ചൈനയുടെ തന്ത്രങ്ങൾക്കു ബദലുമായി ജി7; പുനർനിർമിക്കുമോ ‘മെച്ചപ്പെട്ട ലോകം’?

HIGHLIGHTS
  • അഞ്ച് വർഷത്തിനുള്ളിൽ 600 ബില്യൻ യുഎസ് ഡോളർ പദ്ധതി
  • യുഎസ് 200 ബില്യൻ നിക്ഷേപിക്കും
G7 Summit | (Photo by JONATHAN ERNST / POOL / AFP)
ജി7 ഉച്ചകോടിയുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മാധ്യമങ്ങളോടു സംസാരിക്കുന്നു. ഉച്ചകോടി നടക്കുന്ന തെക്കൻ ജർമനിയിലെ എൽമാവു കോട്ടയിൽനിന്നുള്ള ചിത്രം. (Photo by JONATHAN ERNST / POOL / AFP)
SHARE

ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുമായി അവികസിത, വികസ്വര രാജ്യങ്ങളിലേക്ക് കടന്നുകയറി ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന ചൈനയുടെ നീക്കങ്ങൾക്ക് കടിഞ്ഞാണിടാൻ യുഎസിന്റെ നേതൃത്വത്തിൽ ജി7 രാജ്യങ്ങളുടെ നീക്കം. ജർമനിയിൽ ഞായറാഴ്ച ആരംഭിച്ച ജി7 ഉച്ചകോടിയിലാണ് ‘പാർട്നർഷിപ് ഫോർ ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്മെന്റ്’ എന്നു പേരിട്ട് ചൈനീസ് തന്ത്രങ്ങൾക്കു ബദൽ പദ്ധതി ഒരുങ്ങിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ ഇടത്തരം, കുറഞ്ഞ വരുമാന നിരക്കുകളുള്ള രാജ്യങ്ങളുടെ വികസനത്തിനായി അടുത്ത അഞ്ച് വർഷത്തിനുള്ള‌ിൽ 600 ബില്യൻ യുഎസ് ഡോളർ ചെലവുവരുന്ന പദ്ധതികൾ നടപ്പാക്കാനാണ് ഒരുങ്ങുന്നത്.

G7-SUMMIT | (Photo by Markus Schreiber / POOL / AFP)
(ഇടത്തുനിന്ന്) ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ഡ്രാഘി, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിച്ചൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമന്‍ ചാൻസലർ ഒലാഫ് ഷോൾസ്, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയെൻ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവർ. ഉച്ചകോടി നടക്കുന്ന തെക്കൻ ജർമനിയിലെ എൽമാവു കോട്ടയിൽനിന്നുള്ള ചിത്രം. (Photo by Markus Schreiber / POOL / AFP)

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

കഴിഞ്ഞ ജൂലൈയിൽ ഇംഗ്ലണ്ടിലെ കോൺവാളിൽ നടന്ന ജി7 ഉച്ചകോടിയിലാണ് ആ‌ദ്യമായി ‘ബിൽഡ് ബാക്ക് ബെറ്റർ വേൾഡ്’ എന്ന പേരിൽ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. എന്നാൽ ആഭ്യന്തര ചെലവുകളും കാലാവസ്ഥാ അജൻഡകളും മറ്റു ജി7 രാജ്യങ്ങൾക്ക് സാമ്പത്തികമായി സഹായിക്കാനാകാതെ പോയതും മറ്റു ചില കാരണങ്ങളും കൊണ്ട് പദ്ധതി അന്നുതന്നെ തമസ്കരിക്കപ്പെട്ടു. യുഎസ് കോൺഗ്രസിൽ ഇതിനാവശ്യമായ സാമ്പത്തികം ലഭ്യമാക്കുന്നതിനുള്ള നിയമ പിന്തുണ ബൈഡൻ ഭരണകൂടത്തിന് ഇല്ലാതെ പോയതാണ് പദ്ധതി മരവിക്കാൻ കാരണമെന്നു യൂറോപ്യൻ രാജ്യങ്ങൾ പറയുന്നു.

