ട്രെയിനിലെ എല്ലാ കംപാർട്മെന്റിലും ഒരു ‘പാനിക് ബട്ടൺ’ ഉണ്ടായിരുന്നെങ്കിലോ? ചങ്ങല വലിച്ചാൽ ട്രെയിൽ നിൽക്കുന്നതു പോലെ ഈ ബട്ടൺ അമർത്തിയാൽ സുരക്ഷാസേന ഓടിവരുമായിരുന്നെങ്കിലോ? ഇങ്ങനെയൊരു ചിന്ത സതേൺ റെയിൽവേ അധികൃതർ സജീവ ചർച്ചയ്ക്കെടുക്കുന്നത് 2011ൽ ആണ്. കൃത്യമായി പറഞ്ഞാൽ, പാസഞ്ചർ ട്രെയിനിൽ സൗമ്യ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ശേഷം. സൗമ്യ കൊല്ലപ്പെട്ട് 11 വർഷം പിന്നിടുമ്പോഴും പാനിക് ബട്ടൺ എന്ന ആശയം ചിന്തകളിൽ തന്നെ തുടരുന്നു. സൗമ്യയുടെ ഘാതകൻ ഗോവിന്ദച്ചാമിയെ 24 മണിക്കൂറിനകം പിടികൂടാൻ നേതൃത്വം നൽകിയ അന്നത്തെ റെയിൽവേ പൊലീസ് സൂപ്രണ്ട് എ.സി. തോമസ് പറയുന്നു, ‘ട്രെയിനുകളിൽ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കർശന സുരക്ഷാ സംവിധാനം ഏർപ്പെടുത്തേണ്ടതുണ്ട്.’ എന്നാൽ, സൗമ്യ സംഭവത്തിൽനിന്നു പാഠമൊന്നും ഉൾക്കൊള്ളാൻ ഇനിയും റെയിൽവേ തയാറായിട്ടില്ലെന്നു പുതിയ സംഭവങ്ങൾ തെളിയിക്കുന്നു. എറണാകുളത്തു നിന്നു തൃശൂരിലേക്കു ഗുരുവായൂർ എക്സ്പ്രസിൽ (പഴയ പാസഞ്ചർ തന്നെ) അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരി അതിക്രമത്തിനിരയായതു കഴിഞ്ഞ ദിവസമാണ്. ആറംഗ സംഘം പെൺകുട്ടിയുടെ ദേഹത്തു സ്പർശിക്കാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച അച്ഛനെ കയ്യേറ്റം ചെയ്യുകയും അസഭ്യവർഷം നടത്തുകയും ചെയ്തെന്നാണു പരാതി. ട്രെയിനുകളിൽ എത്രത്തോളമാണു സ്ത്രീസുരക്ഷയുടെ അവസ്ഥ?
HIGHLIGHTS
- ട്രെയിനുകളിൽ സ്ത്രീകള്ക്കു സമാധാനയാത്രയ്ക്ക് ഇപ്പോഴുമില്ല ഗാരന്റി
- പതിനാറുകാരി ട്രെയിനിൽ അതിക്രമത്തിനിരയായത് ഒടുവിലത്തെ സംഭവം
- ട്രെയിനിൽ സ്ത്രീകളുടെ യാത്ര സുരക്ഷിതമാക്കാൻ എന്താണു വഴി? ഒരന്വേഷണം