ADVERTISEMENT

‘ബാലാസാഹിബിന്റെ മകനെ വീഴ്ത്തിയെന്ന് നിങ്ങൾക്ക് ആഘോഷിക്കാം...’ വൈകാരികമായ വാക്കുകളോടെയായിരുന്നു ബുധനാഴ്ച ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് അറിയിച്ചത്. ജൂൺ 19ന് ശിവസേനയുടെ 56–ാം സ്ഥാപക ദിനത്തിൽ പാർട്ടിയെയും പ്രവർത്തകരുടെ ഒത്തൊരുമയെയും കുറിച്ച് ഘോരംഘോരം പ്രസംഗിച്ച ഉദ്ധവിന് അതിന്റെ പത്താംപക്കം രാജിവയ്ക്കേണ്ടി വരുമെന്ന് കരുതിയില്ല. ഒപ്പം നിന്നുകൊണ്ട് ചതിക്കുഴികൾ തീർത്ത ഉദ്ധവിന്റെ പ്രിയ വിശ്വസ്തൻ ഏക്നാഥ് ഷിൻഡെയാണ് ബിജെപിയുടെ പിന്തുണയോടെ ഇനി മഹാരാഷ്ട്ര ഭരിക്കുക.

വ
ബാൽ താക്കറെയ്‌ക്കൊപ്പം ഉദ്ധവ് താക്കറെ. ചിത്രം∙ സന്ദീപ് മഹൻകൽ

മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചതിനു പിന്നാലെയാണ് ശിവസേനയിൽ അസ്വാരസ്യങ്ങൾ രൂപപ്പെട്ടു തുടങ്ങിയത്. ഉദ്ധവ് താക്കറെ അധികാരത്തിലെത്തിയതുമുതല്‍ പാര്‍ട്ടിയിലും മന്ത്രിസഭയിലും തനിക്ക് വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ല എന്ന പരാതി ഷിന്‍ഡെയ്ക്കുണ്ടായിരുന്നു.  ഇതിന്‍റെ കാരണമാവട്ടെ ഉദ്ധവിന്‍റെ മകന്‍ ആദിത്യ താക്കറെയുടെ വളര്‍ച്ചയും. മന്ത്രിസഭയിലും പാര്‍ട്ടിയിലും ആദിത്യ രണ്ടാമനായി മാറിയപ്പോള്‍ പാര്‍ട്ടിയിലെ സുപ്രധാന തീരുമാനങ്ങളിലൊന്നും ഷിന്‍ഡെയ്ക്ക് റോളില്ലാതായി. ഇതാണ് വിമതനീക്കത്തിലേക്ക് വഴിതെളിച്ചത്.

shinde-thakare-pti
ഏക്‌നാഥ് ഷിൻഡെ, ആദിത്യ താക്കറെ, ഉദ്ധവ് താക്കറെ. ചിത്രം∙ പിടിഐ

ജൂൺ 19, ഞായറാഴ്ച– ശിവസേന പാർട്ടിയുടെ 56–ാം സ്ഥാപകദിനം മുംബൈയിൽ വിവിധ പരിപാടികളോടെ നടന്നു. പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ സഹപ്രവർത്തകരെ അഭിമാനപൂർവം അഭിസംബോധന ചെയ്തു. ചടങ്ങിൽ ഉദ്ധവിന്റെ വിശ്വസ്തനായ ഏക്നാഥ് ഷിൻഡെ ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.

shiv sena birthday
ശിവസേനയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങ്. ഏക്‌നാഥ് ഷിൻഡെ (ഇടതുനിന്നും രണ്ടാമത്). ചിത്രം: ട്വിറ്റർ

ജൂൺ 20, തിങ്കളാഴ്ച– നിയമനിർമാണ കൗൺസിൽ വോട്ടെടുപ്പു തീരുംവരെ ഷിൻഡെ മുഖ്യമന്ത്രി ഉദ്ധവിനൊപ്പമുണ്ടായിരുന്നു. രാത്രി വോട്ടെണ്ണൽ തുടങ്ങിയതോടെ അനുയായികളായ എംഎൽഎമാർക്കൊപ്പം നിയമസഭാ മന്ദിരം വിട്ടു. ശിവസേനാ വോട്ടുകൾ ചോർന്നെന്നു കണ്ടെത്തി ഉദ്ധവ് അടിയന്തരയോഗം വിളിച്ചെങ്കിലും ഷിൻഡെയെയും ഏതാനും എംഎൽഎമാരെയും ഫോണിൽ കിട്ടിയില്ല. രാത്രി വൈകി ഇവരുടെ ഫോണിൽ ഗുജറാത്തി അറിയിപ്പുകൾ കേട്ടതോടെയാണ് അപകടം മണത്തത്. 

