുവജനങ്ങൾ. അല്ലാതെ ബിജെപി ഓഫിസുകൾക്ക് സംരക്ഷണം നൽകാനല്ല അവരുടെ ഈ അധ്വാനം’ – കേജ്‍രിവാൾ പറഞ്ഞു.

എന്നാൽ തന്റെ പരാമർശം വളച്ചൊടിച്ചെന്ന് വിജയ് വർഗിയ ആരോപിച്ചു. ‘ടൂൾകിറ്റു’മായി ബന്ധപ്പെട്ട ആളുകൾ തന്റെ പ്രസ്താവന വളച്ചൊടിച്ച് അഗ്നിവീറുകളെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

English Summary: Will appoint 'Agniveers' as 'security guards' at BJP offices: Kailash Vijayvargiya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com