ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കരെ നയിക്കുന്ന മഹാവികാസ് അഘാഡി സർക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന വിശ്വാസ വോട്ട് നാളെ. സഭ ചേർന്ന് നാളെത്തന്നെ വിശ്വാസവോട്ടു തേടാൻ ഗവർണർ ഭഗത് സിങ് കോഷിയാരി ആവശ്യപ്പെട്ടു. രാവിലെ 11 മണിക്ക് സഭ ചേരണം. വിശ്വാസ വോട്ടെടുപ്പു മാത്രമായിരിക്കണം അജൻഡ. സഭാ നടപടികളുടെ വിഡിയോ ചിത്രീകരണം ഗവർണർക്കു സമർപ്പിക്കണം. ഇതുമായി ബന്ധപ്പെട്ടു ഗവർണർ നിയമസഭാ സെക്രട്ടറിക്ക് കത്തയച്ചു. വൈകിട്ട് അഞ്ച് മണിയോടെ നടപടികൾ പൂർത്തിയാക്കാനും ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്.

‘ശിവസേനയുടെ 39 എംഎൽഎമാർ മഹാവികാസ് അഘാഡി സഖ്യ സർക്കാരിൽനിന്നു പിൻമാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. ഈ റിപ്പോർട്ടുകളും മറ്റനേകം തെളിവുകളും മുൻനിർത്തി, നിയമസഭയുടെ വിശ്വാസത്തോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് വിശ്വാസവോട്ടെടുപ്പിലൂടെ തെളിയിക്കേണ്ടതാണെന്ന് ഞാൻ കരുതുന്നു’ – ഗവർണറുടെ കത്തിൽ പറയുന്നു.

അതേസമയം, നാളെ വിശ്വാസവോട്ട് തേടാനുള്ള ഗവർണറുടെ ഉത്തരവിനെതിരെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചു. വിശ്വാസവോട്ടിനെതിരായ നിയമപോരാട്ടത്തിനാണ് ഉദ്ധവും സംഘവും തയാറെടുക്കുന്നത്. സഭാ സമ്മേളനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി ഇന്ന് അഞ്ച് മണിക്കു വാദം കേൾക്കും.

വിശ്വാസവോട്ട് നാളെയുണ്ടാകുമെന്നു വ്യക്തമായതിനു പിന്നാലെ, നിലവിൽ അസമിലെ ഗുവാഹത്തിയിൽ കഴിയുന്ന ശിവസേന വിമതർ മുംബൈയിലേക്കു മടങ്ങും. വിമത നേതാവ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഗുവാഹത്തിയിലെ ആഡംബര ഹോട്ടലിൽ തങ്ങുന്ന എംഎൽഎമാർ നാളെ രാവിലെ മുംബൈയിലേക്കു മടങ്ങുമെന്നാണു വിവരം. വിശ്വാസവോട്ടിനുശേഷം ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി.

അതേസമയം, ജൂൺ 30ന് വിശ്വാസവോട്ടു തേടാൻ ആവശ്യപ്പെട്ട് ഗവർണർ അയച്ചതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് രാജ്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് വിശ്വാസവോട്ടു തേടാൻ നിർദ്ദേശിച്ച് ഗവർണർ നിയമസഭാ സെക്രട്ടറിക്ക് കത്തയച്ചത്. മഹാരാഷ്ട്രയിൽ അടുത്തിടെയായി നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടി.

English Summary: Uddhav Thackeray to face floor test tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com