shind-1
വിമത എംഎൽഎമാർക്കൊപ്പം ഏക്‌നാഥ് ഷിൻഡെ. സൂറത്തിലെ ഹോട്ടലിൽ നിന്നും പുറത്തുവിട്ട ആദ്യ ചിത്രം. ( ചിത്രം: ട്വിറ്റർ)

ജൂൺ 21, ചൊവ്വാഴ്ച – 22 എംഎൽഎമാരുമായി ഏക്നാഥ് ഷിൻഡെ സൂറത്തിലെ ഹോട്ടലിലെത്തി. ബാലസാഹെബ് ആണ് ഹിന്ദുത്വം പഠിപ്പിച്ചതെന്നും ബാലാസാഹെബിന്റെ ചിന്തകളും ധർമവീർ ആനന്ദ് ദിഗെ സാഹബിന്റെ പാഠങ്ങളും അനുസരിച്ച് ഒരിക്കലും അധികാരത്തിന് വേണ്ടി ചതിക്കില്ലെന്നും ഷിൻഡെ അന്നേദിവസം വൈകിട്ടു ട്വിറ്ററിൽ കുറിച്ചു. വിമത ക്യാംപിൽ നിന്നും 2 എംഎൽഎമാർ രക്ഷപ്പെട്ട് മുംബൈയിലെത്തി. വിമത എംഎൽഎമാരുമായി ചർച്ച നടത്താൻ ശിവസേന നേതാക്കൾ സൂറത്തിലെത്തിയെങ്കിലും ഫലമുണ്ടായില്ല.

sivadas patil
ഏക്നാഥ് ഷിൻഡെയുടെ അനുനായികൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ട ശിവദാസ് പാട്ടീൽ എംഎൽഎ

ജൂൺ 22, ബുധനാഴ്ച– വിമത എംഎൽഎമാർ അസമിലെ ഗുവാഹത്തിയിലെ ആഡംബര ഹോട്ടലിലേക്ക് മാറി. ഏഴ് സ്വതന്ത്രർ ഉൾപ്പെടെ 40 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്ന് ഏക്നാഥ് ഷിൻഡെ അവകാശപ്പെട്ടു. ഉദ്ധവ് താക്കറെ വിളിച്ച യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഷിൻഡെ നിഷേധിച്ചു. ഇതോടെ യോഗം ഉപേക്ഷിച്ച് താക്കറെ ഫെയ്സ്ബുക്ക് ലൈവിലെത്തി. തന്നെ ആവശ്യമില്ലാത്തവർക്ക് പദവി ഒഴിയണമെന്ന് നേരിട്ട് പറയാമായിരുന്നുവെന്നും രാജിക്ക് തയാർ ആണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. രാത്രിയോടെ അദ്ദേഹം ഒൗദ്യോഗിക വസതിയായ ‘വർഷ’ ഒഴിഞ്ഞു. സ്വന്തം വസതിയായ ‘മാതോശ്രീ’യിലെത്തി.

shiv sena
ഔദ്യോഗിക വസതിയായ ‘വർഷ’യിൽ നിന്നും ഉദ്ധവ് താക്കറെയുടെ സാധനങ്ങൾ ഉദ്യോഗസ്ഥർ മാറ്റുന്നു (ഇടത്), ഉദ്ധവ് സ്വന്തം വസതിയായ ‘മാതോശ്രീ’യിലേക്ക് പോകുന്നു (വലത്)

ജൂൺ 23, വ്യാഴാഴ്ച–  ഹോട്ടൽമുറിയിൽ എംഎൽഎമാർക്കൊപ്പമുള്ള വിഡിയോ ഏക്നാഥ് ഷിൻഡെ പുറത്തുവിട്ടു. വിമത എംഎൽഎമാർ തിരിച്ചുവരണമെന്നും ചർച്ച ചെയ്യാമെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. പിന്നീട് ഷിൻഡെയ്ക്കെതിരെ പാർട്ടി കർശന നടപിടകളുമായി നീങ്ങി. അദ്ദേഹത്തെ നിയമസഭാ കക്ഷി നേതൃ സ്ഥാനത്തുനിന്നും മാറ്റി. പകരം അജയ് ചൗധരിക്ക് ചുമതല നൽകി.

