ADVERTISEMENT

കൊച്ചി∙ ‘‘എന്നെ കടത്തിക്കൊണ്ടുപോയി ഉപദ്രവിക്കുകയും അറബികൾക്കു വിറ്റു കാശുവാങ്ങുകയും ചെയ്തവർക്കെതിരെ ഇവിടുത്തെ പൊലീസും നിയമവും ചെറുവിരലെങ്കിലും അനക്കിയിരുന്നെങ്കിൽ ഇപ്പോൾ ഇതൊന്നും ആവർത്തിക്കുകയില്ലായിരുന്നു.’’ – മസ്കത്തിൽ ഏജന്റുമാരുടെയും അറബികളുടെയും ക്രൂരപീഡനങ്ങൾക്ക് ഇരയായി ജീവിക്കുന്നതിനിടെ ചില സന്മ‍നസുള്ളവരുടെ ഇടപെടലിൽ രണ്ടു വർഷം മുൻപു തിരികെയെത്തിയ ഫോർട്ട് കൊച്ചി സ്വദേശിനി നളിനിയുടെ (യഥാർഥ പേരല്ല) വാക്കുകളാണ് ഇത്.

‘‘പ്രതികൾ കൺമുന്നിൽ വന്നിട്ടും പൊലീസ് ഇവരെ പിടികൂടുകയോ തടവിലാക്കുകയോ ചെയ്യാതിരുന്നതുകൊണ്ടു മാത്രം ഇപ്പോഴും അവർ മാന്യൻമാരായി ജീവിക്കുകയും പാവപ്പെട്ട പെൺകുട്ടികളോട് ഇത് ആവർത്തിക്കുകയും ചെയ്യുന്നു. ഇടയ്ക്ക് കേസ് ഒത്തു തീർപ്പാക്കണം എന്ന ആവശ്യവുമായി ചില ഇടനിലക്കാർ വഴി സമീപിച്ചു. ഒരിക്കലും ഇതൊന്നും ആവർത്തിക്കരുതെന്നു നിർബന്ധമുള്ളതുകൊണ്ടാണ് കേസുമായി പോകാൻ തീരുമാനിച്ചിരിക്കുന്നത്. എന്തോരം കഷ്ടപ്പെട്ടിട്ടുണ്ട്. ഇത്രയുമായിട്ടും അൻവറിനെയും ദിൽഷാദിനെയും പോലെയുള്ളവർ ഞങ്ങളെപ്പോലെയുള്ള പെണ്ണുങ്ങളെ കൊണ്ടുപോയി വിറ്റു ജീവിക്കുകയാണ്.’’– നളിനി പറയുന്നു.

 രക്ഷകരായി എത്തിയ അഭിഭാഷകർ

ചേച്ചി എറണാകുളത്ത് സിറ്റി ആശുപത്രിയിൽ ക്ലീനിങ് ജോലി ചെയ്യുകയാണ്. അവിടെ ഓപ്പറേഷൻ തിയേറ്ററിലെ ഒരു നഴ്സിനോട് എന്റെ കാര്യം പറഞ്ഞു കുറെ കരഞ്ഞു. ഇതു കണ്ടു മനസ്സലിഞ്ഞ നഴ്സാണ് ബന്ധുവായ അഭിഭാഷകൻ സജി സാറിനോടു കാര്യങ്ങൾ പറയുന്നത്. പ്രവാസി ലീഗൽ സെല്ലുമായി ബന്ധമുള്ള അഭിഭാഷകരായ സജിസാറും ഡി.ബി.ബിനു സാർ, ജോസ് സാർ എന്നിവരും എനിക്കായി നടത്തിയ അന്വേഷണമാണ് ജീവിതത്തിലേയ്ക്കു തിരിച്ചു കൊണ്ടുവന്നത്. ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന അഭിഭാഷകരായിരുന്ന ഇവർ, ഒരു പൈസ പോലും ചോദിച്ചിട്ടില്ല. കേസിന്റെ കാര്യങ്ങൾ അവരാണ് ഇപ്പോഴും നോക്കുന്നത്.

തിരിച്ചെത്തിയിട്ട് ഈ സെപ്റ്റംബറിൽ രണ്ടു വർഷം തികയുകയാണ്. നഗരത്തിൽ ഒരു ഫുഡ് പ്രോസസിങ് യൂണിറ്റിൽ ജോലി ചെയ്യുകയാണ് നളിനി ഇപ്പോൾ. ജോലിക്കു പോകാൻ വയ്യെങ്കിലും വീടിന്റെ വാടക കൊടുക്കാനും കുട്ടികളുടെ പഠനത്തിനും പണം കണ്ടെത്താൻ വേറെ വഴിയില്ല. വൈകാതെ മകളുടെ വിവാഹമാണ്.

