ADVERTISEMENT

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിക്കായി എടുക്കുന്ന വിദേശ വായ്പയുടെ മുതലും പലിശയും അടയ്ക്കാൻ കെ–റെയില്‍ കോർപറേഷനു കഴിഞ്ഞില്ലെങ്കിൽ സംസ്ഥാന സർക്കാർ തിരിച്ചടയ്ക്കുമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് കെ–റെയിൽ. സിൽവർ ലൈനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം നൽകാനുള്ള ഓൺലൈൻ പരിപാടിയിലാണ് എംഡി വി.അജിത് കുമാറിന്റെ വിശദീകരണം.

സിൽവർലൈനിന്റെ വരുമാനത്തിൽനിന്നു ലോൺ തിരിച്ചടയ്ക്കാൻ കഴിയും. പൊതുഗതാഗത സംവിധാനം ലാഭത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല. സമൂഹത്തിലുണ്ടാക്കുന്ന മാറ്റവും പരിഗണിക്കണം. പദ്ധതി സാമൂഹികമായും സാമ്പത്തികമായും കേരളത്തെ മുന്നോട്ടു നയിക്കും. സിൽവർലൈൻ പദ്ധതിക്കായുള്ള സർവേ തുടരുകയാണെന്നും എംഡി പറഞ്ഞു.  പുനരധിവാസം ഉറപ്പാക്കിയേ പദ്ധതിയുമായി മുന്നോട്ടു പോകൂ. ജപ്പാൻ ബാങ്കായ ജൈക്ക മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയും അല്ലാതെയും ലോണുകൾ നൽകുന്നുണ്ട്.

മാനദണ്ഡമുള്ള ലോണുകളിൽ 30 ശതമാനം പങ്കാളിത്തം ജപ്പാൻ കമ്പനികൾക്കു കൊടുക്കണമെന്ന് നിർദേശിക്കാറുണ്ട്. സിൽവർലൈൻ പദ്ധതിക്ക് ഏതു തരം ലോൺ വേണമെന്നു തീരുമാനിച്ചിട്ടില്ല. ഇന്ത്യയിലെ പല പദ്ധതികൾക്കും മാനദണ്ഡം ഇല്ലാത്ത വായ്പയാണ് എടുത്തിട്ടുള്ളത്. ഇത്തരം വായ്പകൾക്കു പലിശ നിരക്കു കുറവാണെന്നതാണു കാരണം. ഏതു ഗേജ് വേണമെന്നു തിരഞ്ഞെടുക്കുന്നത് ജൈക്കയല്ല, സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരുമാണ്.

വന്ദേഭാരത് ട്രെയിനുകൾ വേണ്ടെന്ന നിലപാടു സംസ്ഥാനത്തിനില്ല. വന്ദേഭാരത് ട്രെയിനുകൾ റെയിൽവേയ്ക്കു കൈമാറാന്‍ തന്നെ വർഷങ്ങളെടുക്കും. വന്ദേഭാരത് ട്രെയിനുകളേക്കാൾ വേഗമുള്ള ട്രെയിനുകളാണ് സിൽവർലൈനിലൂടെ ഓടിക്കാൻ ആലോചിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ മൂന്നും നാലും ലൈനുകൾ തന്നെയാണ് സിൽവർലൈനെന്ന് എംഡി പറഞ്ഞു. ഗേജു മാത്രമേ മാറുന്നുള്ളൂ. സാധാരണ റെയിൽ പാത ഇരട്ടിപ്പിക്കാൻ കിലോമീറ്ററിനു 30 കോടിയാകുമെങ്കിൽ സിൽവർലൈനിൽ ഒരു കിലോമീറ്ററിനു 120 കോടിരൂപയാകുമെന്നത് നീതീകരിക്കാവുന്നതാണ്.

എല്ലാ വിമാനത്താവളവുമായും സിൽവർലൈനു ലാസ്റ്റ് മൈൽ കണക്ടിറ്റിവിറ്റി സംവിധാനം ഉണ്ടായിരിക്കും. അതിനുള്ള ടിക്കറ്റ് മെയിൻ ടിക്കറ്റിനൊപ്പം ഉണ്ടാകും. ജനസാന്ദ്രത കൂടുതലുള്ളതിനാൽ കേരളത്തിൽ 11 സ്റ്റോപ്പുകൾ വേണ്ടിവരും. അതിനാൽ ഹൈ സ്പീഡ് റെയിൽ സംവിധാനം പ്രായോഗികമല്ലെന്നും എംഡി പറഞ്ഞു.

English Summary: K Rail MD revealed about promise from the Kerala Government on repayment of loans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com