ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം ബാഗ് വിദേശത്തേക്കു കൊണ്ടുപോകാൻ സർക്കാർ സംവിധാനമില്ലേയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ബാഗ് കൊണ്ടുപോകാൻ നയതന്ത്ര സംവിധാനം മുഖ്യമന്ത്രി ഉപയോഗപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് കുഴൽനാടൻ ആവശ്യപ്പെട്ടു. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺസുലേറ്റ് സഹായത്തോടെ ബാഗ് കൊടുത്തുവിട്ടത് ശരിയാണെന്നു എം.ശിവശങ്കർ ഐഎഎസ് കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ടെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി. കുറച്ചു മണിക്കൂർ കൊണ്ട് വിദേശത്ത് എത്തിക്കാൻ കഴിയുന്ന ബാഗ് കൊടുത്തുവിടാൻ എന്തിനാണ് സ്വപ്നയുടേയും കോൺസല്‍ ജനറലിന്റെയും സഹായം ആവശ്യപ്പെടുന്നത്? സ്വപ്ന ക്ലിഫ് ഹൗസിൽ വന്ന സ്വാതന്ത്ര്യത്തോടെ ഏതെങ്കിലും സിപിഎം എംഎൽഎയ്ക്കോ സിപിഎം നേതാവിനോ ക്ലിഫ് ഹൗസിൽ വരാൻ കഴിയുമോയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.

പാലക്കാട് എംഎൽഎ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ജനങ്ങള്‍ക്ക് താല്‍പര്യമുള്ള വിഷയമായതിനാല്‍ ചര്‍ച്ചയാകാമെന്നു മുഖ്യമന്ത്രി പറഞ്ഞതോടെയാണ് സ്വര്‍ണക്കടത്തു കേസ് സഭയില്‍ ചര്‍ച്ചയായത്. കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്ന രണ്ടാമത്തെ അടിയന്തര പ്രമേയ നോട്ടിസാണിത്. ആദ്യ പ്രമേയം സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ചായിരുന്നു.

English Summary: Kerala Assembly UDF Adjournment Motion - Mathew Kuzhalnadan Speaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com