തിരുവനന്തപുരം∙ വലിയ, ആഴമുള്ള മുറിവുകളിലൂടെയുണ്ടാകുന്ന പേ വിഷബാധയെ വാക്സീൻ കൊണ്ടു മാത്രം പ്രതിരോധിക്കാൻ കഴിഞ്ഞേക്കില്ല. അതിനാൽ മുറിവിൽ എടുക്കുന്ന ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്പു കൂടി സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ. നാഡീ ഞരമ്പുകളിലേക്ക് (Nerve Fibers) ധാരാളം വൈറസ് കയറാനിടയായാൽ, മുറിവിൽ കുത്തിവയ്പ് എടുക്കാതെ വാക്സീൻ എടുത്തതുകൊണ്ടു മാത്രം രോഗത്തെ തടയാൻ കഴിയില്ലെന്ന് മഞ്ചേരി ഗവ.മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോ. പ്രഫ. ഡോ.അനീഷ് ടി.എസ്. പറയുന്നു.
നാഡീ ഞരമ്പുകൾ രോഗപ്രതിരോധശേഷിക്കു പിടികൊടുക്കാത്ത കോശങ്ങളാണ്. തലച്ചോർ ഉൾപ്പെടെയുള്ള നാഡീ കോശങ്ങളെ നമ്മുടെ തന്നെ രോഗപ്രതിരോധശേഷി നശിപ്പിച്ചു കളയാതിരിക്കാൻ സാധാരണ രോഗപ്രതിരോധ ശക്തിയിൽനിന്ന് ശരീരം മാറ്റി നിർത്തും. ഉദാഹരണത്തിന്, നേരത്തേ ചിക്കൻപോക്സ് വന്നവർക്കു വീണ്ടും ആ രോഗം വരുന്നതു കാണാറുണ്ട്. ചിക്കൻപോക്സ് ഉണ്ടാക്കുന്ന വൈറസുകൾ നാഡീ ഞരമ്പുകളിൽ കടന്നുകൂടും. വൈറസ് ഇരിക്കുന്നത് നാഡീ ഞരമ്പുകൾക്കുള്ളിൽ ആയതിനാൽ അതിനുള്ളിൽ കടന്ന് ശരീരത്തിലെ രോഗപ്രതിരോധശക്തിക്ക് അതിനെ ഒന്നും ചെയ്യാൻ കഴിയില്ല. ഈ പ്രതിഭാസം പേവിഷ ചികിൽസയിലും കണക്കിലെടുക്കണമെന്ന് അനീഷ് പറയുന്നു.

നാഡീ ഞരമ്പിലേക്കു വൈറസ് കടന്നാൽ വാക്സീന്റെ പ്രതിരോധശക്തിക്ക് അതിനെ ഒന്നും ചെയ്യാൻ കഴിയാതാകും. വൈറസ് നാഡീ ഞരമ്പിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തുമ്പോൾ പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. നാഡീ ഞരമ്പുകളിൽ വൈറസ് കടക്കാനുള്ള സാധ്യതയുണ്ടെന്നു തോന്നിയാൽ മുറിവുകൾക്കു ചുറ്റും കുത്തിവയ്പ്പ് എടുക്കണം. ആദ്യ ഡോസ് വാക്സീൻ എടുക്കുന്നതിനോടൊപ്പം ഈ കുത്തിവയ്പ്പും മുറിവിനടുത്തായി എടുക്കണം. വാക്സീൻ എടുക്കുന്ന രീതിയിൽ പിഴവു വരാതെ നോക്കണമെന്നും ഡോ. അനീഷ് പറയുന്നു. പേ വിഷ ബാധയ്ക്കെതിരെയുള്ള കുത്തിവയ്പ്പ് എടുക്കുന്നത് തൊലിപ്പുറത്താണ്. തൊലി കടന്ന് ഉള്ളിലേക്കു പോയാൽ പ്രതിരോധശേഷി കിട്ടില്ല. ഇപ്പോൾ പേവിഷബാധ കൂടുന്നതായി കാണുന്നുണ്ടെന്ന് അധികൃതർ പറയുന്നു. മൃഗങ്ങളിൽ കൂടുതൽ റാബിസിന്റെ സാന്നിധ്യം കാണുന്നത് ഇതിനു കാരണമാകാം. മനുഷ്യനിൽ കുത്തിവയ്പ്പ് എടുത്തതുകൊണ്ടു മാത്രം പേവിഷബാധ ഇല്ലാതാക്കാനാകില്ല. മൃഗങ്ങൾക്ക് രോഗം കിട്ടുന്ന സാഹചര്യം, മനുഷ്യരിലേക്കു പടരുന്ന സാഹചര്യം, കുത്തിവയ്പ്പ് രോഗത്തെ പ്രതിരോധിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ജാഗ്രതയോടെയുള്ള നിരീക്ഷണം വേണം.

