പ്രചാചകവിരുദ്ധ പരാമര്‍ശത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രിയ സുഹൃത്ത് അബ്ബാസിനോട് ചോദിക്കണം: ഉവൈസി

Mail This Article
ഹൈദരാബാദ് ∙ ബിജെപി നേതാക്കളുടെ പ്രചാചകവിരുദ്ധ പരാമര്‍ശം ശരിയോ തെറ്റോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ബാല്യകാല സുഹൃത്ത് അബ്ബാസിനോടു ചോദിക്കണമെന്നു ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഉവൈസി. പ്രവാചകനെതിരായി ബിജെപി നേതാവ് നൂപുർ ശർമ നടത്തിയ പരാമർശം അധിക്ഷേപാർഹമാണോ അല്ലയോ എന്നു ചോദിക്കണമെന്നാണ് ഉവൈസിയുടെ ആവശ്യം.
മാതാവ് ഹീര ബെന്നിന്റെ 99–ാം പിറന്നാളിന്റെ ഭാഗമായി തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലാണു ബാല്യകാല സൃഹൃത്ത് അബ്ബാസിനെപ്പറ്റി നരേന്ദ്ര മോദി പരാമർശിച്ചത്. നൂപുർ ശർമയുടെ വിവാദ പരാമർശം രാജ്യത്തിന് അകത്തും പുറത്തും വലിയ തോതിൽ വിമർശനങ്ങൾക്കു കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണു മോദിക്കെതിരെ ഉവൈസി രംഗത്തെത്തിയത്.
‘എട്ടു വർഷത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സുഹൃത്തിനെ ഓർമിച്ചിരിക്കുന്നു. ഇങ്ങനെയൊരു സുഹൃത്തുള്ള കാര്യം നമുക്ക് അറിയില്ലായിരുന്നു. സുഹൃത്ത് അബ്ബാസ് അവിടെയുണ്ടെങ്കിൽ താങ്കൾ അദ്ദേഹത്തെ വിളിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുകയാണ്. ഉവൈസിയുടെയും മത നേതാക്കളുടെയും പ്രസംഗങ്ങൾ അദ്ദേഹത്തെ കേൾപ്പിക്കണം. ഞങ്ങൾ പറയുന്നതു കള്ളമാണോയെന്നു ചോദിക്കണം.
അദ്ദേഹത്തിന്റെ മേൽവിലാസം തരികയാണെങ്കിൽ ഞാൻ നേരിട്ട് അബ്ബാസിനെ പോയിക്കാണാം. പ്രവാചകനെപ്പറ്റി നൂപുർ ശർമ പറഞ്ഞതു പ്രതിഷേധാർഹമാണോ അല്ലയോ എന്നു ചോദിക്കാം. നൂപുറിന്റെ സംസാരം അസംബന്ധമാണെന്ന് അബ്ബാസ് അംഗീകരിക്കും. താങ്കൾ സുഹൃത്തിനെ അനുസ്മരിച്ചതു ചിലപ്പോൾ വെറുമൊരു കഥയായിരിക്കാം, എങ്ങനെയാണു ഞാൻ അറിയുക?! ‘അച്ഛേ ദിൻ’ വരുമെന്നും അങ്ങു വാഗ്ദാനം ചെയ്തിരുന്നല്ലോ’– ഒവൈസി പരിഹസിച്ചു.
അമ്മ ഹീര ബെൻ 100–ാം വയസ്സിലേക്കു പ്രവേശിക്കുന്ന ദിവസം, മോദി തന്റെ ബ്ലോഗിൽ കുറിച്ച ഹൃദയഹാരിയായ വരികളിലാണ് അപൂർവ സൗഹൃദത്തിന്റെ കഥയും പുറത്തുവന്നത്. മോദിയുടെ പിതാവ് ദാമോദർദാസ് മോദിയുടെ സുഹൃത്തിന്റെ മകനായിരുന്നു അബ്ബാസ്. സുഹൃത്ത് അകാലത്തിൽ മരണമടഞ്ഞപ്പോൾ ദാമോദർദാസ് അബ്ബാസിനെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. മോദിക്കും സഹോദരങ്ങൾക്കുമൊപ്പം അബ്ബാസും വളർന്നു. മോദിയുടെ വീട്ടിൽനിന്നാണു പഠനം പൂർത്തിയാക്കിയത്.
‘അമ്മ സ്വന്തം മക്കൾക്കു നൽകിയ അതേ കരുതലും സ്നേഹവും നൽകിയാണ് അബ്ബാസിനെയും വളർത്തിയത്. ഓരോ വർഷവും ഈദിന് അവനു പ്രിയപ്പെട്ട വിഭവങ്ങൾ അമ്മ തയാറാക്കി’– മോദിയുടെ വാക്കുകൾ. അബ്ബാസ് ഓസ്ട്രേലിയയിലെ സിഡ്നിയിലുണ്ടെന്നു നരേന്ദ്ര മോദിയുടെ സഹോദരൻ പങ്കജ് മോദി വെളിപ്പെടുത്തി. സ്കൂളിൽ പങ്കജിന്റെ സതീർഥ്യൻ കൂടിയാണ് അബ്ബാസ്. ഗുജറാത്തിൽ സിവിൽസപ്ലൈസ് വകുപ്പിൽനിന്നു വിരമിച്ച അബ്ബാസ് മിയാൻജി ഭായിക്കു പ്രായം 64. രണ്ടാഴ്ച മുൻപാണ് അബ്ബാസ് ഇളയമകനൊപ്പം സിഡ്നിയിലേക്കു പോയത്.
English Summary: "PM, Please Ask Your Friend Abbas, If He Exists...": A Owaisi's Dig