‘ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ല, വിശദീകരണം തേടും’; വാർത്ത നിഷേധിച്ച് അമ്മ

AMMA
സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിനുശേഷം കാര്യങ്ങൾ വിവരിക്കുന്ന നടന്മാരായ ഇടവേള ബാബു, മോഹൻലാൽ, സിദ്ദീഖ് എന്നിവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
SHARE

കൊച്ചി ∙ നടൻ ഷമ്മി തിലകനെ താരസംഘടനയായ ‘അമ്മ’യിൽനിന്ന് പുറത്താക്കിയെന്ന വാർത്ത തള്ളി അമ്മ ഭാരവാഹികൾ. ഷമ്മി തിലകൻ ഇപ്പോഴും താരസംഘടനയുടെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ ഭാഗം കൂടി കേട്ടിട്ടേ നിലപാടെടുക്കുകയുള്ളൂവെന്നും അമ്മയെ പ്രതിനിധീകരിച്ച് നടൻ സിദ്ദിഖ് പറഞ്ഞു. ‘ജനറൽ ബോഡിക്ക് പുറത്താക്കാനാകില്ല. എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അതിന് അധികാരം. ഷമ്മി തിലകനോടെ വിശദീകരണം തേടിയ ശേഷം എക്സിക്യൂട്ടിവ് കമ്മിറ്റിയെ നടപടിയെടുക്കാൻ ചുമതലപ്പെടുത്തും.’– കൊച്ചിയിൽ അമ്മ ഭാരവാഹികൾ നടത്തിയ വാർത്താസമ്മേളനത്തിൽ സിദ്ദിഖ് വിശദീകരിച്ചു.

കഴിഞ്ഞ കുറച്ചു നാളായി സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഷമ്മി തിലകൻ അമ്മയ്ക്കെതിരെ നിരവധി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഇതിനെതിരെ അമ്മയിലെ അംഗങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്. ഷമ്മി തിലകനെ പുറത്താക്കണമെന്നാണ് അമ്മ ഭാരവാഹികളുടെ ഭൂരിപക്ഷ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അമ്മയിൽ നിന്ന് പുറത്താക്കാനുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് നടൻ ഷമ്മി തിലകൻ പറഞ്ഞു. 

ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഷമ്മി തിലകനെ പുറത്താക്കാൻ തീരുമാനമെടുത്തു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. പിന്നീട് അമ്മ ഭാരവാഹികൾ തന്നെ വാർത്താസമ്മേളനം വിളിച്ച് ഇത് നിഷേധിക്കുകയായിരുന്നു. ‘അമ്മ’യുടെ യോഗം ഷമ്മി തിലകൻ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതിനെതിരെയാണ് പ്രതിഷേധം ഉണ്ടായത്. യോഗം ചിത്രീകരിച്ചത് തെറ്റാണെന്നാണു യോഗത്തിലെ പൊതുവികാരം.

2021ൽ കൊച്ചിയിൽ നടന്ന യോഗം ഷമ്മി തിലകൻ ചിത്രീകരിച്ചത് വിവാദമായിരുന്നു. അച്ചടക്ക സമിതിക്ക് ഷമ്മി തിലകൻ വിശദീകരണം നല്‍കിയിരുന്നില്ല. അമ്മ ഭാരവാഹികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങൾ ഉന്നയിച്ചതും അച്ചടക്ക ലംഘനമാണെന്നാണ് അമ്മ ഭാരവാഹികളിൽ ഭൂരിപക്ഷ അഭിപ്രായം. 

ഷമ്മി തിലകൻ
ഷമ്മി തിലകൻ

നേരത്തേ, പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് കേസിൽ അകപ്പെട്ട വിജയ് ബാബു ‘അമ്മ’യിൽ തുടരുന്നതിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഷമ്മി തിലകനും പങ്കുവച്ചിരുന്നു. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർതൃത്വമാണ് താരസംഘടനയുടേത് എന്ന പേരടിയുടെ ഫെയ്സ്ബുക് കുറിപ്പ് ‘മാനിഷാദാ’ എന്ന ശ്ലോകം തലക്കെട്ടാക്കിയാണ് ഷമ്മി തിലകൻ പങ്കുവച്ചത്. ഷമ്മി തിലകനെ പുറത്താക്കിയ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ വിജയ് ബാബുവും പങ്കെടുത്തിരുന്നു.

‌ഹേമ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ പങ്കെടുത്ത 'അമ്മ'യുടെ പ്രതിനിധികൾക്കെതിരെയും ഷമ്മി തിലകൻ പരസ്യമായി രംഗത്തെത്തി. ‘പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം?’ എന്ന ആമുഖത്തോടെയായിരുന്നു ഷമ്മിയുടെ വിമർശനം. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ചു തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ ‘അമ്മ’യുടെ പ്രതിനിധികളായി പങ്കെടുത്തത് ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു, ട്രഷറര്‍ സിദ്ദിഖ് എന്നിവരായിരുന്നു. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയുള്ള ചർച്ചയിൽ ‘അമ്മ’യിലെ സ്ത്രീകൾക്കു പ്രാതിനിധ്യം കൊടുക്കുന്നില്ലെന്ന വിമർശനം ഉയരുമ്പോഴായിരുന്നു വിഷയത്തില്‍ നിലപാടു വ്യക്തമാക്കി ഷമ്മി എത്തിയത്.

‘പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..? സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ചു തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 'അമ്മ' പ്രതിനിധികൾ..! സ്ത്രീകളെ ‘പൊടിപോലുമില്ല കണ്ടുപിടിക്കാൻ’ എന്നൊക്കെ പറയുന്നവരോട്..! ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും...? പ്രവചിക്കാമോ..? (പ്രവചനം എന്തുതന്നെയായാലും ജനറൽ സെക്രട്ടറിയുടെ പത്രക്കുറിപ്പിനായി കാത്തിരിക്കുന്നു)’– ഇതായിരുന്നു ഷമ്മി തിലകന്റെ വാക്കുകൾ.

ഇതിനിടെ, അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ രൂക്ഷമായി വിമർശിച്ചും ഷമ്മി തിലകൻ വാർത്തകളിൽ ഇടംപിടിച്ചു. ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ സംഘടന സ്വീകരിച്ച നടപടി സംബന്ധിച്ച വാർത്താക്കുറിപ്പിൽ മറ്റൊരു വിഷയത്തിൽ അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുന്ന തന്റെ വിഷയം കൂടി ഉൾപ്പെടുത്തി എന്നതായിരുന്നു വിമർശനത്തിന് കാരണം. ഈ പത്രക്കുറിപ്പിലെ തന്നേക്കുറിച്ചുള്ള പ്രസ്താവന പിൻവലിച്ച് ജനറൽ സെക്രട്ടറി ഖേദം പ്രകടിപ്പിക്കണമെന്ന് ഷമ്മി തിലകൻ ആവശ്യപ്പെട്ടിരുന്നു. അമ്മ പുറത്തുവിട്ട വാർത്താക്കുറിപ്പ് പങ്കുവച്ചായിരുന്നു നടന്റെ വിശദീകരണം.

English Summary: AMMA's reaction on reports about expelling actor Shammy Thilakan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS