ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ ശിവസേനയിലെ വിമത എംഎൽഎമാർ മന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ തുടങ്ങിവച്ച രാഷ്ട്രീയ നീക്കം അനിശ്ചിതമായി തുടരുന്നതിനിടെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയും പ്രശ്ന പരിഹാരത്തിനായി രംഗത്ത്. ഗുവാഹത്തിയിലെ ഹോട്ടലിൽ താമസിക്കുന്ന വിമത എംഎൽഎമാരുടെ മനസ്സു മാറ്റാൻ അവരുടെ ഭാര്യമാരുമായി രശ്മി താക്കറെ ബന്ധപ്പെടുന്നതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു. ഉദ്ധവ് താക്കറെയും ഗുവാഹത്തിയിലെ ക്യാംപിലുള്ള ചില വിമത എംഎൽഎമാർക്ക് വ്യക്തിപരമായ നിലയിൽ സ്ഥിരം സന്ദേശങ്ങൾ അയയ്ക്കുന്നതായി റിപ്പോർട്ടുണ്ട്. ഏതുവിധേനയും ഷിൻഡെയ്‌ക്കൊപ്പമുള്ള വിമത എംഎൽഎമാരുടെ മനസ്സു മാറ്റി ഭരണം നിലനിർത്തുകയാണ് ഉദ്ധവിന്റെയും ശിവസേനയുടെയും ലക്ഷ്യം.

അതിനിടെ, അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏക്നാഥ് ഷിൻഡെയടക്കം 16 ശിവസേനാ വിമത എംഎൽഎമാർക്കു നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടിസ് അയച്ചതോടെ മഹാരാഷ്്ട്രയിൽ കൂറുമാറ്റം നിയമപോരാട്ടത്തിലേക്കു നീങ്ങുകയാണ്. നാളെക്കകം മറുപടി നൽകണമെന്നാണു നിർദ്ദേശം. നിലവിൽ സഭാധ്യക്ഷനായ ഡപ്യൂട്ടി സ്പീക്കറെ പുറത്താക്കണമെന്ന വിമതപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചില്ല. ഇതിനു രണ്ടിനുമെതിരെ ഗവർണറെയും കോടതിയെയും സമീപിക്കാനാണു വിമതരുടെ നീക്കം.

ശിവസേനാ സ്ഥാപകനും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിതാവുമായ ബാൽ താക്കറെയുടെ പേര് ഷിൻഡെ പക്ഷം ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും ശിവസേന തീരുമാനിച്ചു. പാർട്ടി വിട്ടിട്ടില്ലെന്നും ശിവസേന (ബാലാസാഹെബ്) എന്ന പേരിൽ പുതിയ വിഭാഗമായി പ്രവർത്തിക്കുമെന്നും വിമത എംഎൽഎ ദീപക് കേസർക്കർ അറിയിച്ചതിനെ തുടർന്നാണിത്. താക്കറെയുടെ പേര് ഉപയോഗിക്കാൻ വിമതർക്ക് അധികാരമില്ലെന്ന് ഉദ്ധവ് തിരിച്ചടിച്ചു.

ബാൽ താക്കറെ വികാരവും വൈകാരിക ഇടപെടലുമായി അണികളെ ചേർത്തുനിർത്താനാണ് പാർട്ടി അധ്യക്ഷൻ ഉദ്ധവിന്റെ ശ്രമം. വിമത മന്ത്രിമാരെ 24 മണിക്കൂറിനകം പദവിയിൽ നിന്നു മാറ്റുമെന്നു ശിവസേന നേതാവ് സഞ്ജയ് റാവുത്ത് മുന്നറിയിപ്പ് നൽകിയത് അവരെ സമ്മർദത്തിലാക്കിയിട്ടുണ്ട്.

അതിനിടെ, അസമിൽ നിന്നു പ്രത്യേക വിമാനത്തിൽ ഗുജറാത്തിലെത്തിയ ഏക്നാഥ് ഷിൻഡെ, മുതിർന്ന ബിജെപി നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസുമായി ചർച്ച നടത്തിയെന്നാണു റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. നിയമനടപടികളെല്ലാം വിലയിരുത്തിയ ശേഷം മാത്രം പരസ്യ ഇടപെടൽ മതിയെന്നാണു ബിജെപി നിലപാട്.

55 ശിവസേന എംഎൽഎമാരിൽ 40 പേരുടെയും 10 സ്വതന്ത്രരുടെയും പിന്തുണയുണ്ടെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും ശക്തമായ തീരുമാനങ്ങളൊന്നും വിമതർ ഇന്നലെയും പ്രഖ്യാപിച്ചില്ല. ഉദ്ധവിനു ശിവസേനാ ദേശീയ നിർവാഹക സിമിതിയോഗം പൂർണപിന്തുണ പ്രഖ്യാപിച്ചു. എന്നാൽ, മുൻകേന്ദ്രമന്ത്രി അനന്ത് ഗിഥെ, പ്രമുഖ നേതാവ് രാംദാസ് കദം എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല.

English Summary: Uddhav's wife Rashmi steps in, contacts wives of rebels to convince them to return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com