ADVERTISEMENT

തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ, മുഖ്യമന്ത്രി പിണറായി വിജയനായി പ്രതിരോധക്കോട്ട കെട്ടി ഇടതുമുന്നണി എംഎൽഎമാർ. സ്വർണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോൾ വന്നിരിക്കുന്നതെന്ന് ഭരണമുന്നണിയിൽനിന്ന് ആദ്യം സംസാരിച്ച വി.ജോയ് അഭിപ്രായപ്പെട്ടു. ഈ എപ്പിസോഡിലെ അംഗങ്ങളെ കൂട്ടിയോജിപ്പിക്കുന്നത് ബിജെപി – കോൺഗ്രസ് സഖ്യമാണെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എല്ലാവർക്കും മനസിലാകുന്ന കാര്യത്തിലാണ് പൊറാട്ട് നാടകവുമായി യുഡിഎഫ് രംഗത്തെത്തിയിരിക്കുന്നത് കേരള കോൺഗ്രസ് (എം) നേതാവ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ചൂണ്ടിക്കാട്ടി.

ഇവർക്കു പുറമെ പി.ബാലചന്ദ്രൻ (സിപിഐ), എ.എൻ.ഷംസീർ (സിപിഎം), തോമസ് കെ.തോമസ് (എൻസിപി), കെ.ബി.ഗണേഷ്കുമാർ (കേരള കോൺഗ്രസ് ബി), മാത്യു ടി.തോമസ് (ജെഡിഎസ്), കെ.ടി.ജലീൽ (സിപിഎം സ്വത.) എന്നിവരാണ് ഇടതുമുന്നണിക്കായി ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നത്. പിന്നീട് മന്ത്രിമാരും സംസാരിക്കും.

ജനങ്ങള്‍ക്ക് താല്‍പര്യമുള്ള വിഷയമായതിനാല്‍ ചര്‍ച്ചയാകാമെന്നു മുഖ്യമന്ത്രി പറഞ്ഞതോടെയാണ് സ്വര്‍ണക്കടത്തു കേസ് സഭയില്‍ ചര്‍ച്ചയായത്. കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്ന രണ്ടാമത്തെ അടിയന്തര പ്രമേയ നോട്ടിസാണിത്. ആദ്യ പ്രമേയം സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ചായിരുന്നു.

∙ വി.ജോയ് (സിപിഎം)

സ്വർണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഈ എപ്പിസോഡിലെ അംഗങ്ങളെ കൂട്ടിയോജിപ്പിക്കുന്നത് ബിജെപി – കോൺഗ്രസ് സഖ്യമാണ്. എൽഡിഎഫിലെ ആരുടെയും ദല്ലാളല്ല ഷാജ് കിരൺ (രമേശ് ചെന്നിത്തലയ്ക്കും കർണാടകയിലെ ബിജെപി മന്ത്രിക്കും കുമ്മനം രാജശേഖരനും ഒപ്പം ഷാജ് കിരൺ നിൽക്കുന്ന ഫോട്ടോയും വി.ജോയ് സഭയിൽ ഉയർത്തിക്കാട്ടി). സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിന്റെ ഏറ്റവും വലിയ അടുപ്പക്കാരൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്. സതീശനുമായി 29 വർഷത്തെ അടുത്ത സൗഹൃദമാണെന്നാണ് കൃഷ്ണരാജ് സമൂഹ മാധ്യമത്തിൽ കുറിച്ചത്. സ്വർണക്കടത്തിന്റെ രണ്ടാം എപ്പിസോഡ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുന്‍പായി പൊട്ടിക്കാനിരുന്നതാണ്. എന്നാൽ, കോടതി ഇടപെടലുകൾ കാരണം അതിനു കഴിഞ്ഞില്ല.

∙ സെബാസ്റ്റ്യന്‍ കുളത്തുങ്കൽ (കേരള കോൺഗ്രസ് എം)

രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എല്ലാവർക്കും മനസിലാകുന്ന കാര്യത്തിലാണ് പൊറാട്ട് നാടകവുമായി യുഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയുടെ മതനിരപേക്ഷതയുടെ മുഖമാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ.

∙ പി.ബാലചന്ദ്രൻ (സിപിഐ)

അടിയന്തര പ്രമേയത്തിനു പിന്നിൽ കോൺഗ്രസും ബിജെപിയുമാണ്. ഇതിന്റെ സംവിധായകൻ കെ.സുരേന്ദ്രനും പി.സി.ജോർജുമാണ്. നിർമാണം വി.ഡി.സതീശനും. ലൈറ്റ് ബോയിയും മേക്കപ്പ് ആർട്ടിസ്റ്റുകളും പ്രതിപക്ഷ നിരക്കാരാണ് പ്രതിപക്ഷത്തിനു വേണ്ടത് മുഖ്യമന്ത്രിയുടെ തലയാണ്. സ്വന്തം താൽപര്യങ്ങൾക്കായി കേന്ദ്രം ഇഡിയെ ഉപയോഗിക്കുകയാണ്. സർക്കാരിനെ ഏതു വിധത്തിൽ അപകീർത്തിപ്പെടുത്താൻ കഴിയും എന്നു നോക്കുന്നതിന്റെ അവസാന അടവാണ് വയനാട്ടിൽ കണ്ടത്. ഷാഫി പറമ്പിൽ ആരോപണങ്ങളുടെ ബിരിയാണി ചെമ്പ് തുറന്നെങ്കിലും അദ്ദേഹത്തിനു ഭക്ഷ്യ വിഷബാധയുണ്ടായി.

