ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിപക്ഷത്തിന്റെ പൊതു രാഷ്ട്രപതി സ്ഥാനാർഥിയാകാനുള്ള ക്ഷണം നിരസിച്ച് ഗോപാൽകൃഷ്ണ ഗാന്ധി. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയെ തിരഞ്ഞെടുക്കുമ്പോൾ ദേശീയ തലത്തിൽ അഭിപ്രായ ഐക്യം പ്രധാനപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഗോപാൽകൃഷ്ണ ഗാന്ധി ക്ഷണം നിരസിച്ചത്.

എൻസിപി അധ്യക്ഷൻ ശരദ് പവാർ, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവർക്കു പിന്നാലെയാണ് ഗോപാൽകൃഷ്ണ ഗാന്ധിയും പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയാകാനുള്ള ക്ഷണം നിരസിക്കുന്നത്.

‘പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയെ സംബന്ധിച്ച് ദേശീയ തലത്തിൽ അഭിപ്രായ സമന്വയം പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തിൽ എന്നേക്കാൾ സ്വീകാര്യരായ ഒട്ടേറെപ്പേരുണ്ട്’ – പ്രതിപക്ഷത്തിന്റെ ക്ഷണം നിരസിച്ച് ഗോപാൽകൃഷ്ണ ഗാന്ധി പ്രതികരിച്ചു. പൊതുസമ്മതനെങ്കിൽ പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയാകാമെന്ന് ഗോപാൽകൃഷ്ണ വ്യക്തമാക്കിയതായി നേരത്തേ സൂചനയുണ്ടായിരുന്നു.

രാഷ്ട്രപതി തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഐക്യം ഉറപ്പാക്കാൻ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച പ്രത്യേക യോഗം ചേർന്നിരുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാർട്ടികൾ ഇതിൽ സംബന്ധിച്ചു. എന്നാൽ, യോഗത്തിലേക്ക് ക്ഷണിച്ചതിൽ 6 പാർട്ടികൾ വിട്ടുനിന്നു. ഈ പാർട്ടികളെയും ചൊവ്വാഴ്ച നടക്കാനിരിക്കുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുപ്പിക്കാൻ ഊർജിത ശ്രമമുണ്ട്.

സ്ഥാനാർഥികളാകാൻ പരിഗണിക്കുന്നവരെല്ലാം പിൻമാറുന്നത് പൊതു സ്ഥാനാർഥിയെ നിർത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമത്തിന് തിരിച്ചടിയാണ്. 2017ലും രാഷ്ട്രപതി സ്ഥാനാർഥിയാകാൻ പ്രതിപക്ഷത്തിന്റെ ആദ്യ പരിഗണന ഗോപാൽകൃഷ്ണ ഗാന്ധിക്കായിരുന്നു. ബിജെപി റാം നാഥ് കോവിന്ദിനെ പ്രഖ്യാപിച്ചതോടെയാണ് പട്ടിക വിഭാഗത്തിൽനിന്നുള്ളയാളെ പരിഗണിക്കാമെന്ന് പ്രതിപക്ഷം തീരുമാനിച്ചത്. തുടർന്നു പ്രതിപക്ഷം മീരാ കുമാറിന്റെ പേര് പ്രഖ്യാപിച്ചു.

English Summary: Gopalkrishna Gandhi turns down offer to be Opposition’s presidential candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com