‘‘വിലക്കപ്പെട്ട ശവകുടീരം തുറക്കാൻ പോകുന്നു’’-സോവിയറ്റ് യൂണിയന്റെ ഭാഗമായ സമർഖണ്ഡിലെ ജനങ്ങൾക്കിടയിൽ കാട്ടുതീപോലെ ആ വാർത്ത പരന്നു. അതിന്റെ സമീപത്തു പോകാൻ പോലും ഭയക്കുന്ന അവിടുത്തെ ജനങ്ങൾ ശാപം തങ്ങളെ നശിപ്പിക്കുമെന്ന് കരുതി പല രീതിയിലും പര്യവേക്ഷകരെ ശവകുടീരം തുറക്കുന്നതിൽനിന്നു മാറ്റിനിർത്താൻ ശ്രമിച്ചു. എന്നാൽ നിയാസോവിന്റെയും മിഖൈൽ ജെറാസിമോവിന്റെയും നേതൃത്വത്തിലുള്ള സോവിയറ്റ് ശാസ്ത്രജ്ഞർ നാട്ടുകാരുടെ ഭയത്തെ പരിഹസിച്ചുതള്ളി ശവകുടീരം തുറക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു നീങ്ങി. എട്ടു പതിറ്റാണ്ടു മുൻപ്, 1941 ജൂൺ 16നാണ്, നൂറ്റാണ്ടുകളായി മറഞ്ഞുകിടന്ന ചരിത്രപ്രാധാന്യമുള്ള തിമൂറിന്റെ ശവകുടീരം തുറക്കുന്നതിനുള്ള ഖനനം തുടങ്ങിയത്. ചുറ്റുമുള്ള ചെറിയ കുടീരങ്ങളെല്ലാം തുറന്ന സംഘം ജൂൺ 19–ാം തീയതിയാണ് പ്രധാന ശവകുടീരം തുറക്കുന്നതിന് തയാറെടുത്തത്. ‘‘ഞാൻ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കുമ്പോൾ ലോകം ഭയന്നുവിറയ്ക്കും’’ ശവകുടീരത്തിന്റെ വാതിലിൽ ഇങ്ങനെ എഴുതിവച്ചിരുന്നു. തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയ സംഘത്തിന് ആ രാത്രി ശുഭകരമായിരുന്നില്ല. പ്രകൃതിക്ഷോഭവും അസ്വസ്ഥതകളും അവരുടെ ഉറക്കം കെടുത്തി. സംഘത്തിലുൾപ്പെട്ട പലരും പര്യവേഷണത്തിൽനിന്നു പിന്തിരിയാൻ അനുവാദം ചോദിച്ചെങ്കിലും മുന്നോട്ടു പോകാനായിരുന്നു ‘മുകളിൽ’ നിന്നുള്ള നിർദേശം. ശവകുടീരത്തിന്റെ വാതിൽ തുറന്ന് അകത്തേക്കു കയറിയ പര്യവേക്ഷകസംഘത്തെ വരവേറ്റത് ശവക്കല്ലറയിൽ കൊത്തിവച്ചിരുന്ന മറ്റൊരു ശാപവചനമായിരുന്നു–‘‘എന്റെ ശവകുടീരത്തെ ശല്യപ്പെടുത്തുന്നവർ എന്നേക്കാൾ ഭീകരനായ ആക്രമണകാരിയെയായിരിക്കും കെട്ടഴിച്ചുവിടുന്നത്.’’ ഈജിപ്തിലെ ഫറവോമാരുടെ ശവകുടീരത്തിലും മറ്റും ഇത്തരം ശാപവാചകങ്ങൾ കൊത്തിവച്ചിട്ടുള്ളതിനെപ്പറ്റി അറിവുള്ളതിനാൽ പര്യവേഷണസംഘം അത് വലിയ കാര്യമാക്കാതെ തിമൂറിന്റെ ശേഷിപ്പുകൾ കൂടുതൽ പഠനത്തിനായി മോസ്കോയിലേക്ക് അയച്ചു.
HIGHLIGHTS
- നാത്സികളുടെ അപ്രതീക്ഷിത സോവിയറ്റ് ആക്രമണത്തിന് 81 വയസ്സ്
- ഒരു രാജാവിന്റെ ‘ശാപം’ ലോക ചരിത്രത്തിന്റെ നിർണായക ഏടായതെങ്ങനെ?