ADVERTISEMENT

തിരുവനന്തപുരം ∙ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്‌ക് ബാലകുമാർ മെന്ററാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയതിന്റെ തെളിവു പുറത്ത്. ഇന്നലെ മാത്യു കുഴൽനാടൻ എംഎൽഎ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. സ്വർണക്കടത്ത് വിവാദം കത്തിനിൽക്കെ കോൺഗ്രസ് നേതാവ് വി.ടി.ബൽറാം ഉൾപ്പെടെയുള്ളവർ എക്സാലോജിക്കിന്റെ പേജില്‍ ജെയ്‌ക് മെന്ററാണെന്നു രേഖപ്പെടുത്തിയതു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 

ജെയ്‌ക് ബാലകുമാറിന്റെ എക്സാലോജിക്കുമായുള്ള ബന്ധം വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടാണു പ്രചരിക്കുന്നത്. പിഡബ്ല്യുസിയെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതോടെ വെബ്സൈറ്റ് അപ്രത്യക്ഷമായെന്നും പിന്നീട് വെബ്സൈറ്റ് തിരികെ വന്നെങ്കിലും വിവാദ പരാമർശം ഒഴിവാക്കിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു. വിവാദവുമായി ബന്ധപ്പെട്ടു കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും കുഴൽനാടൻ പറഞ്ഞു.

അടിയന്തരപ്രമേയ ചർച്ചയ്ക്കിടയിലാണു കുഴൽനാടൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണം ഉന്നയിച്ചത്. സ്വപ്ന സുരേഷിനു സ്പേസ് പാർക്കിൽ ജോലി ലഭിച്ചത് കൺസൾട്ടൻസി കമ്പനിയായ പിഡബ്ല്യുസി വഴിയാണ് എന്ന ആരോപണം വന്നതിനു പിന്നാലെ, വീണയുടെ കമ്പനിയുടെ വെബ്‌സൈറ്റ് ‘ഡൗൺ’ ആയെന്നും, പിന്നീട് ‘അപ്’ ആയപ്പോൾ ഈ പരാമർശം നീക്കിയെന്നുമാണ് കുഴൽനാടൻ പറഞ്ഞത്. പിഡബ്ല്യുസി വഴിയാണ് സ്വപ്ന സെക്രട്ടേറിയറ്റിൽ എത്തിയത് എന്നതുകൊണ്ടാണ് മെന്റര്‍ പരാമർശം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

മകളെപ്പറ്റി പറഞ്ഞാൽ താൻ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ മാത്യു കുഴൽനാടൻ കരുതുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പച്ചക്കള്ളമാണ് കുഴൽനാടൻ പറയുന്നതെന്നും പിഡബ്ല്യുസി ഡയറക്ടറെ ഒരു ഘട്ടത്തിലും മെന്ററായി തന്റെ മകൾ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ക്ഷോഭത്തോടെ പറഞ്ഞു. ആളുകളെ അപകീർത്തിപ്പെടുത്താൻ എന്തും പറയുന്ന സ്ഥിതി ഉണ്ടാകരുത്. അസംബന്ധം പറഞ്ഞ് അസംബന്ധം ആവർത്തിക്കാനല്ല ശ്രമിക്കേണ്ടത്. രാഷ്ട്രീയമായി കാര്യങ്ങളെ കാണണം. വീട്ടിലിരിക്കുന്നവരെ ആക്ഷേപിക്കുന്നതാണോ സംസ്കാരമെന്നും മുഖ്യമന്ത്രി ചോദിച്ചു.

English Summary: Evidence on relationship between PWC's Jaik Balakumar and Pinarayi Vijayan's daughter Veena's company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com