∙ എ.എൻ.ഷംസീർ (സിപിഎം)

ചിത്രം സിനിമപോലെ ഒരു വർഷം തുടർച്ചയായി ഓടിയിട്ടും സ്വർണക്കടത്തു കേസിന്റെ ആദ്യ എപ്പിസോഡ് കെപിസിസിക്കു നഷ്ടമായി പോയി. ഇസ്ലാമോഫോബിയയുടെ വക്താക്കളായി യുഡിഎഫ് മാറി. ഖുറാൻ, ഈന്തപ്പഴം, ബിരിയാണി ചെമ്പ് എന്ന രീതിയിലാണ് തെറ്റായ പ്രചാരണങ്ങൾ. മത ന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാന്‍ കഴിയുന്ന ഏക മുഖം പിണറായി വിജയന്റേതാണ്. കേരളത്തിൽ വൈദ്യുതിയിലൂടെ പ്രകാശം പരത്തിയ മുഖ്യമന്ത്രിയാണ് പിണറായി. അതിന്റെ പേരിൽ ലാവ്‌ലിൻ കേസ് വന്നു. പ്രതിപക്ഷം കെട്ടിപ്പൊക്കിയ കമല ഇന്റർനാഷനൽ എവിടെപ്പോയി? പിണറായിയുടെ ഗ്രാമത്തിൽ ആർക്കും സംഘടനാപരമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് കള്ളം പറഞ്ഞു. പക്ഷേ, അതിനെയെല്ലാം അതിജീവിച്ച് അദ്ദേഹം തുടർച്ചയായി മുഖ്യമന്ത്രിയായി. പവനായിയെന്ന സിനിമാ കഥാപാത്രത്തെയാണ് വി.ഡി.സതീശനെ കാണുമ്പോൾ ഓർക്കുന്നത്. പവനായി ശവമായ അവസ്ഥയാണ് അദ്ദേഹത്തിന്റേത്.

∙ കെ.ബി.ഗണേഷ്കുമാർ (കേരള കോൺഗ്രസ് ബി)

സംഘപരിവാറിനെയും വർഗീയ ശക്തികളെയും തടയാൻ എൽഡിഎഫിനും മുഖ്യമന്ത്രി പിണറായി വിജയനും മാത്രമേ കഴിയൂ. അദ്ദേഹത്തെ തളർത്തുകയാണ് പ്രതിപക്ഷ ലക്ഷ്യം. ക്ലിഫ് ഹൗസിലേക്കു ബിരിയാണി പാത്രത്തിൽ സ്വർണം കൊണ്ടുവന്നെന്നു പറഞ്ഞാൽ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കില്ല. കഴമ്പില്ലാത്ത കാര്യങ്ങൾ പറഞ്ഞ് അരാജകത്വം സൃഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമം.

∙ കെ.ടി.ജലീൽ (സിപിഎം സ്വതന്ത്രൻ)

സ്വർണക്കടത്തു കേസിൽ സർക്കാരിനെതിരെ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാക്കളാരും പിന്നീട് സഭ കണ്ടിട്ടില്ല. പാവപ്പെട്ടവർക്കു ഭക്ഷ്യകിറ്റ് വിതരണം ചെയ്തപ്പോൾ സ്വർണകിറ്റാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ പറഞ്ഞു. അത് യുഡിഎഫ് ഏറ്റുപിടിച്ചു. ആ വാദം പൊളിഞ്ഞു. ഈന്തപ്പഴത്തിന്റെ മറവിൽ സ്വർണം കടത്തിയെന്ന ആരോപണവുമായി കോൺഗ്രസ്–ബിജെപി സഖ്യം വീണ്ടുമെത്തി. അനാഥാലയത്തിലാണ് ഈന്തപ്പഴം കൊടുത്തത്. എന്നിട്ടും സ്വർണം കടത്തി എന്ന് ആവർത്തിച്ചു. പിന്നീട് ഖുറാന്റെ പേരിൽ സ്വർണം കടത്തി എന്നു പറഞ്ഞു. ഖുറാൻ പാക്കറ്റുകളുടെ തൂക്കം ശരിയല്ലെന്നും ആരോപണം ഉന്നയിച്ചു. സ്വർണക്കടത്തു കേസിന്റെ പേരിൽ കോൺഗ്രസും ബിജെപിയും കേരളത്തെ കലാപക്കളമാക്കി. അന്വേഷിച്ചിട്ടും കേന്ദ്ര ഏജൻസികൾക്ക് ഒന്നും ലഭിച്ചില്ല. ആരെയും തൊടാൻ ഏജൻസികൾക്കു കഴിഞ്ഞില്ല. യുഎഇ കോൺസുലേറ്റ് നികുതി അടയ്ക്കുന്നതോടെ ഖുറാൻ കേരളത്തിൽ എത്തിച്ച കേസ് അവസാനിക്കുമെന്നാണ് കസ്റ്റംസിന്റെ നോട്ടിസിൽ പറയുന്നത്.

English Summary: LDF MLAs defend CM Pinarayi Vijayan and LDF government in UDF's adjournment motion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com