പ്രതികളെ ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. തിരിച്ചെത്തിയ ശേഷം മട്ടാഞ്ചേരി പൊലീസിൽ നേരിട്ടെത്തി പരാതി നൽകി. അതിനു മുൻപ് അമ്മ എത്രയോ തവണ പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങി. എന്തുവന്നാലും കുറ്റക്കാരുമായി ഒരു ഒത്തുതീർപ്പിനും തയാറല്ല എന്നതിൽ സംശയമില്ല. എന്റെ സഹോദരനെ വരെ പ്രതികൾ സമീപിച്ചു. ഇതിനിടെ ബന്ധുവായ സ്ത്രീയെ കാണാറുണ്ടെങ്കിലും മിണ്ടാറില്ല. അവർ വഴിമാറി പോകുന്നതാണ് പതിവ്. നഷ്ടപരിഹാരം വാങ്ങാനല്ല കേസ് കൊടുത്തിരിക്കുന്നത്. പൈസ വാങ്ങി സംഭവിച്ചതെല്ലാം മൂടിവച്ചിട്ട് ഒരു കാര്യവുമില്ല. കുറ്റക്കാരെ പുറത്തു കൊണ്ടുവന്നു ശിക്ഷ കൊടുക്കണമെന്നാണ് ആഗ്രഹം.– നളിനി പറഞ്ഞു.

∙ ചതിച്ചത് സ്വന്തക്കാരി

രണ്ടു വർഷം വിദേശത്ത് അനുഭവിച്ച ദുരിത ജീവിത്തെക്കുറിച്ചു പറയുമ്പോൾ നളിനിക്കു കണ്ണു നിറയും. ഇപ്പോഴും കുറ്റവാളികൾക്കെതിരെ ഒന്നും ചെയ്യാത്തതിന്റെ രോഷം കണ്ണിൽ ആളിക്കത്തും. നെഞ്ചുവിങ്ങുന്ന ഓർമകളാണ് ആ പീഡന ദിവസങ്ങൾ നളിനിക്ക്. ഒരു വീടു പണിയണം, മക്കൾക്കു നല്ല വിദ്യാഭ്യാസം നൽകണം, മത്സ്യത്തൊഴിൽ ചെയ്യുന്ന ഭർത്താവിനു കാര്യമായ വരുമാനമില്ലാത്തതിനാൽ അദ്ദേഹത്തിനും സഹായമാകണം. ഇതിൽ കൂടുതലൊന്നും ആഗ്രഹിച്ചല്ല വിദേശ ജോലിക്കു തയാറായത്. താൽപര്യം അറിഞ്ഞ് സഹായിക്കാനെന്ന പേരിൽ അടുത്തു കൂടിയതാണ് അടുത്ത ബന്ധത്തിലുള്ള ഒരു സ്ത്രീ.

വൈപ്പിനിൽ താമസിക്കുന്ന ജുമൈല(ഇനി പറയുന്നതെല്ലാം ശരിയായ പേരുകളും സ്ഥലവുമാണ്) ‘ഒരു വലിയ വീട്ടിൽ കുഞ്ഞിനെ നോക്കിയാൽ മാത്രം മതി, ആദ്യം 25,000 രൂപയും പിന്നെ 30,000 രൂപയും ശമ്പളം ലഭിക്കും. അടുക്കളപ്പണിക്കും ക്ലീനിങ്ങിനുമെല്ലാം വേറെ ആളുകളുണ്ട്’ ഇതായിരുന്നു വാഗ്ദാനം. കുറച്ചുനാൾ വിദേശത്തു ജോലി ചെയ്തു മടങ്ങി വരാമെന്ന പ്രതീക്ഷയിലാണ് പോകാൻ തീരുമാനിച്ചത്.

വിമാനത്താവളത്തിൽവച്ചാണ് കരുനാഗപ്പള്ളി സ്വദേശിയെന്നു പറയുന്ന ദിൽഷാദ് എന്നയാളെ പരിചയപ്പെടുന്നത്. ദുബായിൽ ഇവരുടെ ഓഫിസിലാണ് ക്രൂരമായ മർദനത്തിന് ഇരയാകുന്നത്. അടിവയറ്റിനു ചവിട്ടിയപ്പോൾ തെറിച്ചു വീണതെല്ലാം ഇന്നെന്ന പോലെ ഓർമയുണ്ട്. ചാട്ടവാറുകൊണ്ടു ക്രൂരമായി അടിച്ചു വേദനിപ്പിച്ചു. അതിന്റെ ദുരിതവും വേദനയുമെല്ലാം ഇപ്പോഴാണ് അനുഭവിക്കുന്നത്. തൊഴി കിട്ടിയതുകൊണ്ടാകും, ഗർഭാശയത്തിനു കാര്യമായ തകരാറു പറ്റി ഇപ്പോൾ ജോലിക്കു പോലും പോകാനാവാത്ത പ്രശ്നമുണ്ട്.

Human Trafficking
പ്രതീകാത്മക ചിത്രം

രണ്ടു ചെവിക്കുറ്റിയിലും മാറിമാറി അടിച്ചു. അപ്പോഴത്തെ അവസ്ഥ ഇപ്പോഴും ഓർക്കുമ്പോൾ ഭയങ്കര വിഷമം വരും. രണ്ടേ മുക്കാൽ ലക്ഷം രൂപ തന്നാലേ തിരിച്ചു പോകാനാകൂ എന്ന് ഓഫിസിൽനിന്നു പറഞ്ഞു. ഹിന്ദിയും അറബിയും അറിയില്ലാത്തതിനാൽ മലയാളം അറിയുന്ന ഒരാൾ വഴി ഇതെല്ലാം പറഞ്ഞു കേൾപ്പിച്ചു.

