ജയ്പുർ∙ പ്രവാചക വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട തയ്യൽ കടയുടമയെ വെട്ടിക്കൊന്നു. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. കനയ്യ ലാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. രണ്ടുപേരാണ് കൊലപാതകം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
ഉദയ്‌പുരിലെ രണ്ടു പേർ തയ്യൽ കടയിലേക്ക് കയറുന്നതും കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതുമാണ് വിഡിയോയിൽ കാണുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മറ്റൊരു വിഡിയോയിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുമായി പ്രതികൾ നിൽക്കുന്നതും കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുന്നതും വിഡിയോയിലുണ്ട്.
പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ദുഃഖം രേഖപ്പെടുത്തി. വേദനാജനകവും അപമാനകരവുമായ കാര്യമാണ് നടന്നതെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം നടന്ന ഉദയ്പുരിലെ മൽദാ തെരുവിൽ വൻ പ്രതിഷേധം അരങ്ങേറുന്നു.
English Summary : Shopkeeper beheaded in Udaipur over social media post on Nupur Sharma