തൊണ്ടിസ്വർണം മോഷ്ടിച്ചു; മുൻ സീനിയ‍ര്‍ സൂപ്രണ്ട് പിടിയിൽ, കവർന്നത് 105 പവൻ

Thiruvananthapuram RDO Court
തിരുവനന്തപുരം ജില്ലാ കലക്ടറേറ്റ് ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ റവന്യു ഡിവിഷനൽ ഓഫിസ്. ഇതിനുള്ളിലെ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ സ്വർണാഭരണങ്ങളാണു കാണാതായത്.
SHARE

തിരുവനന്തപുരം ∙ ആ‍ര്‍ഡിഒ കോടതിയിലെ തൊണ്ടിസ്വർണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. മുൻ സീനിയ‍ര്‍ സൂപ്രണ്ട് ശ്രീകണ്ഠൻ നായരെയാണ് പേരൂ‍ര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് തൊണ്ടിസ്വർണം മോഷ്ടിച്ചതെന്നാണ് പ്രതി പൊലീസിനു നൽകിയ മൊഴി. തിങ്കളാഴ്ച പുല‍ര്‍ച്ചെയാണു പേരൂര്‍ക്കടയിലെ വീട്ടിൽനിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. 105 പവൻ സ്വർണവും 140 ഗ്രാം വെള്ളിയും 48,000 രൂപയുമാണു കാണാതായത്.

തൊണ്ടിമുതലുകളുടെ ചുമതലയുള്ള സീനിയ‍ര്‍ സൂപ്രണ്ടായി ഒരു വര്‍ഷത്തോളം ശ്രീകണ്ഠൻ നായ‍ര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലയളവിലായിരുന്നു മോഷണം. 2020 മാര്‍ച്ചിലാണ് ഈ പദവിയിലേക്ക് എത്തിയത്. ഈ വർഷം വിരമിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽതന്നെ ഇയാളെ പൊലീസ് സംശയിച്ചിരുന്നു. വിശദമായ അന്വേഷണത്തിൽ, ചില സ്വകാര്യ സ്ഥാപനങ്ങളിൽ ഇയാൾ വലിയ അളവിൽ സ്വർ‌ണം പണയം വച്ചെന്നും ചിലയിടത്തു സ്വ‍ർണം നേരിട്ടു വിറ്റെന്നും കണ്ടെത്തി.

കുടപ്പനകുന്ന് സിവിൽ സ്റ്റേഷനിലെ റവന്യൂ ഡിവിഷനൽ ഓഫിസിൽ പ്രവർത്തിക്കുന്ന കോടതിയില്‍നിന്നാണു സ്വർണം കാണാതായത്. തുടർന്ന്, സബ് കലക്ടർ മാധവിക്കുട്ടി സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. വകുപ്പു തലത്തിൽ നടത്തിയ അന്വേഷണത്തിലും ഈ ഉദ്യോഗസ്ഥനാണ് സ്വർണം മോഷ്ടിച്ചതെന്നു കണ്ടെത്തിയിരുന്നു. നടപടി ആവശ്യപ്പെട്ട് സബ് കലക്ടർ മാധവിക്കുട്ടി സർക്കാരിനു റിപ്പോർട്ടും നൽകി.

പ്രതീകാത്മക ചിത്രം

2010 മുതൽ ആർഡിഒ കോടതിയിലെ ലോക്കറിന്റെ ചുമതലക്കാരായ ഉദ്യോഗസ്ഥരെയും പിന്നീട് 2019 മുതൽ ചുമതല വഹിച്ച ഉന്നത ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സീനിയർ സൂപ്രണ്ടിലേക്കെത്തിയത്. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ശരിവച്ച പൊലീസ്, ഉദ്യോഗസ്ഥനെ നിരീക്ഷണത്തിലാക്കി. 2021 ഫെബ്രുവരിയിൽ തൊണ്ടിമുതലുകൾ സുരക്ഷിതമാണെന്ന് എജിയുടെ ഓഡിറ്റ് റിപ്പോർട്ട് ഉണ്ടായിരുന്നു. അതിനുശേഷമാണ് ഇയാൾ ഘട്ടംഘട്ടമായി സ്വർണം മോഷ്ടിച്ചതെന്നു പൊലീസ് പറയുന്നു. 

ആത്മഹത്യപോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഇന്‍ക്വസ്റ്റ് നടത്തിയശേഷം സ്വർണം പൊലീസ് ആർഡിഒ കോടതിക്കാണു കൈമാറുന്നത്. മരിച്ചവരുടെ ആഭരണങ്ങൾ തിരികെ ലഭിക്കാൻ അവകാശികൾ രേഖാമൂലം ആർഡിഒയ്ക്കു അപേക്ഷ നൽ‌കുമ്പോള്‍ അർഹത പരിശോധിച്ച് ഉത്തരവിലൂടെ അത് മടക്കി നൽകും. മുരുക്കുംപുഴ സ്വദേശിയുടെ ആഭരണങ്ങൾ തിരികെ ലഭിക്കാൻ കുടുംബാംഗങ്ങൾ‌ അപേക്ഷ നൽകിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കാണാതായ വിവരം മനസ്സിലാകുന്നത്.

gold-bangle
പ്രതീകാത്മക ചിത്രം

ആർഡിഒ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു നടത്തിയ പരിശോധനയിൽ 2010 മുതൽ 2019 വരെയുള്ള തൊണ്ടിമുതലുകൾ നഷ്ടപ്പെട്ടതായി മനസ്സിലായി. ലോക്കർ തകർത്തിരുന്നില്ല. സ്വർണം സൂക്ഷിച്ച ചെസ്റ്റിന് ആകെ ഒരു താക്കോൽ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് സീനിയർ സൂപ്രണ്ടാണ് സൂക്ഷിക്കേണ്ടിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

English Summary: Accused arrest in RDO court gold missing case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS