ADVERTISEMENT

മുംബൈ ∙ ശിവസേന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനുവമായി വിമതനേതാവ് ഏക്നാഥ് ഷിൻഡെ വീണ്ടും രംഗത്ത്. ബോംബ് സ്‌ഫോടനങ്ങൾ നടത്തി നിരപരാധികളായ മുംബൈക്കാരെ കൊന്നൊടുക്കിയ ദാവൂദ് ഇബ്രാഹിമുമായി നേരിട്ട് ബന്ധമുള്ളവരെ ബാൽ താക്കറെയുടെ പാർട്ടി എങ്ങനെ പിന്തുണയ്ക്കുമെന്ന് ഷിൻഡെ ചോദിച്ചു. ഇതിനെതിരെ പ്രതിഷേധിക്കാനാണ് താനും മറ്റ് എംഎൽഎമാരും കലാപത്തിന്റെ കൊടി ഉയർത്തിയതെന്നും ബാൽ താക്കറെയുടെ ശിവസേനയെ രക്ഷിക്കാനുള്ള ശ്രമത്തിൽ തന്റെ ജീവൻ പോലും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുക്കൾ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന എൻസിപി മന്ത്രി നവാബ് മാലിക്കിനെ പരാമർശിച്ചായിരുന്നു മറാഠിയിലുള്ള ഷിൻഡെയുടെ ട്വീറ്റ്.

വിമത എംഎൽഎമാർ ജീവിച്ചിരിക്കുന്ന ശവങ്ങളെപ്പോലെയാണെന്നു പറഞ്ഞ ശിവസേന എംപി സഞ്ജയ് റാവുത്തിനുള്ള മറുപടിയായിരുന്നു ഷിൻഡെയുടെ ട്വീറ്റ്. ‘അവരുടെ ശരീരങ്ങൾ മാത്രമേ തിരികെയെത്തുകയുള്ളൂ, ആത്മാവ് മരിച്ചു. ഈ നാൽപതു പേർ ഇവിടെ കാലുകുത്തുമ്പോൾ അവർ ഹൃദയം കൊണ്ട് മരിച്ചിരിക്കും. ഇപ്പോൾ ഇവിടെ കത്തുന്ന തീയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവർക്കറിയാം.’– സഞ്ജയ് റാവുത്ത് പറഞ്ഞു.

ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെയുമായി ചർച്ച നടത്തിയെന്നു റിപ്പോർട്ടുണ്ട്. ഷിൻഡെ, രാജ് താക്കറെയെ രണ്ടു തവണ ഫോണിൽ ബന്ധപ്പെട്ടെന്നും മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയെന്നും എംഎൻഎസിലെ ഉന്നത നേതാവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആശുപത്രിവിട്ട രാജ് താക്കറെയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ഷിൻഡെ ചോദിച്ചറിഞ്ഞതായി എംഎൻഎസ് നേതാവ് അറിയിച്ചു. ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ സഹോദരനായ ശ്രീകാന്ത് താക്കറെയുടെ മകനാണ് രാജ് താക്കറെ. ശിവസേനയുമായി ഉടക്കിപ്പിരിഞ്ഞ രാജ് താക്കറെ, 2006ലാണ് എംഎൻഎസ് രൂപീകരിച്ചത്.

അസമിലെ ഗുവാഹത്തിയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് ശിവസേന വിമതർ ക്യാംപ് ചെയ്തിരിക്കുന്നത്. 38 ശിവസേന എംഎൽമാരുൾപ്പെടെ അമ്പതിനടുത്ത് എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ഏക്നാഥ് ഷിൻ‍ഡെയുടെ അവകാശവാദം. ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്തും ഞായറാഴ്ച വിമതക്യാംപിലെത്തിയിരുന്നു. ഷിൻഡെ ക്യാംപിലെത്തുന്ന എട്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. എംഎൽഎമാരിൽ നിന്നു മന്ത്രിപദം ലഭിച്ച സേനാ നേതാക്കളിൽ, മകൻ ആദിത്യ താക്കറെ മാത്രമാണ് ഉദ്ധവ് പക്ഷത്ത് അവശേഷിക്കുന്നത്. മറ്റു സേനാ മന്ത്രിമാർ നിയമനിർമാണ കൗൺസിൽ അംഗങ്ങളാണ്.

English Summary: Sena Rebel's "Support Those Who Have Dawood Links" Barb At Team Thackeray

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com