G7-SUMMIT ​| (Photo by Ludovic MARIN / POOL / AFP)
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ഡ്രാഘി, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയെൻ എന്നിവർ. ഉച്ചകോടി നടക്കുന്ന തെക്കൻ ജർമനിയിലെ എൽമാവു കോട്ടയിൽനിന്നുള്ള ചിത്രം. (Photo by Ludovic MARIN / POOL / AFP)

‌‘ബിൽഡ് ബാക്ക് ബെറ്റർ വേൾഡ്’ എന്ന പദ്ധതി പേരുമാറ്റി ‘പാർട്നർഷിപ് ഫോർ ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്മെന്റ്’ എന്ന പേരിലാകുമ്പോൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പദ്ധതിയിൽനിന്ന് കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം പദ്ധതി പ്രഖ്യാപിക്കുമ്പോഴും ലക്ഷ്യം ചൈനയുടെ തേരോട്ടത്തിനു കൂച്ചുവിലങ്ങിടുക എന്നതായിരുന്നു. 2027 ന്റെ അവസാനത്തോടെ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയാണ് 600 ബില്യൻ യുഎസ് ഡോളറിന്റെ പദ്ധതികൾ കൊണ്ടുവരിക. ഇതിൽ 200 ബില്യൻ യുഎസ് ഡോളറിന്റെ പദ്ധതികൾ യുഎസിൽനിന്ന് ഉണ്ടാകുമെന്നും ബൈഡന്‍ വ്യക്തമാക്കി. ‘‘എന്തൊക്കെ ചെയ്യാനാകുമെന്ന് ജനാധിപത്യ രാജ്യങ്ങൾ കാണിച്ചുകൊടുക്കുമ്പോൾ, മത്സരത്തിൽ എല്ലാത്തവണയും നമ്മൾതന്നെ ജയിക്കുമെന്നതിൽ സംശയമില്ല’’ – ഉച്ചകോടിയോട് അനുബന്ധിച്ചു നടന്ന പരിപാടിയിൽ പങ്കെടുത്ത് ബൈഡൻ പറഞ്ഞു.

G7-SUMMIT | (Photo by Brendan Smialowski / AFP)
ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ജി7 ഉച്ചകോടിക്കിടെ മാധ്യമങ്ങളോടു സംസാരിക്കുന്നു. ഉച്ചകോടി നടക്കുന്ന തെക്കൻ ജർമനിയിലെ എൽമാവു കോട്ടയിൽനിന്നുള്ള ചിത്രം. (Photo by Brendan Smialowski / AFP)

‘കടംകൊടുത്ത് രാജ്യങ്ങളെ കെണിയിലാക്കുന്ന’ പദ്ധതിയാണ് ചൈനയുട‌േതെന്ന നിലപാടാണ് യുഎസിന്റേത്. ചൈനയുടെ കൈയിൽനിന്ന് വികസന പദ്ധതികൾക്കായി വികസ്വര, അവികസിത രാജ്യങ്ങൾ വൻതോതിൽ പണം കടംവാങ്ങും. എന്നാൽ ഇവ തിരിച്ചടയ്ക്കാൻ കഴിയാത്തവണ്ണം അമിത തിരിച്ചടവു വ്യവസ്ഥകളായിരിക്കും കരാറിലുണ്ടാകുക. ഇങ്ങനെ രാജ്യങ്ങളെ വരുതിയിലാക്കി തങ്ങളുടെ സ്വാധീനം ആ മേഖലയിൽ വർധിപ്പിക്കുകയാണ് ചൈന ബെൽറ്റ് ആൻഡ് റോഡ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

G7-SUMMIT | (Photo by JONATHAN ERNST / POOL / AFP)
ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ജി7 ഉച്ചകോടിക്കിടെ മാധ്യമങ്ങളോടു സംസാരിക്കുന്നു. ഉച്ചകോടി നടക്കുന്ന തെക്കൻ ജർമനിയിലെ എൽമാവു കോട്ടയിൽനിന്നുള്ള ചിത്രം. (Photo by JONATHAN ERNST / POOL / AFP)

