ADVERTISEMENT

തിരുവനന്തപുരം ∙ വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. എസ്എഫ്ഐ ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നു. എങ്കിലും മുഖ്യമന്ത്രിയുടെ ആത്മാര്‍ഥതയില്‍ സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്‍ക്കാന്‍ അക്രമികള്‍ക്ക് വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയാറാകണം. സിപിഎം സ്വന്തം അണികളെ നിലയ്ക്കുനിര്‍ത്താന്‍ തയാറായില്ലെങ്കില്‍ ജനാധിപത്യ രീതിയില്‍ അതിശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും. തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിനും അറിയാം. ജനാധിപത്യത്തിന് ഭൂഷണമല്ലാത്തതിനാലാണ് അതിനു മുതിരാത്തത്. കോണ്‍ഗ്രസ് കാണിക്കുന്ന ആ മാന്യതയെ ദൗര്‍ബല്യമായി കരുതരുതെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

ദേശീയതലത്തില്‍ ബിജെപിയും സംഘപരിവാറും രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയ കുടിപ്പകയുടെ പേരില്‍ വേട്ടയാടുമ്പോള്‍ കേരളത്തില്‍ സിപിഎം രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തല്ലിത്തകര്‍ത്ത് സംഘപരിവാര്‍ ശക്തികളെ സന്തോഷിപ്പിക്കുകയാണ്. ദേശീയതലത്തിലെ സംഘപരിവാര്‍ അജണ്ട കേരളത്തില്‍ സിപിഎം നടപ്പാക്കുകയാണ്. രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് ആശയങ്ങളെയും എതിര്‍ക്കുന്നതില്‍ സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണ്. ഇരുവര്‍ക്കുമുള്ള അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് ഇതിന് കാരണം. കറന്‍സി കടത്തലില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സിപിഎം മനഃപൂര്‍വം കേരളത്തില്‍ അക്രമം അഴിച്ചുവിടുകയാണ്.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുന്ന പൊലീസ് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് കുട്ടി സഖാക്കള്‍ തല്ലിത്തകര്‍ക്കുന്നത് കയ്യുംകെട്ടി നോക്കി നിന്നു. കെപിസിസി ആസ്ഥാനം തല്ലിത്തകര്‍ത്ത് എ.കെ.ആന്റണിയെ വകവരുത്താന്‍ ശ്രമിച്ചവരെ ഇതുവരെ പൊലീസ് പിടികൂടിയില്ല. സിപിഎം ഗുണ്ടകളെ തൊട്ടാല്‍ തൊപ്പി പോകുമെന്ന ഭയമാണ് പൊലീസിന്. സിപിഎമ്മിനു മുന്നില്‍ ഓച്ചാനിച്ചു നില്‍ക്കുന്ന പൊലീസ് കേരളത്തിനു തന്നെ അപമാനമാണ്. കന്റോണ്‍മെന്റ് ഹൗസ് ആക്രമിച്ച് പ്രതിപക്ഷനേതാവിനെ അപായപ്പെടുത്താന്‍ ശ്രമിച്ച ഡിവൈഎഫ്ഐ ക്രിമിനലുകള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കുന്ന പൊലീസാണ് കേരളത്തിലേത്. സിപിഎം ഗുണ്ടകളുടെ എല്ലാത്തരം അതിക്രമങ്ങള്‍ക്കും പൊലീസ് പ്രോത്സാഹനം നല്‍കുകയാണ്. ഇത് അപകടകരമായ പ്രവണതയാണെന്നും സുധാകരന്‍ പറഞ്ഞു.

English Summary: KPCC president K Sudhakaran slams Rahul Gandhi's office attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com