
നാഷനൽ ഹെറൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ 50 മണിക്കൂർ ചോദ്യം ചെയ്യൽ കഴിഞ്ഞ് എഐസിസി ആസ്ഥാനത്തെത്തിയ രാഹുൽ ഗാന്ധിക്കു നേതാക്കളും പ്രവർത്തകരും വൻസ്വീകരണമാണ് ഒരുക്കിയത്. തുടർന്നു നടത്തിയ പ്രസംഗത്തിൽ രസകരമായ ചില പരാമർശങ്ങൾ രാഹുൽ നടത്തി. ഇഡിയുടെ ചോദ്യം ചെയ്യലുമായി കൂട്ടിയിണക്കിയുള്ള ആ പ്രസംഗത്തിലെ ചില സൂചനകളിൽ ഏറ്റവും ശ്രദ്ധേയവും രസകരവുമായി തോന്നിയതു വേദിയിലുണ്ടായിരുന്ന സച്ചിൻ പൈലറ്റിനെ ചൂണ്ടിയുള്ള രാഹുലിന്റെ പരാമർശമാണ്. മറ്റു ചില പേരുകൾ കൂടി പറഞ്ഞ് തന്റെ അഭിപ്രായത്തിനു പ്രത്യേക മുനയില്ലെന്നു വരുത്താൻ രാഹുൽ ശ്രദ്ധിച്ചെങ്കിലും സച്ചിനെ ചൂണ്ടിയുള്ള പരാമർശം ഉത്തരേന്ത്യൻ നേതാക്കൾക്കിടയിൽ വലിയ ചർച്ചകൾക്കു വഴി തുറന്നിരിക്കുന്നു.