‘മഹാത്മാ ഗാന്ധിയുടെ ചിത്രം കോൺഗ്രസുകാർ തറയിലിട്ടു; ഇവർ ഗാന്ധിശിഷ്യർ തന്നെയാണോ?’

pinarayi-gandhi-photo
മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ, രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിൽ ഗാന്ധിജിയുടെ ചിത്രം തറയിൽ വീണു കിടക്കുന്നു. ചിത്രങ്ങൾ: മനോരമ
SHARE

തിരുവനന്തപുരം∙ കോൺഗ്രസിന്റെ കുൽസിത പ്രവൃത്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ് രാഹുൽഗാന്ധിയുടെ ഓഫിസിലുണ്ടായിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രം അവർതന്നെ തറയിലിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എഫ്ഐക്കാർ ചെയ്യാൻ പാടില്ലാത്തതാണ് രാഹുൽഗാന്ധിയുടെ ഓഫിസിൽ ചെയ്തതത്. എസ്എഫ്ഐക്കാർ‌ പോയശേഷം മാധ്യമങ്ങൾ രാഹുൽ‌ഗാന്ധിയുടെ ഓഫിസിൽ കടന്നു. അവർ ചുവരിലുള്ള ഗാന്ധി ചിത്രത്തിന്റെ ദൃശ്യങ്ങൾ അടക്കം കാണിച്ചശേഷം തിരിച്ചിറങ്ങി. പിന്നെ അവിടെ എസ്എഫ്ഐക്കാരോ മാധ്യമങ്ങളോ കയറിയില്ല. ആരുടെ കുബുദ്ധിയാണ് ഗാന്ധി ചിത്രത്തെ ചുമരിൽനിന്ന് താഴെയെത്തിച്ചതെന്നും എന്തിനാണ് ആ കുബുദ്ധി കാണിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു. എസ്എഫ്ഐക്കാർ പോയതിനുശേഷമാണ് ഗാന്ധി ചിത്രം നിലത്തിട്ടത്. ‘ഇവർ ഗാന്ധിശിഷ്യർ തന്നെയാണോ? എങ്ങനെയാണ് ഗാന്ധിചിത്രം നിലത്തിടാൻ കഴിഞ്ഞത്. ഗോഡ്സേ ചെയ്തത് ഇവർ പ്രതീകാത്മകമായി ചെയ്യുകയാണ്’–മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാഹുൽഗാന്ധിയുടെ ഓഫിസ് എസ്എഫ്ഐ ആക്രമിച്ചത് എല്ലാവരും ഗൗരവത്തോടെയാണ് കണ്ടത്. സംഭവത്തെ ന്യായീകരിക്കാൻ ആരും ശ്രമിച്ചിട്ടില്ല. സിപിഎം ജില്ലാ കമ്മിറ്റി മാർച്ചിനെ തള്ളിക്കളഞ്ഞു. സംസ്ഥാന കമ്മിറ്റി സംഭവത്തെ അപലപിച്ചു. സർക്കാർ കർശനമായ നിയമനടപടികളിലേക്കാണ് കടന്നത്. ഉത്തരവാദികളായ 24പേരെ അറസ്റ്റു ചെയ്തു. ഇതിൽ പെൺകുട്ടികളുമുണ്ട്. ഇത്രയും നടപടികളെടുത്തപ്പോൾ അതനുസരിച്ചുള്ള നിലപാടാണു പ്രതിപക്ഷം സ്വീകരിക്കേണ്ടതെന്നു മുഖ്യമന്ത്രി പറ‍ഞ്ഞു.

ബിജെപിയെ തൃപ്തിപ്പെടുത്താനാണ് എസ്എഫ്ഐ രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്കു മാർച്ച് നടത്തിയതെന്നാണ് പ്രതിപക്ഷ ആരോപണം. രാഹുൽഗാന്ധിയെ ഇഡി ചോദ്യം ചെയ്യാൻ ഇടയാക്കിയ കാര്യത്തിൽ സിപിഎമ്മിനോ എൽഡിഎഫിനോ പങ്കില്ല. സിപിഎമ്മിന്റെ പരാതിയുടെ അടിസ്ഥാനത്തിലല്ല രാഹുൽ ഗാന്ധിക്കെതിരെ നടപടിയുണ്ടായത്. ബിജെപി എംപി കോടതിയിൽ കൊടുത്ത പരാതിയെ തുടർന്നാണ് നാഷനൽ ഹെറൾഡ് കേസ് ഉണ്ടാകുന്നത്. രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യലിനു കൈയ്യടിക്കുകയല്ല സിപിഎം ചെയ്തത്. ചോദ്യം ചെയ്യലിനെ ചോദ്യം ചെയ്യുകയാണ് ചെയ്തത്. വാളയാറിന് അപ്പുറവും ഇപ്പുറവും രണ്ടു നിലപാട് സിപിഎമ്മിനില്ല. ആ നിലപാട് കോൺഗ്രസിനാണ്. വിമാനത്തിൽ പ്രതിഷേധമുണ്ടായപ്പോൾ ‘ഞങ്ങളുടെ കുട്ടികളെ ഞങ്ങൾ സംരക്ഷിക്കും’ എന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. അക്രമം കാണിക്കുന്നവർക്ക് അത് പ്രോത്സാഹനമാകുമെന്ന് നേതാക്കൾ ഓർക്കണം. അക്രമം കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് നടക്കുന്നത്. രാഷ്ട്രീയ പാപ്പരത്തവും ഉദ്ദേശ്യശുദ്ധി ഇല്ലായ്മയും കോൺഗ്രസിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan slams Congress over Rahul Gandhi's office attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കല്യാണ തേൻനിലാ...

MORE VIDEOS