എല്ലാം ഒരു കുടക്കീഴിൽ

2021 മുതൽ 2027 വരെ 300 ബില്യൻ യുഎസ് ഡോളർ നിക്ഷേപിക്കാനായിരുന്നു കോൺവാൾ ഉച്ചകോടിയിലെ തീരുമാനം. എന്നാൽ അതേസമയംതന്നെ ജി7 ന്റെ ഭാഗമായ യൂറോപ്യൻ യൂണിയനും (ഇയു) യുകെയും ജപ്പാനുമൊക്കെ പല പദ്ധതികൾ കൊണ്ടുവരികയും ചെയ്തു. ഇതെല്ലാമുണ്ടാക്കിയ ആശയക്കുഴപ്പമാണ് കഴിഞ്ഞ വർഷം പദ്ധതി ഇഴഞ്ഞുനീങ്ങാൻ കാരണമെന്നാണ് വിശദീകരണം. യുകെ സ്വന്തമായി ക്ലീൻ ഗ്രീൻ ഇനീഷ്യേറ്റീവ് പ്രഖ്യാപിച്ചു, മേഖലയെ പരസ്പരം ബന്ധിപ്പിക്കാനായി ജപ്പാൻ ഇതേ കാലയളവിൽ 65 ബില്യൻ യുഎസ് ഡോളറിന്റെ പദ്ധതിയുമായാണ് വന്നത്. ബിൽഡ് ബാക്ക് ബെറ്റർ വേൾഡ് എന്ന പദ്ധതിയോടൊപ്പമായിരിക്കും തങ്ങളുടെ ഫണ്ട് വിനിയോഗമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കുകയും ചെയ്തു.

G7-SUMMIT | (Photo by JONATHAN ERNST / POOL / AFP)
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ജർമൻ പ്രധാനമന്ത്രി ഒലാഫ് ഷോൾസ് എന്നിവർ കുടുംബ ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം. ഉച്ചകോടി നടക്കുന്ന തെക്കൻ ജർമനിയിലെ എൽമാവു കോട്ടയിൽനിന്നുള്ള ചിത്രം. (Photo by JONATHAN ERNST / POOL / AFP)

എന്നാൽ ഒരു കുടക്കീഴിൽ എല്ലാം കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് നേതാക്കൾക്കു മനസ്സിലായി. കഴിഞ്ഞ നവംബറിൽ ഗ്ലാസ്ഗോവിൽ കോപ്26 എന്ന ചടങ്ങിൽവച്ച് ജോ ബൈഡൻ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയെൻ, ‌യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ കൂടിക്കാഴ്ച നടത്തി ഈ നിലപാട് ഉറപ്പിച്ചു. പാവപ്പെട്ട രാജ്യങ്ങൾക്ക് ഒറ്റയ്ക്കൊറ്റയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് തങ്ങളുടെ പ്രയത്നം ഇരട്ടിപ്പിക്കേണ്ടെന്നു തീരുമാനിച്ചതോടെ പദ്ധതി റീബ്രാൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഈ ആശയക്കുഴപ്പത്തിന്റെ കാര്യം ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഞായറാഴ്ച ജി7ലെ പരിപാടിയിൽ വ്യക്തമാക്കുകയും ചെയ്തു. ഒരു പൊതു കുടക്കീഴിൽ എല്ലാ പദ്ധതികളും കൊണ്ടുവരുന്നതിന്റെ നേട്ടം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.

G7-SUMMIT |​ (Photo by Ludovic MARIN / POOL / AFP)
(ഇടത്തുനിന്ന്) ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ഡ്രാഘി, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയെൻ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ജർമന്‍ ചാൻസലർ ഒലാഫ് ഷോൾസ്, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിച്ചൽ എന്നിവർ. ഉച്ചകോടി നടക്കുന്ന തെക്കൻ ജർമനിയിലെ എൽമാവു കോട്ടയിൽനിന്നുള്ള ചിത്രം. (Photo by Ludovic MARIN / POOL / AFP)

