ADVERTISEMENT

തിരുവനന്തപുരം∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് നടപ്പിലാക്കുന്നതിനുള്ള ഉത്തരവിറങ്ങി. ജൂലൈ ഒന്ന് മുതൽ പദ്ധതി നടപ്പിലാക്കും. 4800 രൂപയും 18 ശതമാനം ജിഎസ്ടിയും ഉൾപ്പെടുന്ന തുകയാണ് ഒരു വർഷം ഇൻഷുറൻസിനായി അടയ്ക്കേണ്ടത്. മാസം അടയ്ക്കേണ്ട പ്രീമിയം തുക 500. ഇൻഷുറൻസ് വിഹിതം ശമ്പളത്തിൽനിന്നും പെൻഷനിൽനിന്നും സർക്കാർ ഓരോ മാസവും ഈടാക്കും. ജീവനക്കാരിൽനിന്ന് ജൂൺ മുതലും പെൻഷൻകാരിൽനിന്ന് ജൂലൈ മുതലും പ്രീമിയം പിടിച്ചു തുടങ്ങും.

സർക്കാർ ജീവക്കാർക്കും പെൻഷൻക്കാർക്കും വർഷത്തിൽ 3 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് മെഡിസെപ്പിലൂടെ ലഭിക്കും. ഒരു വർഷത്തെ 3 ലക്ഷം രൂപയിൽനിന്ന് ഉപയോഗിക്കാത്ത തുക പരമാവധി ഒന്നരലക്ഷം രൂപവരെ അടുത്ത വർഷത്തേക്കു മാറ്റാം. എംപാനൽ ചെയ്ത പൊതു, സ്വകാര്യ ആശുപത്രികളിൽ മാത്രമേപദ്ധതി പ്രകാരമുള്ള പരിരക്ഷ ലഭിക്കൂ. ജീവനു ഭീഷണിയോ അപകടമോ ഉള്ള അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ ചികിൽസയ്ക്കും പരിരക്ഷ ലഭിക്കും.

ഒപി ചികിൽസയ്ക്കു കവറേജില്ല. 24 മണിക്കൂറിലേറെ കിടത്തി ചികിൽസിക്കണം. 1920 രോഗങ്ങൾ അംഗീകൃത പട്ടികയിലുണ്ട്. മാരകരോഗത്തിനു 18 ലക്ഷംവരെ കവറേജ് ലഭിക്കും. ആശുപത്രിവാസത്തിനു മുൻപും ശേഷവും 15 ദിവസംവരെയുള്ള ചെലവുകളും ക്ലൈം ചെയ്യാം. പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ഇൻഷുറൻസ് കമ്പനി കാർഡ് നൽകും. കാർഡിന്റെ പ്രിന്റ് ഔട്ടോ ഫോണിൽ സൂക്ഷിക്കാവുന്ന ഡിജിറ്റൽ പകർപ്പോ മൊബൈൽ ആപ്ലിക്കേഷനിലെ വിവരങ്ങളോ ആശുപത്രിയിൽ കാണിച്ചാൽ കാഷ്‌ലെസ് ചികിൽസ ലഭിക്കും. എല്ലാവർക്കും സ്വന്തം താലൂക്ക് പരിധിയിൽ ചികിൽസ ഉറപ്പാക്കുന്ന തരത്തിലാണ് ആശുപത്രികളുടെ പട്ടിക തയാറാക്കുന്നത്. ഒപിക്കു പരിരക്ഷ ഇല്ലാത്തതിനാൽ കേരള ഗവ സെർവന്റ് മെഡിക്കൽ അറ്റൻഡന്റ് ചട്ടങ്ങൾക്കു വിധേയരായ എല്ലാ സർക്കാർ ജീവനക്കാർക്കും സർക്കാർ ആശുപത്രികളിലും ആർസിസി, ശ്രീചിത്ര, മലബാർ–കൊച്ചിൻ കാൻസർ സെന്ററുകൾ ഉൾപ്പെടെയുള്ള സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളിലും ചികിൽസയ്ക്കു നിലവിലുള്ള മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് സമ്പ്രദായം തുടരും.

സർക്കാർ ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻ വാങ്ങുന്നവർ, ഇവരുടെയെല്ലാം കുടുംബാംഗങ്ങൾ, സർക്കാരില്‍നിന്നും തദ്ദേശ സ്ഥാപനങ്ങളിൽനിന്നും ഗ്രാന്റ് ലഭിക്കുന്ന സർവകലാശാലകളിലെ ജീവനക്കാരും പെൻഷൻകാരും, മുഖ്യമന്ത്രി മന്ത്രി പ്രതിപക്ഷനേതാവ് ചീഫ് വിപ്പ് സ്പീക്കർ ഡെപ്യൂട്ടി സ്പീക്കർ ധനകാര്യ കമ്മികളുടെ ചെയർമാൻ പഴ്സനൽ സ്റ്റാഫ് പെൻഷൻ വാങ്ങുന്നവർ കുടുംബ പെൻഷൻ വാങ്ങുന്നവർ തുടങ്ങിയവരാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