ചികിൽസ താമസിക്കുന്ന ഓരോ നിമിഷവും റിസ്ക് വർധിക്കും
കടിയേറ്റ ഉടൻ ചെയ്യുന്ന കാര്യങ്ങൾ പ്രധാനമാണെന്നു ഡോ.അനീഷ് പറയുന്നു. നാഡീ ഞരമ്പുകളിലേക്ക് വൈറസ് കടന്നാൽ ചികിൽസയ്ക്കായി താമസിക്കുന്ന ഓരോ നിമിഷവും റിസ്ക് വർധിക്കും. ഉടനെ ചെയ്യാൻ കഴിയുന്നത് കടിയേറ്റ ഭാഗം സോപ്പുപയോഗിച്ച് കഴുകുക എന്നതാണ്. വൈറസിന്റെ പുറം ഭാഗം കൊഴുപ്പുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. നാഡീകോശങ്ങളുടെ പുറംഭാഗവും കൊഴുപ്പുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊഴുപ്പിനെ കൊഴുപ്പ് ആകർഷിക്കുന്നതുകൊണ്ടാണ് നാഡീകോശങ്ങളിലേക്കു വൈറസ് വേഗം കടക്കുന്നത്. അതിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗം സോപ്പാണ്. എതു മൃഗം കടിച്ചാലും ഉടനെ സോപ്പ് ഉപയോഗിച്ച് മുറിവേറ്റ ഭാഗം കഴുകണം. കഴിയുന്നതും നേരത്തേ ആശുപത്രിയിൽ പോകണം. വലിയ മുറിവാണെങ്കിലോ കടിയേറ്റത് മുഖത്താണെങ്കിലോ, വൈകുന്ന ഓരോ മണിക്കൂറും റിസ്കാണ്. നാഡിയിലേക്കു കൂടുതൽ വൈറസ് എത്തിക്കഴിഞ്ഞാൽ അപകട സാധ്യത കൂടും. വൈകി സ്വീകരിക്കുന്ന വാക്സീൻ രോഗസാധ്യതയെ പൂർണമായും ഇല്ലാതാക്കണമെന്നില്ല. അതിനാൽ കടി കിട്ടി നിശ്ചിത സമയത്തിനകം വാക്സീൻ എടുക്കണമെന്നതിനേക്കാൾ, ഉടൻ വാക്സീൻ സ്വീകരിക്കണമെന്നാണ് ജനങ്ങളോട് പറയാനുള്ളതെന്ന് ഡോ.അനീഷ് പറയുന്നു.

