ADVERTISEMENT

ന്യൂഡൽഹി∙ മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ്. വോട്ടെടുപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെ സമർപ്പിച്ച ഹർജി കോടതി തള്ളി. മൂന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് സുപ്രീം കോടതിയിയുടെ നിർണായക വിധി. ‌

മഹാരാഷ്ട്ര സർക്കാർ നാളെ വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന ഗവർണറുടെ നിർദേശത്തിൽ കോടതി ഇടപെട്ടില്ല. അയോഗ്യതാ നടപടി നേരിടുന്നവർക്കും വോട്ടു ചെയ്യാമെന്ന് സുപ്രീം കോടതി അറിയിച്ചു. ശിവസേനയ്ക്കു വേണ്ടി അഭിഷേക് മനു സിങ്‍വിയാണു കോടതിയിൽ ഹാജരായത്. എൻസിപിയുടെ രണ്ട് എംഎൽഎമാർ കോവിഡ് മൂലം ആശുപത്രിയിൽ ചികിത്സയിലാണ്. കോൺഗ്രസിന്റെ ഒരു എംഎൽഎ വിദേശത്താണ്. അർഹരായവർക്ക് വോട്ടു ചെയ്യാൻ അവസരം നൽകാത്തതു ശരിയല്ലെന്നും അഭിഷേക് സിങ‍്‍വി വാദിച്ചു. 

എംഎൽഎമാരെ അയോഗ്യരാക്കിയ തീരുമാനം നിലനിൽക്കെ വിശ്വാസ വോട്ടെടുപ്പിലേക്ക് എങ്ങനെ പോകാൻ കഴിയുമെന്ന് സിങ്‌വി ചോദിച്ചു. സൂപ്പർസോണിക് വേഗത്തിലാണ് വിശ്വാസവോട്ടെടുപ്പിനുള്ള തീരുമാനം ഗവർണർ കൈക്കൊണ്ടത്. അയോഗ്യതയും വിശ്വാസ വോട്ടെടുപ്പും തമ്മിൽ ബന്ധമെന്താണെന്ന് കോടതി ചോദിച്ചു. വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന്റെ സമയപരിധിയെക്കുറിച്ച് ഭരണഘടനയിൽ നിബന്ധനയുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ നിലവിലെ സാഹചര്യത്തിൽ ആറു മാസത്തെയെങ്കിലും ഇടവേള ഇല്ലാതെ വിശ്വാസ വോട്ടെടുപ്പ് നടത്താനാവില്ലെന്ന് സിങ്‍വി മറുപടി പറഞ്ഞു.

അയോഗ്യതയുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ ഡപ്യൂട്ടി സ്പീക്കർക്ക് എന്താണ് അധികാരം എന്ന വിമതർ ഉന്നയിച്ച ചോദ്യം  പരിശോധിച്ചു വരികയാണെന്നും ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. ഗവർണർക്കു കത്തു നൽകിയതോടെ അവർ പാർട്ടി അംഗത്വം ഉപേക്ഷിച്ചു. അപ്പോൾ തന്നെ അവർ പുറത്താക്കപ്പെട്ടെന്നും സിങ്‌വി വാദിച്ചു. ഗവർണർ പ്രവർത്തിക്കേണ്ടത് മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ്. അദ്ദേഹം ഇനി അങ്ങനെ പ്രവർത്തിച്ചില്ലെങ്കിൽ പോലും പ്രതിപക്ഷത്തിന്റെ ഉപദേശമല്ല ഗവർണർ കേൾക്കേണ്ടത്.

നാളെ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന് സിങ്‌വി കോടതിയിൽ വാദിച്ചു. അതേസമയം യഥാർഥ ശിവസേന തങ്ങളാണെന്ന് വിമത എംഎൽഎമാർ സുപ്രീം കോടതിയിൽ പറഞ്ഞു. 39 എംഎൽഎമാർ ഒപ്പമുണ്ട്. അയോഗ്യതാ നോട്ടിസ് ലഭിച്ചത് 16 എംഎൽഎമാർക്കാണെന്നും വിമതരുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

English Summary: Uddhav Thackeray Loses Supreme Court Case, Must Prove Majority Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com