പദ്ധതിയിൽ ആശ്രിതരായി പരിഗണിക്കുന്നവരായി സർക്കാർ വെബ്സൈറ്റിൽ പറയുന്നവർ:
∙ പങ്കാളി, ജീവനക്കാരെ മാത്രം ആശ്രയിച്ചു കഴിയുന്ന മാതാപിതാക്കൾ (സംസ്ഥാന സർക്കാർ–സർവകലാശാല–തദ്ദേശസ്വയംഭരണ സ്ഥാപന ജീവനക്കാർ, സർവീസ്– സർവകലാശാലാ –തദ്ദേശസ്വയംഭരണ പെൻഷൻകാർ എന്നിവർ‌ ആശ്രിതരല്ല. ഇവർക്ക് പദ്ധതിയിൽ പ്രത്യേകമായി പ്രധാന അംഗത്വത്തിനു അർഹതയുണ്ട്).
∙ കുട്ടികൾക്ക് 25 വയസ് പൂർത്തിയാകുന്നതുവരെയോ അല്ലെങ്കില്‍ വിവാഹം കഴിക്കുന്നതുവരെയോ ജോലി ലഭിക്കുന്നതുവരെയോ ഏതാണ് ആദ്യം അതുവരെ ഇൻഷുറൻസിന് അർഹതയുണ്ട്.
∙ ശാരീരിക മാനസിക വൈകല്യം ബാധിച്ച കുട്ടികൾക്കു പ്രായപരിധി ബാധകമല്ല.
∙ സ്വകാര്യ ഇൻഷുറൻസ് പദ്ധതികളുടെ വിവരം നൽകേണ്ടതില്ല.
∙ ഒരു വകുപ്പിൽനിന്ന് മറ്റൊരു വകുപ്പിൽ അന്യത്ര സേവനത്തിലുള്ള ഉദ്യോഗസ്ഥൻ നിലവിലെ തസ്തികയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസ്തുത വകുപ്പിൽ നൽകണം. സർക്കാർ വകുപ്പിൽനിന്ന് ബോർഡ്–കോർപറേഷൻ–സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ അന്യത്ര സേവനത്തിൽ നിയമിതരായ ഉദ്യോഗസ്ഥർ മാതൃവകുപ്പിലാണ് വിവരങ്ങൾ നൽകേണ്ടത്.
∙ എല്ലാ വകുപ്പുകളും പദ്ധതി നടത്തിപ്പിനായി നോഡൽ ഓഫിസറെ നിയമിക്കണം.
∙ മാതാപിതാക്കൾ രണ്ടുപേരും സർക്കാർ ജീവനക്കാരാണെങ്കിൽ ഒരാളുടെ ആശ്രിതനായി മാത്രമേ കുട്ടികളുടെ പേര് ചേർക്കാനാകൂ. ഒന്നിൽകൂടുതൽ തവണ ചേർത്താൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
∙ പദ്ധതിയിൽ പ്രധാന അംഗത്വത്തിന് അർഹതയുള്ളവർക്കു ഭർത്താവിന്റെയോ ഭാര്യയുടേയോ മാതാപിതാക്കളെ ആശ്രിതരായി ഉൾപ്പെടുത്താൻ സാധിക്കില്ല.
∙ പൊതുമേഖലാ സ്ഥാപനങ്ങളിൽ സേവനത്തിലിരിക്കുന്നതോ വിരമിച്ചതോ ആയ മാതാപിതാക്കളെ ആശ്രിതരായി ഉൾപ്പെടുത്താൻ കഴിയില്ല.
∙ സഹോദരനെയോ സഹോദരിയെയോ ആശ്രിതനായി ഉൾപ്പെടുത്താനാകില്ല.
∙ ബോർഡ്–പൊതുമേഖലാ സ്ഥാപനത്തിൽ സേവനത്തിലുള്ളതോ വിരമിച്ചതോ ആയ പങ്കാളിയെ ഉൾപ്പെടുത്താം.
∙ വിമുക്തഭടൻമാരായ മാതാപിതാക്കളെ പദ്ധതിയിൽ ഉൾപ്പെടുത്താനാകില്ല.
∙ കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ സേവനത്തിലുള്ളതോ വിരമിച്ചതോ ആയ മാതാപിതാക്കളെ ആശ്രിതരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ല.
∙ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടും.
∙ കമ്മിഷനുകൾ, സ്വയം ഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയിൽ സ്ഥിരപ്പെട്ട ജീവനക്കാർ ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകില്ല.
∙ കുടുംബപെൻഷൻ ലഭിക്കുന്ന മാതാവിനെയോ പിതാവിനെയോ പദ്ധതിയിൽ ചേർക്കാനാകില്ല.

English Summary : Kerala government issues MEDISEP insurance scheme order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com