ADVERTISEMENT

ന്യൂഡൽഹി∙ ഐഎസ്ആർഒയുടെ ഡിഎസ്– ഇഒ മിഷന്‍റെ ഭാഗമായി കുതിച്ചുയർന്ന് പിഎസ്എൽവി– സി 53 റോക്കറ്റ്. സ്വന്തം മണ്ണില്‍ നിന്നുള്ള ഐഎസ്ആർഒയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്. വൈകിട്ട് ആറുമണിക്കു ശ്രീഹരിക്കോട്ടയില്‍ നിന്നു റോക്കറ്റ് കുതിച്ചുയര്‍ന്നു. ഭൗമ നിരീക്ഷണ ഉപഗ്രഹമടക്കം സിംഗപ്പൂരിന്റെ മൂന്നു ഉപഗ്രഹങ്ങളാണു വിക്ഷേപിച്ചത്. വിക്ഷേപിച്ച റോക്കറ്റിന്‍റെ അവശിഷ്ട ഭാഗത്തിൽ  ഉപകരണങ്ങൾ സ്ഥാപിച്ചു താൽക്കാലിക ഉപഗ്രഹമാക്കി ഉപയോഗിക്കുന്ന പദ്ധതിക്കും പിഎസ്എല്‍വി സി–53 വിക്ഷേപണത്തോടെ തുടക്കമായി.

ഐഎസ്ആർഒ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ടാമത്തെ ദൗത്യമാണിത്. ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് ജൂൺ 22നു വിക്ഷേപിച്ച ജിസാറ്റ് –24ലാണ് ന്യൂ സ്പേസ് ലിമിറ്റഡിന്റെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണം നടത്തിയത്. ടാറ്റ സ്കൈയ്ക്കുവേണ്ടിയുള്ള വിക്ഷേപണം പൂര്‍ത്തിയാക്കി എട്ടാം ദിവസമാണു പിഎസ്എല്‍വി സി–53യുമായുള്ള രണ്ടാം ദൗത്യം.

പിഎസ്എൽവി– സി 53 റോക്കറ്റ് വിക്ഷേപണത്തറയില്‍. Photo: Twitter@ISRO
പിഎസ്എൽവി– സി 53 റോക്കറ്റ് വിക്ഷേപണത്തറയില്‍. Photo: Twitter@ISRO

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് വൈകിട്ട് ആറുമണിക്ക് റോക്കറ്റ് കുതിച്ചുയർന്നു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഡിഎസ് ഇഒ അടക്കം സിംഗപ്പൂരിന്റെ മൂന്നു ഉപഗ്രങ്ങളാണു ദൗത്യത്തിലുള്ളത്. ഡിഎസ് ഇഒയെ ഭൂമധ്യരേഖയിൽ നിന്നു 570 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണു മുഖ്യദൗത്യം.

ന്യൂസാര്‍ ‍(NeuSAR) ഉപഗ്രഹവും സിംഗപ്പൂരിലെ തന്നെ സാങ്കേതിക സർവകലാശാല വികസിപ്പിച്ച എസ്‍സിഒഒബി 1–എ എന്ന പഠന ഉപഗ്രഹവും ഇതോടൊപ്പമുണ്ട്. വിക്ഷേപണത്തിന്‍റെ നാലാം ഘട്ടത്തിൽ റോക്കറ്റിന്‍റെ ഭാഗമായ ഓർബിറ്റൽ എക്സ്പെരിമെന്‍റൽ മൊഡ്യൂൾ സ്ഥിരം ഭ്രമണപഥത്തിൽ നിലനിർത്തും. റോക്കറ്റിന്‍റെ അവശിഷ്ടങ്ങളില്‍ ഉപകരണങ്ങൾ സ്ഥാപിച്ച് താൽക്കാലിക ഉപഗ്രഹമാക്കി  ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ഈ പരീക്ഷണം വിജയകരമായാല്‍ ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാനാവുമെന്നാണു കണക്കുകൂട്ടല്‍.

English Summary: PSLV-C53/DS-EO mission launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com