വിമതർക്ക് ബുക്ക് ചെയ്തിരിക്കുന്നത് 70 മുറി, വാടക 56 ലക്ഷം; ഒരു ദിവസം ചെലവ് 8 ലക്ഷം

Eknath Shinde | Rebels
ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വിമത എംഎൽഎമാരോട് ആശയവിനിമയം നടത്തുന്ന ഏകനാഥ് ഷിൻഡെ. ചിത്രം: PTI Photo
SHARE

ഗുവാഹത്തി∙ അസമിലെ ഗുവാഹത്തിയിലുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രം. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സർക്കാരിൽ ഉൾപ്പെട്ട ശിവസേനയുടെ വിമത എംഎൽഎമാർ ക്യാംപ് ചെയ്യുന്നത് ഈ ഹോട്ടലിലാണ്. വിമതനേതാവ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലാണ് എംഎൽഎമാർ ഹോട്ടലിൽ തങ്ങിയിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ടു വരെയുള്ള വിവരപ്രകാരം 41 എംഎൽഎമാരാണ് ഷിൻഡെയ്ക്കൊപ്പമുള്ളത്. ചില എംപിമാരും കൂടെയുണ്ടെന്നു റിപ്പോർട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെയാണ് ഗുജറാത്തിലെ സൂറത്തിൽനിന്നും വിമതർ ഗുവാഹത്തിയിലെ റാഡിസൻ ബ്ലൂ ഹോട്ടലിലെത്തിയത്. കനത്ത സുരക്ഷയാണ് അസമിലെ ബിജെപി സർക്കാർ ഇവിടെ ഒരുക്കിയിരിക്കുന്നത്. എംഎൽഎമാർക്കായി ഏഴു ദിവസത്തേക്ക് 70 മുറികൾ ബുക്ക് ചെയ്തിട്ടുണ്ടെന്നു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു. മുറികൾ ബുക്ക് ചെയ്തതിനുള്ള ആകെ ചെലവ് 56 ലക്ഷം രൂപയാണെന്നാണ് അടുത്തവൃത്തങ്ങൾ നൽകിയ വിവരം. ഇതുകൂടാതെ ഭക്ഷണത്തിനും മറ്റു കാര്യങ്ങൾക്കുമായി പ്രതിദിനം എട്ടു ലക്ഷം രൂപ ചെലവുണ്ട്.

ഹോട്ടലിൽ ആകെ 196 മുറികളുണ്ട്. എം‌എൽ‌എമാർക്കും മറ്റു സംഘാങ്ങൾക്കുമായി ബുക്ക് ചെയ്ത 70 മുറികൾ ഒഴികെ, പുതിയ ബുക്കിങ്ങുകൾ ഒന്നും ഹോട്ടൽ അധികൃതർ സ്വീകരിക്കുന്നില്ല. ബാങ്ക്വറ്റ് ഹാൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഹോട്ടലിലെ റസ്റ്ററന്റിലും താമസക്കാർക്ക് ഒഴികെ മറ്റാർക്കു പ്രവേശനമില്ല. ചാർട്ടേഡ് ഫ്ലൈറ്റുകൾക്ക് ഉൾപ്പെടെ ‘ഓപ്പറേഷന്റെ’ മറ്റു ചെലവുകളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കോൺഗ്രസും എൻസിപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ഹിന്ദുത്വ അജൻഡയിൽ ഉറച്ച് ബിജെപിയുമായി സഖ്യം ശിവസേന പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാണ് ഏക്നാഥ് ഷിൻഡെയുടെ ആവശ്യം. വിമതരെ അനുനയിപ്പിക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. ഭൂരിപക്ഷ എംഎൽഎമാരും കൈവിട്ടെന്ന് ഉറപ്പായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനവും ശിവസേന അധ്യക്ഷസ്ഥാനവും രാജിവയ്ക്കാൻ ഉദ്ധവ് താക്കറെ സന്നദ്ധത അറിയിച്ചിരുന്നു. ഉദ്ധവ്, ഔദ്യോഗിക വസതി ഒഴിയുകയും ചെയ്തു.

English Summary: 70 Rooms For Sena Rebels: Here's What The 5-Star Hotel In Guwahati Costs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA