ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭയിൽ സ്വർണ കള്ളക്കടത്തിനെ കുറിച്ചുള്ള ചർച്ചയിൽ ഉത്തരം നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ദേശവിരുദ്ധ സ്വഭാവമുള്ള ഒരു കേസിൽ ആരോപണവിധേയനായിട്ടും നിരവധി ചോദ്യങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയാസ്പദമാണ്. സ്വപ്നയ്ക്ക് പിന്നിൽ സംഘപരിവാറിന്റെ ഗൂഢാലോചനയാണെന്ന് പിണറായി വിജയൻ വിലപിക്കുന്നത് കാണുമ്പോൾ ജനങ്ങൾ പുച്ഛിക്കും. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കെതിരെയുള്ള ഗൂഢാലോചന പോലും തെളിയിക്കാനാവാത്ത അദ്ദേഹം രാജിവയ്ക്കുന്നത് തന്നെയാണ് നല്ലതെന്ന് സുരേന്ദ്രൻ പരിഹസിച്ചു.

ദിവസവും നാമം ജപിക്കുന്നതു പോലെ സംഘപരിവാർ, സംഘപരിവാർ എന്നു പറഞ്ഞ് രക്ഷപ്പെടാമെന്ന് പിണറായി വിജൻ കരുതരുത്. സംഘപരിവാറിനോ ബിജെപിക്കോ എച്ച്ആർഡിഎസുമായി ബന്ധമില്ല. മുൻ എസ്എഫ്ഐ നേതാക്കളും ഇപ്പോഴും സിപിഎമ്മുമായി ബന്ധമുള്ളവരുമാണ് ഈ കമ്പനി നടത്തുന്നത്. എന്തുകൊണ്ടാണ് ഇത്രയും വലിയ ആരോപണം കുടുംബത്തിനെതിരെ വരെ ഉന്നയിച്ചിട്ടും സ്വപ്നയ്ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടത്തിനു കേസ് കൊടുക്കാത്തത്? മുഖ്യമന്ത്രി വിദേശത്തേക്കു പണം കടത്തിയെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച ഷാജ് കിരണിനെ അറസ്റ്റ് ചെയ്യാത്തതെന്താണെന്നും സുരേന്ദ്രൻ ചോദിച്ചു

മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഇസ്‌ലാമോഫോബിയയുടെ ഭാഗമായാണെന്ന ഇടതുപക്ഷ എംഎൽഎയുടെ നിലപാട് വർഗീയത ആളിക്കത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സുരേന്ദ്രൻ പറഞ്ഞു. വിദേശത്തുനിന്നും ഖുർആൻ കടത്തലും റമസാന് ഈന്തപ്പഴമെത്തിക്കലുമാണോ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. രാഹുൽ ഗാന്ധിയും യച്ചൂരിയും ഡൽഹിയിൽ ആശയപരമായ യോജിപ്പിലെത്തിയപ്പോൾ നിയമസഭയിൽ ആമാശയപരമായ വിയോജിപ്പു കാരണമാണ് സതീശനും പിണറായി വിജയനും തല്ലു കൂടുന്നത്. കോൺഗ്രസിന്റെ പ്രതിഷേധത്തിന് ഒരു ആത്മാർഥതയുമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

English Summary: K Surendran slams Pinarayi Vijayan on gold smuggling case

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com