കടിയേറ്റ അന്നും 3, 7, 28 എന്നീ ദിവസങ്ങളിലുമാണ് വാക്സീൻ എടുക്കുന്നത്. ചില വിദേശ രാജ്യങ്ങളിൽ ഇരുപത്തെട്ടാം ദിവസം വാക്സീൻ എടുക്കാറില്ല. കടിയേറ്റ അന്നും 3, 7 എന്നീ ദിവസങ്ങളിലും നിർബന്ധമായി എടുക്കണം. ഈ ദിവസങ്ങളിൽ വാക്സീൻ എടുത്തില്ലെങ്കിൽ തുടക്കം മുതൽ വാക്സീൻ എടുക്കണം. ഇരുപത്തെട്ടാം ദിവസം അത്ര നിർബന്ധമല്ല. അന്ന് എടുത്തില്ലെങ്കിലും അടുത്തുള്ള മറ്റൊരു ദിവസം എടുത്താൽ മതിയാകും. വാക്സിനേഷൻ എടുത്ത നായയിൽനിന്ന് രോഗം വരാനുള്ള സാധ്യത കുറവാണ്. എന്നാൽ, രോഗം വന്നുകൂടെന്നില്ല. വാക്സീൻ എടുത്ത നായ കടിച്ചാൽ പേവിഷബാധ ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണെങ്കിലും കുത്തിവയ്പ്പ് എടുക്കണം. പേ വിഷ ബാധ ഉണ്ടായാൽ പിന്നെ ഒന്നും ചെയ്യാനാകില്ല. പേവിഷബാധ മൃഗങ്ങൾക്കു സ്വാഭാവികമായ അണുബാധയാണ്. മനുഷ്യന് അത് സ്വാഭാവിക അണുബാധയല്ല. നായയിൽ എടുക്കുന്ന വാക്സീൻ മനുഷ്യരിൽ എടുക്കുന്നതിന്റെ അത്ര ഫലപ്രദവുമല്ല. അതാണ് നായയ്ക്ക് എല്ലാ വർഷവും വാക്സീൻ എടുക്കണമെന്നു പറയുന്നത്. മനുഷ്യരിൽ വാക്സീൻ എടുത്തു 3 മാസത്തിനുള്ളിൽ വീണ്ടും നായയുടെ കടിയേറ്റാൽ വാക്സീൻ എടുക്കണ്ട. അതിനു ശേഷമാണെങ്കിൽ ബൂസ്റ്റർ ഡോസുകൾ വേണ്ടി വരും.
ഏതു സസ്തനിയും പേവിഷബാധയുണ്ടാക്കാം
മനുഷ്യനിൽ ഏറ്റവും കൂടുതൽ പേവിഷ ബാധയുണ്ടാക്കുന്നത് നായയാണ്. അതു കഴിഞ്ഞാല്‍ പൂച്ച. ഏതു സസ്തനിയും പേവിഷബാധയുണ്ടാക്കാം. 3 വിഭാഗങ്ങളായി തിരിച്ചാണ് ചികിൽസ. മുറിവിൽനിന്നു രക്തം വന്നാൽ അത് കാറ്റഗറി മൂന്നിൽപെടും. വന്യജീവികൾ കടിച്ചാലും ഇതേ വിഭാഗമാണ്. ചോര വരാത്ത ചെറിയ മുറിവുകളാണ് രണ്ടാമത്തെ വിഭാഗത്തില്‍. ത്വക്കാണ് പേ വിഷത്തെ പ്രതിരോധിക്കാനുള്ള വലിയ ഘടകം. പേ പിടിച്ച നായ തൊലിയിൽ നക്കിയാലും തൊലിയിൽ പോറലില്ലെങ്കിൽ അസുഖം വരില്ല. ഈ സാഹചര്യത്തിൽ, ചികിൽസ തേടുന്നവരുടെ ഭയം മാറ്റിവിടും. വാക്സീൻ ആവശ്യമില്ല. പത്തുദിവസം നായയെ നിരീക്ഷിച്ചതിനുശേഷം കുത്തിവയ്പ്പെടുത്താൽ മതിയെന്ന പ്രചാരണത്തിലും കാര്യമില്ല. തീരെ ചെറിയ മുറിവാണെങ്കില്‍, വീട്ടിൽ വളർത്തുന്ന, പേവിഷബാധയ്ക്കെതിരെ കുത്തിവയ്പ്പെടുത്ത നായുടെ കാര്യത്തിലാണ് ഇതു പ്രായോഗികമാകുന്നത്. വലിയ കടിയാണെങ്കിൽ നാഡീ ഞരമ്പുകളിൽ വൈറസ് കടക്കുന്നതിനു മുൻപ് സോപ്പ് ഉപയോഗിച്ച് മുറിവ് വൃത്തിയാക്കിയശേഷം ഉടനടി ചികിൽസ തേടണം. പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയാൽ ഇനി കുത്തിവയ്പ്പെടുക്കാം എന്നു ചിന്തിച്ചിട്ടു കാര്യമില്ല.
English Summary: Health experts on rabies virus spread and vaccine use