ഏജന്റ് വഴിയാണ് പോകുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ അതിനു മുതിരില്ലായിരുന്നു. ഇവിടെനിന്നു പോയവരിൽ ബേബി എന്നു പേരുള്ള മറ്റൊരു പെൺകുട്ടി കൂടിയുണ്ടായിരുന്നു. എന്നെ മാത്രമാണ് മസ്കത്തിലേയ്ക്കു കയറ്റി വിട്ടത്. ബേബിയെ മൂന്നു മാസം കഴിഞ്ഞു തിരികെ കൊണ്ടുവന്നെന്നു കേട്ടു. ഓഫിസിൽ കൊണ്ടുപോയി ഉപദ്രവിക്കുന്ന കാര്യം നാട്ടിൽ അറിയിക്കാൻ പറ്റിയതാണ് രക്ഷയായത്. എംബസി ഇടപെടലിൽ അവർ രക്ഷപെട്ടു. ഫോൺ പോലും തല്ലിപ്പൊട്ടിച്ചതിനാൽ എനിക്ക് നാട്ടിൽ അറിയിക്കാൻ പോലും സാധിക്കാതെ പോയി. ജുമൈലയ്ക്കൊപ്പം കരുനാഗപ്പള്ളി സ്വദേശി അൻവറും നിഷാദുമാണ് തന്നെ വിദേശത്തെത്തിച്ചു അറബിക്കു വിറ്റത്. ഇവർക്കെതിരെ പരാതി നൽകിയിട്ടും ഫലം കണ്ടിട്ടില്ല.

വിറ്റത് രണ്ടര ലക്ഷം രൂപയ്ക്ക്; വധശ്രമവും

Human Trafficking
പ്രതീകാത്മക ചിത്രം

ആദ്യം മൂന്നു മാസം കഠിനമായി ജോലി ചെയ്യിപ്പിച്ചപ്പോൾ ഒന്നും എന്നെ പണത്തിനു വിറ്റതാണെന്ന് അറിഞ്ഞിരുന്നില്ല. കുട്ടിയെ നോക്കിയാൽ മാത്രം പോര, ഭക്ഷണമുണ്ടാക്കണം, ക്ലീനിങ് ജോലികൾ ചെയ്യണം എന്ന് അറിഞ്ഞപ്പോൾ അക്കാര്യം വീട്ടുകാരെ അറിയിച്ചിരുന്നു. രണ്ടാമത് മറ്റൊരു വീട്ടിലാക്കിയപ്പോഴാണ് തന്നെ വിറ്റതാണെന്നും ഏജന്റുമാരാണ് ഇതു ചെയ്യുന്നതെന്നും അറിയുന്നത്. അവിടെയുള്ളവരാണ് ഇക്കാര്യം പറയുന്നത്. 15,000 രൂപ മാത്രമാണ് ശമ്പളം നൽകിയത്. ശമ്പളം കിട്ടിയാലേ തൈറോയ്ഡിനു ഗുളിക വാങ്ങാൻ പോലും സാധിക്കുമായിരുന്നുള്ളൂ. രാവിലെ അരഗ്ലാസ് കട്ടൻചായയും ഒരു ബണ്ണും മാത്രമാണ് കഴിക്കാൻ തന്നിരുന്നത്. ഉച്ചയ്ക്കും ഇതു മാത്രം. ഭക്ഷണമില്ലാത്തതിനു പുറമേ അവരുടെ ഉപദ്രവവും.

ഒരു വീട്ടിൽ ജോലിക്കു നിൽക്കുമ്പോൾ ക്രൂരപീഡനങ്ങൾക്കു പുറമേ കൊല്ലാനുള്ള ശ്രവുമുണ്ടായി. ഒരു ദിവസം ചപ്പാത്തിയുണ്ടാക്കാൻ പറഞ്ഞ് അവർ ഗ്യാസ് തുറന്നുവിട്ടു പൊയ്ക്കളഞ്ഞു. ഗ്യാസിലേയ്ക്കു തീ കൊടുത്തതും മുഖത്തേയ്ക്ക് തീ ആളിക്കത്തി. മുഖം വെട്ടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ കത്തിക്കരിഞ്ഞു പോകുമായിരുന്നു. കരിഞ്ഞ ശരീരം മാത്രം നാട്ടിൽ കൊണ്ടുവരേണ്ടി വരുമായിരുന്നു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഇന്ന് ഓർക്കുമ്പോൾ ദൈവത്തോടു നന്ദി പറയും. എന്നെ ഇന്ത്യയിലേയ്ക്കു വിടില്ലെന്ന് അവർ തീർത്തു പറഞ്ഞു. ലൈംഗികമായ ഉപദ്രവം ആരിൽനിന്നും ഉണ്ടായില്ലെന്നതു മാത്രമാണ് ഏക ആശ്വാസം.

Content Highlights: Human Trafficking, Crime, Crime News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com