shinde-mla-pti
ഗുവാഹത്തിയിലെ ഹോട്ടലിൽ വിമത എംഎൽഎമാർക്കൊപ്പം ഏക്നാഥ് ഷിൻഡെ (ചിത്രം:പിടിഐ)
shindechesspti
വിമത എംഎൽഎമാർക്കൊപ്പം ചെസ് കളിക്കുന്ന ഏക്നാഥ് ഷിൻഡെ. ചിത്രം∙ പിടിഐ

ജൂൺ 24, വെള്ളിയാഴ്ച– ഒളിവിൽ പോയ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന, ഡപ്യൂട്ടി സ്പീക്കർ നർഹരി സിർവാളിന് പരാതി നൽകി. എന്നാൽ ശിവസേനയുടെ നടപടി നിയമവിരുദ്ധമാണെന്നും നിയമസഭയിൽ വോട്ട് ചെയ്യാൻ മാത്രമാണ് വിപ് പുറപ്പെടുവിക്കേണ്ടതെന്നും യോഗങ്ങൾക്കല്ലെന്നും ഷിന്‍ഡെ തുറന്നടിച്ചു. തുടർന്ന് ഭരത് ഗോഗവാലെയെ ചീഫ് വിപ് ആയി ഷിൻഡെ പ്രഖ്യാപിച്ചു. ‘ശിവസേന ബാലാസാഹേബ് താക്കറെ’ എന്ന പേരിൽ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചു. ഉദ്ധവിന്റെ അധ്യക്ഷതയിൽ ചേർന്ന ശിവസേന ദേശീയ എക്സിക്യുട്ടീവ് യോഗത്തിൽ ഇതിനെതിരെ പ്രമേയം പാസാക്കി.

shinde-supporters
ഏക്‌നാഥ് ഷിൻഡെയ്‌ക്ക് പിന്തുണയുമായി പ്രവർത്തകർ (ചിത്രം: ട്വിറ്റർ)

ജൂൺ 25, ശനിയാഴ്ച– അയോഗ്യരാക്കാതിരിക്കാൻ വിശദീകരണം ആവശ്യപ്പെട്ട് ശിവസേന വിമത എംഎൽഎമാർക്ക് ഡപ്യൂട്ടി സ്പീക്കർ നർഹരി സീതാറാം സിർവാൾ നോട്ടിസ് അയച്ചു. മറുപടി നൽകാൻ ജൂൺ 27 വരെ സമയം നൽകി. ഇതിനെതിരെ ഷിൻഡെ സുപ്രീംകോടതിയെ സമീപിച്ചു.

adithya-narhari
ആദിത്യ താക്കറെയ്‌ക്കൊപ്പം നർഹരി സിർവാൾ. (ചിത്രം: ഫെയ്സ‌ബുക്ക്)

ജൂൺ 27, തിങ്കളാഴ്ച– അയോഗ്യത നോട്ടിസ് മറുപടി നൽകാനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി. ജൂലൈ 12 വരെയാണ് സമയം നൽകിയത്. 

sandeep-pti
വിമത എംഎൽഎമാർക്കൊപ്പം ഏക്നാഥ് ഷിൻഡെ (ചിത്രം:പിടിഐ)

ജൂൺ 28, ചൊവ്വാഴ്ച– ഗുവാഹത്തിയിലെ ഹോട്ടലിനു മുന്നിൽ ഏക്നാഥ് ഷിൻഡെ മാധ്യമങ്ങളെ കണ്ടു. 50 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. എംഎൽഎമാർ പിന്തുണ അറിയിക്കുന്ന വിഡിയോ ഇടവിടാതെ ഷിൻഡെ ട്വിറ്ററിൽ പങ്കുവച്ചു. അനുനയനീക്കത്തിനായി ശിവസേന ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ ബിജെപി നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലെത്തി അമിത് ഷായെയും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെയു‌ം കണ്ടു.

1248-bhagat-singh-koshyari-devendra-fadnavis
ഗവർണർ ഭഗത് സിങ് കോഷിയാരിക്കൊപ്പം ദേവേന്ദ്ര ഫഡ്‌നാവിസ്

ജൂൺ 29, ബുധനാഴ്ച– അവിശ്വാസ വോട്ടെടുപ്പ് ജൂൺ 30ന് നടത്താനായി ഗവർണർ ഭഗത് സിങ് കോഷിയാരി നിർദേശം നൽകി. ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ചീഫ് വിപ് സുനിൽ പ്രഭു സുപ്രീംകോടതിയെ സമീപിച്ചു. ഇന്നുതന്നെ ഹർജി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. വൈകിട്ടോടെ ഷിൻഡെയും സംഘവും ഗോവയിലേക്ക് പുറപ്പെട്ടു. രാത്രി 9 മണിയോടെ അവിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ് വന്നു. പിന്നാലെ ഉദ്ധവ് താക്കറെ ഫെയ്സ്ബുക്ക് ലൈവിലെത്തി രാജി പ്രഖ്യാപിച്ചു. ഉദ്ധവിന്റെ രാജി മുംബൈയിലെ ഹോട്ടലിൽ ഫഡ്നാവിസും സംഘവും ആഘോഷമാക്കി. മധുരം കൈമാറിയും ആർപ്പുവിളിച്ചും ബിജെപി പ്രവർത്തകർ ആഹ്ലാദം പങ്കിട്ടു.

uddhav-ani
ഫെയ്സ്‌ബുക്ക് ലൈവിലൂടെ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നു. (എഎൻഐ ചിത്രം)
uddhav-thackeray
ഉദ്ധവ് താക്കറെ ഗവർണർക്ക് രാജിക്കത്ത് കൈമാറുന്നു. (എഎൻഐ ചിത്രം)
shiv-sena-congress-ani
മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ഉദ്ധവ് താക്കറെയെ കാണാൻ കോൺഗ്രസ് എംഎൽഎമാരും നേതാക്കളും അദ്ദേഹത്തിന്റെ വസതിയായ ‘മാതോശ്രീ’യിൽ എത്തിയപ്പോൾ (എഎൻഐ ചിത്രം)

ജൂണ്‍ 30, വ്യാഴാഴ്ച–  ഗോവയിൽ നിന്നും മുംബൈയിലെത്തിയ ഏക്നാഥ് ഷിൻഡെ  ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഇരുവരും സർക്കാർ രൂപീകരിക്കുന്നതിനായി ഗവർണറെ കണ്ടു. തങ്ങൾക്ക് 150 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവർ അറിയിച്ചു. ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയാകുമെന്ന് ഫഡ്നാവിസ് മാധ്യമങ്ങളെ അറിയിച്ചു. 

shinde-mumbai-ani
ഏക്നാഥ് ഷിൻഡെ ഗോവയിൽ നിന്നും മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോൾ (എഎൻഐ ചിത്രം)
fadnavis-shinde-twitter
മുംബൈയിൽ തിരിച്ചെത്തിയ ശിവസേന വിമത എംഎൽഎ ഏക്നാഥ് ഷിൻഡെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ വസതിയിലെത്തി സന്ദർശിച്ചപ്പോൾ (ചിത്രം: ട്വിറ്റർ)
shinde-fad-twitter
മന്ത്രിസഭ രൂപീകരിക്കുന്നതിനായി ദേവേന്ദ്ര ഫഡ്നാവിസും ഏക്നാഥ് ഷിൻഡെയും ഗവർണർക്ക് അപേക്ഷ നൽകുന്നു. (ചിത്രം: ട്വിറ്റർ)
bhagat-singh-koshiyari-twitter
ഗവർണർ ഭഗത് സിങ് കോഷിയാരി ഷിൻഡെയ്ക്ക് മധുരം നൽകുന്നു. (ചിത്രം: ട്വിറ്റർ)
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫ‍ഡ്നാവിസും. (PTI Photo/Shashank Parade)
ഗവർണറെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന ഏക്നാഥ് ഷിൻഡെ. സമീപം ദേവേന്ദ്ര ഫഡ്നാവിസ് (ചിത്രം:പിടിഐ)

രാത്രി 7.30ന് മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ അധികാരമേറ്റു. ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

shinde-mla-twitter
സത്യപ്രതിജ്ഞയ്ക്കു മുൻപ് ഫഡ്നാവിസും ഷിൻഡെയും ഗോവയിലെ ഹോട്ടലിലുള്ള വിമത എംഎൽഎമാരുമായി വിഡിയോ കോണ്‍ഫറൻസിലൂടെ സംസാരിക്കുന്നു. (എഎൻഐ ചിത്രം)
 ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. ചിത്രം: എഎൻഐ ട്വിറ്റർ
ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. (എഎൻഐ ചിത്രം)

English Summary: Maharashtra political crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com