സ്വകാര്യ നിക്ഷേപങ്ങൾ, സർക്കാർ ഫണ്ടിങ്ങും

പദ്ധതിയില്‍ കൂടുതലും സ്വകാര്യ നിക്ഷേപങ്ങൾ ആയിരിക്കുമെന്ന് ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യുഎസ് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെയും എക്സ്പോർട്ട് – ഇംപോർട്ട് ബാങ്കിന്റെയും വിവിധ വിദേശ സർക്കാരുകളുടെയും മറ്റു പദ്ധതികളുമുണ്ടാകും. അതേസമയം, യുഎസ് നിക്ഷേപിക്കുന്ന 200 ബില്യൻ യുഎസ് ഡോളർ പദ്ധതികളിൽ എത്രയാണ് സ്വകാര്യ നിക്ഷേപമെന്ന് വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല, എങ്ങനെയാണ് പദ്ധതികളുടെ വിന്യാസമെന്നോ കമ്പനികളെ എങ്ങനെ ഇക്കാര്യത്തിൽ ബോധ്യപ്പെടുത്തുമെന്നോ വ്യക്തമായിട്ടില്ല.

G7-SUMMIT | (Photo by Kenny Holston / POOL / AFP)
(ഇടത്തുനിന്ന്) ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയൻ, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിച്ചൽ, ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ഡ്രാഘി, ജർമൻ ചാൻസർ ഒലാഫ് ഷോൾസ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ എന്നിവർ ജി7 ഉച്ചകോടിക്കിടെ ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ. (Photo by Kenny Holston / POOL / AFP)

പദ്ധതികൾ ഇങ്ങനെ

യൂറോപ്പിനെയും തെക്കു – കിഴക്കൻ ഏഷ്യയെയും ബന്ധിപ്പിക്കുന്ന സബ് സീ കേബിൾ ശൃംഖല, സെനഗലിൽ എംആർഎൻഎ വാക്സീൻ ഉത്പാദന കേന്ദ്രം, അംഗോളയിൽ സോളർ പദ്ധതികൾ, റൊമാനിയയിൽ മോഡ്യുലാർ ആണവ റിയാക്ടർ പ്ലാന്റ്, ക്രിസ്മസ് ദ്വീപിനെയും ലോകത്തെയും ബന്ധിപ്പിക്കുന്ന തുറമുഖം തുടങ്ങിയവയാണ് ആദ്യം പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ.

G7-SUMMIT | (Photo by Matthias Schrader / POOL / AFP)
ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് (വലത്) ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി നടത്തിയ ഉഭയകക്ഷി യോഗത്തിൽനിന്ന്. ജി7 ഉച്ചകോടി നടക്കുന്ന തെക്കൻ ജർമനിയിലെ എൽമാവു കോട്ടയിൽനിന്നുള്ള ചിത്രം. (Photo by Matthias Schrader / POOL / AFP)
G7-SUMMIT |  (Photo by LUKAS BARTH / POOL / AFP)
ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ഡ്രാഘി ജി7 ഉച്ചകോടിക്കിടെ മാധ്യമങ്ങളോടു സംസാരിക്കുന്നു. ജർമൻ ചാൻസലർ ഒലാഫ് ഷോൾസും യുഎസ് പ്രസിഡന്റ് ജോ ബൈഡനും സമീപം. ഉച്ചകോടി നടക്കുന്ന തെക്കൻ ജർമനിയിലെ എൽമാവു കോട്ടയിൽനിന്നുള്ള ചിത്രം. (Photo by LUKAS BARTH / POOL / AFP)
G7-SUMMIT | (Photo by LUKAS BARTH / POOL / AFP)
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിച്ചൽ ജി7 ഉച്ചകോടിക്കിടെ മാധ്യമങ്ങളോടു സംസാരിക്കുന്നു. ഉച്ചകോടി നടക്കുന്ന തെക്കൻ ജർമനിയിലെ എൽമാവു കോട്ടയിൽനിന്നുള്ള ചിത്രം. (Photo by LUKAS BARTH / POOL / AFP)

English Summary: G7 relaunches funding program for developing countries under a new name, to Counter China’s Belt and Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS