ADVERTISEMENT

Revenge is a dish best served cold. 1972 ൽ പുറത്തിറങ്ങിയ വിശ്വപ്രസിദ്ധ ഹോളിവുഡ് ചലച്ചിത്രം ‘ദ് ഗോഗ്‌ഫാദറി’ലെ സൂപ്പർ ഡയലോഗ്. സമാനമായ ഒരു ഡയലോഗ് മഹാരാഷ്ട്ര ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് 2019 ൽ പറഞ്ഞു. ‘‘തിര പിന്നോട്ട് പോയെന്നു കരുതി തീരത്തു വീടുവയ്ക്കാൻ നോക്കരുത്. ഞാൻ കടലാണ് തീർച്ചയായും തിരിച്ചുവരും.’’ രണ്ടര വർഷക്കാലം മഹാരാഷ്ട്രയുടെ തീരത്ത് വേലിയറക്കത്തിലായിരുന്നു ബിജെപി. വേലിയേറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സൂനാമിയായി മാറുമെന്ന് ആരും കരുതിയില്ല. നീണ്ട ഇടവേള പിൻവാങ്ങി നിന്നശേഷം ആഞ്ഞടിച്ച് കയറിയപ്പോൾ മുംബൈയുടെ രാഷ്ട്രീയ തീരത്ത് ചെറുമരങ്ങളല്ല വൻകോട്ടകളാണ് തകർന്നത്.

മഹാരാഷ്ട്രയിൽ ആഞ്ഞടിച്ച രാഷ്ട്രീയ സൂനാമിയിൽ ഉദ്ധവ് താക്കറെ എന്ന അതികായന്റെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയെന്നു മാത്രമല്ല അത്രയെളുപ്പം കയറാനാകാത്ത രാഷ്ട്രീയ ചക്രവ്യൂഹത്തിൽ അകപ്പെടുകയും ചെയ്തു. രണ്ടര വർഷക്കാലം തണുപ്പിച്ചുവച്ച പ്രതികാരം ഏറ്റവും ഉചിതമായ സമയത്ത് ഫഡ്നാവിസ് വിളമ്പി. ഒപ്പം ഉറപ്പിച്ച മുഖ്യമന്ത്രി പദത്തെക്കാൾ മുകളിൽ ഒരു രാഷ്ട്രീയ ത്യാഗമെന്ന രീതിയിൽ ആ പ്രസ്താവനയും ‘‘ഏക്നാഥ് ഷിൻഡെയാകും മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രി, ഞാൻ സർക്കാരിന്റെ ഭാഗമാകില്ല.’’ മഹാരാഷ്ട്രയിൽ ദിവസങ്ങളായി തുടർന്ന രാഷ്ട്രീയ നാടകത്തിന് വേറിട്ട ടിസ്റ്റ് നൽകിയ പ്രഖ്യാപനം.

ഷിൻഡെയ്ക്കായി ത്യാഗമനോഭാവം കാട്ടിയ ഫഡ്‌നാവിസിന്റെ ഈ പ്രഖ്യാപനത്തിനു പിന്നാലെ ‘ഷിൻഡെ മുഖ്യമന്ത്രി, ബിജെപി പുറത്തു നിന്ന് പിന്തുണയ്ക്കു’മെന്നായി ദേശീയ മാധ്യമങ്ങൾ. ഒടുവിൽ ബിജെപി ദേശീയ നേതൃത്വത്തിന്റെ കൂടി ഇടപെടലിൽ ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തതിലൂടെ സംഘടനയ്ക്കുളളിലും പാർട്ടി അനുഭാവികൾക്കിടയിലും സ്വീകാര്യതയുടെ പുതിയ തലത്തിലാണ് ഫഡ്‌നാവിസ് ഇപ്പോൾ. കൂടുതൽ എംഎൽഎമാരുള്ള ബിജെപിക്ക് അർഹതപ്പെട്ട മുഖ്യമന്ത്രി കസേര മഹാമനസ്കത കാട്ടി ബാലാ സാഹെബ് താക്കറെയുടെ ഒരു ശിവസൈനികന് തന്നെ ബിജെപി നൽകി എന്നായിരുന്നു ഇതേക്കുറിച്ച് പുതിയ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പ്രഖ്യാപനം. ഒരുതരത്തിൽ പുതിയ സർക്കാരിലും ഫഡ്നാവിസിന്റെയും ബിജെപിയുടെയും പ്രബല സ്ഥാനം ഉറപ്പിക്കുന്ന പ്രഖ്യാപനം.

ഏക്നാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്നാവിസും വാര്‍ത്താ സമ്മേളനത്തിനിടെ. (PTI Photo/Shashank Parade)
ഏക്നാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്നാവിസും വാര്‍ത്താ സമ്മേളനത്തിനിടെ. (PTI Photo/Shashank Parade)

2019 ൽ ഒന്നിച്ചു ജനവിധി തേടിയ ശിവസേനയും ബിജെപിയും മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയാണ് വേർപിരിഞ്ഞത്. ശിവസേന പോയാലും അധികാരം വിടില്ലെന്ന് ഉറപ്പിച്ചാണ് ഫഡ്നാവിസ് എൻസിപി നേതാവ് അജിത് പവാറിനെ ചാടിച്ച് ഇരുട്ടിന്റെ മറവിൽ മുഖ്യമന്ത്രിയായി സത്യപ്രതി‍ജ്ഞ ചെയ്ത് അധികാരമേറ്റത്. പക്ഷേ അന്നത്തെ ആ കണക്കുകൂട്ടൽ ഫഡ്നാവിസിന് പിഴച്ചു. 80 മണിക്കൂർ കഴിഞ്ഞപ്പോൾ നാണംകെട്ട് രാജിവച്ച് ഒഴിയേണ്ടതായി വന്നു. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ താമരനിറമണിഞ്ഞ സ്വപ്നങ്ങളെ പിച്ചിച്ചീന്തി ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും കൈകൊടുത്തു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ പുതിയൊരു അധ്യായമായിരുന്നു അത്. 2014ൽ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയശേഷം റിസോർട്ടു രാഷ്ട്രീയത്തിലൂടെ ബിജെപി പിടിച്ചെടുത്തത് നിരവധി സംസ്ഥാനങ്ങൾ. ബിജെപിയുടെ റിസോർട്ട് രാഷ്ട്രീയ ചരിത്രത്തിൽ ഇരുണ്ട അധ്യായമായി മഹാരാഷ്ട്ര മാറി. പക്ഷേ, തണുക്കുന്തോറും പ്രതികാരത്തിന് വീര്യം കൂട്ടി ബിജെപി കാത്തിരുന്നു.

∙ തിരഞ്ഞെടുപ്പുകളിൽ ചുക്കാൻ പിടിച്ച ദേശീയ മുഖം

ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗോവ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഏകോപനച്ചുമതല ഫഡ്നാവിസിനായിരുന്നു. മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ചേർന്ന് വിപുലമായി തിരഞ്ഞെടുപ്പു തന്ത്രമാണ് ഗോവയിൽ നടപ്പാക്കിയത്. സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നതുമുതൽ വിമതരെ അനുനയിപ്പിക്കുന്നതും കേന്ദ്രവുമായി ആശയവിനിമയം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ഫഡ്നാവിസ് നേതൃത്വം നൽകി.

ഗോവയിൽ വീണ്ടും ബിജെപിയെ അധികാരത്തിലെത്തിച്ചത് ഫ്ഡനാവിസിന്റെ കരുനീക്കങ്ങളാണ്. 2020 ൽ ബിഹാർ തിരഞ്ഞെടുപ്പിലും ദേവേന്ദ്ര ഫഡ്നാവിസിനായിരുന്നു തിര‍ഞ്ഞെടുപ്പിന്റെ ചുമതല. ജെഡിയു 75 സീറ്റ് നേടിയപ്പോൾ ബിജെപി 74 സീറ്റ് പിടിച്ചു. മുൻധാരണ പ്രകാരം നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായ പ്രഖ്യാപിക്കുകയായിരുന്നു.

ദേവേന്ദ്ര ഫഡ്നാവിസ്. Photo: Twitter@ANI
ദേവേന്ദ്ര ഫഡ്നാവിസ്. Photo: Twitter@ANI

ബിജെപി ജെഡിയു സഖ്യത്തിന് പ്രതികൂല സാഹചര്യമായിരുന്നു ബിഹാറിൽ. കോൺഗ്രസ് ആർജെഡി സഖ്യത്തിന് നിഷ്പ്രയാസം അധികാരം പിടിക്കാൻ സാധിക്കുന്ന അനുകൂല സാഹചര്യങ്ങളും ബിഹാറിലുണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം തകിടം മറിച്ച് ബിജെപി–ജെഡിയു സഖ്യത്തെ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഇടപെടലിലൂടെ അധികാരത്തിലെത്തിച്ചു. ഇതോടെ മഹാരാഷ്ട്രയ്ക്കപ്പുറം ദേശീയരാഷ്ട്രീയത്തിലും ഫഡ്നാവിസ് സുപ്രധാന മുഖമായി. 

∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറിക്ക് തുടക്കം

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ശിവസേന സ്ഥാനാർഥിയെ അട്ടിമറിയിലൂടെ പരാജയപ്പെടുത്തിയതോടെയാണ് ശിവസേനയിൽ അടിയൊഴുക്ക് തുടങ്ങിയത്. പിന്നാലെ പത്ത് എംഎൽസി സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടന്നു. നാലെണ്ണത്തിൽ ജയിക്കാനാവശ്യമായ വോട്ടുകളെ ബിജെപിക്കുണ്ടായിരുന്നുള്ളു. എന്നാൽ അഞ്ചു സീറ്റിൽ ജയിച്ചു. 26 വോട്ട് ബിജെപിക്ക് പുറത്തുനിന്നും ലഭിച്ചു. സ്വതന്ത്രരുടെ മാത്രമല്ല ശിവസേനയിൽ നിന്നുള്ളവരുടെ ഉൾപ്പെടെ വോട്ടു ലഭിച്ചതായാണ് വിലയിരുത്തൽ. ഇതിനു പിന്നാലെയാണ് ബിജെപിയുമായി അടുപ്പം പുലർത്തിയ ഏക്നാഥ് ഷിൻഡെയെയും പന്ത്രണ്ടോളം എംഎൽഎമാരെയും കാണാതാകുന്നത്. 

2019ലെ തിരഞ്ഞെടുപ്പിന് മുൻപു തന്നെ ബിജെപിയുടെ നിരീക്ഷണത്തിലായിരുന്നു ഷിൻഡെ. ഫഡ്നാവിസും ഷിൻഡെയും തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നെന്ന് റിപ്പോർട്ടുണ്ട്. ഹിന്ദുത്വ വിഷയങ്ങളിൽ ശിവസേന സംയമനത്തോടെ പ്രതികരിച്ചപ്പോൾ ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമായ നിലപാടുകളുമായി രംഗത്തെത്തി. ഇതോടെ ഹിന്ദുത്വ അജൻഡ മുറുകെ പിടിച്ച ഏക്നാഥ് ഫഡ്നാവിസുമായുള്ള അന്തർധാര സജീവമാക്കി. 

ദേവേന്ദ്ര ഫഡ്നാവിസ്
ദേവേന്ദ്ര ഫഡ്നാവിസ്

∙ മറയ്ക്കു പിന്നിൽ ബിജെപി ചതുരംഗം

ഈ മാസം 20 മുതലാണ് ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ 13 ശിവസേന എംഎൽഎമാരെ കാണാതായത്. ഉദ്ധവ് സർക്കാർ പ്രതിസന്ധിയിലായെങ്കിലും ഇവരെ തിരിച്ചെത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നേതാക്കൾ. എന്നാൽ ഓരോ ദിവസം കഴിയുന്തോറും ഏക്നാഥ് ഷിൻഡെയ്ക്കൊപ്പമുള്ള എംഎൽഎമാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഗുജറാത്തിലെ സൂറത്തിലെ ഹോട്ടലിലെത്തി എംഎൽഎമാരെ അനുനയിപ്പിക്കാനും ഉദ്ധവിന്റെ നേതൃത്വത്തിൽ നീക്കം നടത്തി. എന്നാൽ എല്ലാം പരാജയപ്പെട്ടു. തുടർന്ന് എംഎഎൽഎമാരെ ഗുവാഹത്തിയിലേക്ക് മാറ്റി. 

പ്രശ്നം കൊടുമ്പിരികൊണ്ടിരിക്കുമ്പോഴും ശിവസേനയ്ക്കുള്ളിലെ കൊട്ടാരവിപ്ലവത്തിൽ പങ്കില്ല എന്ന നിലപാടിലായിരുന്നു ഫഡ്നാവിസും ബിജെപിയും. ഉണ്ടാകുന്നത് ശിവസേനയുടെ ആഭ്യന്തര പ്രശ്നം മാത്രമാണെന്നും അതിലേക്കു വലിച്ചിഴയ്ക്കേണ്ടെന്നു പോലും മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ പറഞ്ഞു. എംഎൽഎമാർ മറിഞ്ഞുവെന്ന് ഉറപ്പായിട്ടും ധൃതിപിടിച്ച് അധികാരത്തിലേറാൻ ഫഡ്നാവിസ് നീക്കം നടത്തിയില്ല. മാറിയിരുന്നു കളികാണുന്നു എന്ന പ്രതീതി ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചു. ഇതിനിടെ ഫഡ്നാവിസ് പലതവണ ഡ‍ൽഹിയിലേക്കും മുംബൈയിലേക്കും പറന്നു. അധികാരത്തിലേറാൻ ആവശ്യമായ പിൻബലം ഉറപ്പിച്ചിട്ടും 2019ലെ പോലെ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കകം ഒരിക്കൽ കൂടി രാജിവയ്ക്കാൻ ഫഡ്നാവിസ് ആഗ്രഹിച്ചില്ല. ഒടുവിൽ ഭരണം പിടിക്കാൻ എംഎൽഎമാരുടെ എണ്ണം ഉണ്ടെന്ന് എല്ലാതലത്തിലും ഉറപ്പിച്ചശേഷമാണ് ഗവർണറെ കാണാൻ പോയത്. ഇതിനിടെ ഭീഷണിയുടെ സ്വരത്തിലും അപേക്ഷയുടെ സ്വരത്തിലും കഴിയുന്ന വിധത്തിലെല്ലാം ഉദ്ധവ് ഉൾപ്പെടെയുള്ള നേതാക്കൾ വിമതരെ സ്വാധീക്കാൻ ശ്രമിച്ചു. ആ നീക്കത്തിൽ ആരെങ്കിലും പോകുന്നുണ്ടോ എന്ന് ഉറപ്പിക്കാൻ കൂടിയായിരുന്നു പത്തു ദിവസത്തിലധികം ഫഡ്നാവിസ് കാത്തിരുന്നത്. ഒടുവിൽ ഒരു മൂളലിൽ പോലും നേടാവുന്ന മുഖ്യമന്ത്രി കസേര ഷിൻഡെയ്ക്കു വച്ചുനീട്ടി ജനമനസ്സുകളിൽ ത്യാഗത്തിന്റെ ഉപമുഖ്യമന്ത്രി കസേരയിട്ടിരിക്കാനുള്ള രാഷ്ട്രീയ ആർജവമാണ് ഫ‌ഡ്നാവിസ് കാട്ടിയത്. താൽക്കാലികമായ ഈ ത്യാഗം മുന്നോട്ടു ഇനിയുമേറെയുള്ള രാഷ്ട്രീയ വർഷങ്ങളിൽ ഫഡ്നാവിസിന് ഊർജമാകുമെന്നാണ് വിലയിരുത്തൽ.

∙ നിയമവും ബിസിനസും സംയോജിപ്പിച്ച രാഷ്ട്രീയം

ജനസംഘം നേതാവ് ഗംഗാധർ ഫഡ്നാവിസിന്റെ മകൻ ദേവേന്ദ്ര ഫഡ്‌നാവിസ് നിയമ ബിരുദവും ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയാണ് രാഷ്ട്രീയത്തിലിറങ്ങിയത്. 27–ാം വയസ്സിൽ നാഗ്പുർ മേയർ. 1999 മുതൽ നാഗ്പുർ സൗത്ത് വെസ്റ്റിൽ നിന്ന് അഞ്ചു തവണ നിയമസഭാംഗം. 2014 ൽ മഹാരാഷ്ട്ര മുഖ്യമന്ത്രി. 2019 ൽ ഏവരെയും അമ്പരപ്പിച്ച് വീണ്ടും മുഖ്യമന്ത്രി. പഠിച്ച നിയമവും ബിനിസ് മാനേജ്മെന്റും കൃത്യമായി ഫഡ്നാവിസ് രാഷ്ട്രീയത്തിൽ പ്രയോഗിച്ചു.

ഉദ്ധവ് താക്കറെയും ഫഡ്നാവിസും
ഉദ്ധവ് താക്കറെയും ഫഡ്നാവിസും

പ്രമോദ് മഹാജൻ, ഗോപിനാഥ് മുണ്ടെ, നിതിൻ ഗഡ്കരി, ഏക്നാഥ് ഖഡ്സെ തുടങ്ങിയ മഹാരാഷ്ട്ര ബിജെപി രാഷ്ട്രീയത്തിലെ വമ്പന്മാരുടെ നിരയിലേക്ക് ഫഡ്നാവിസ് കസേര വലിച്ചിട്ടിരുന്നു. 2013ൽ ഗോപിനാഥ് മുണ്ടെ പക്ഷവും ഗഡ്കരി വിഭാഗവും തമ്മിൽ വടംവലി മുറുകിയപ്പോൾ അനുരഞ്ജന സ്ഥാനാർഥിയായി സംസ്ഥാന അധ്യക്ഷ പദത്തിലെത്തിയ ഫഡ്നാവിസ് 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി - സേന സഖ്യത്തിന് 48 ൽ 41 സീറ്റും നേടാൻ മുന്നിൽ നിന്നു പട നയിച്ചു. തൊട്ടുപിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 288 ൽ 122 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി.

ഏക്നാഥ് ഖഡ്സെ മുഖ്യമന്ത്രിയാകുമെന്ന് കരുതിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും ചേർന്ന് ഫഡ്നാവിസിനെ നിർദേശിച്ചത് ചരിത്രമായി. 44 ാം വയസ്സിൽ മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മുഖ്യമന്ത്രിയായി 2014 ൽ അധികാരമേൽക്കുമ്പോൾ മോദിയും ഷായും ഫഡ്നാവിസിലുള്ള വിശ്വാസം ഉറപ്പിക്കുകയായിരുന്നു. പിന്നീടുള്ള ഭൂരിഭാഗം തദ്ദേശ തിരഞ്ഞെടുപ്പുകളിലും ബിജെപിക്കു ജയം. സഖ്യകക്ഷിയായ ശിവസേനയെ പരമാവധി ഒതുക്കി. സർക്കാരിനെതിരെ ഉയർന്നുവന്ന മറാഠ പ്രക്ഷോഭം, കർഷകസമരം എന്നിവയെല്ലാം സ്വന്തംനിലയിൽ കൈകാര്യം ചെയ്തു. എൻസിപിക്കും കോൺഗ്രസിനുമൊപ്പം നിന്നിരുന്ന, സംസ്ഥാനത്തെ ഏറ്റവും വലിയ വോട്ട് ബാങ്കായ മറാഠകൾക്കു സംവരണം പ്രഖ്യാപിച്ച് ബിജെപിയുടെ പാളയത്തിലെത്തിക്കാനും ഫഡ്നാവിസിനായി. 2019ലെ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭരണം പിടിക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യമെങ്കിലും സാധിക്കാതെ പോയി.  

∙ പുതിയ രാഷ്ട്രീയ ചാണക്യൻ

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ വിജയം നേടാൻ ഫഡ്നാവിസിന്റെ ഇടപെടലുകളിലൂടെ സാധിച്ചത് ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ടാക്കി. എങ്കിലും മഹാരാഷ്ട്ര കൈവിട്ടുപോയതിന്റെ നീറ്റൽ അലട്ടിക്കൊണ്ടേയിരുന്നു. മഹാരാഷ്ട്രയിലെ അസ്വാഭാവിക സഖ്യം അധികം വൈകാതെ പിരിയുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതിയെങ്കിലും ഉണ്ടായില്ല. ബിജെപിയും ഈ പ്രതീക്ഷയിലായിരുന്നു. മഹാവികാസ് അഘാടി മൂന്നു വർഷം തികയ്ക്കാൻ പോകുന്നത് ബിജെപിയ്ക്ക്  അംഗീകരിക്കാൻ സാധിക്കുമായിരുന്നില്ല. ഇതോടെ നീക്കം ചടുലമാക്കി.

ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയുടെ ചാണക്യനായാണ് അമിത് ഷായെ വിശേഷിപ്പിക്കുന്നത്. 2016ൽ ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, 2017ൽ ഗോവ, 2019ൽ കർണാടക, 2020ൽ മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെല്ലാം ഭരണം അട്ടിമറിച്ച് ബിജെപി അധികാരം പിടിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രം അമിത് ഷായാണെന്ന് വ്യക്തമായ കാര്യമാണ്. അമിത് ഷായുടെ പിൻഗാമിയായാണ് ദേവേന്ദ്ര ഫഡ്നാവിസിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഉദ്ധവ് താക്കറെയ്ക്കും കൂട്ടാളികൾക്കും നിവർന്നു നിൽക്കാൻ പോലും സാധിക്കാത്ത വിധം ഫ്ഡനാവിസ് തകർത്തുകളഞ്ഞു. ബിജെപി നടത്തിയ ഏറ്റവും ശക്തമായ കരുനീക്കങ്ങളിലൊന്നാണ് ശിവസേനയെ തകർക്കുക എന്നത്.

മോദിയുടേയും അമിത് ഷായുടെയും ആശീർവാദത്തോടെ മഹാരാഷ്ട്രയിൽ അതു നടപ്പാക്കിയത് ഫഡ്നാവിസ് ആണ്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം കയ്യിലില്ലാതെ ഭരണം സുഗമമാകില്ലെന്ന് കേന്ദ്രത്തിലുള്ളവർക്ക് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഉദ്ധവിനെപ്പോലും മറുകണ്ടം ചാടിക്കാൻ ബിജെപി തയാറായിരുന്നു. ഒരിക്കൽ മുംബൈയിലെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉദ്ധവ് താക്കറെയും തമ്മിൽ അടച്ചിട്ട മുറിയിൽ ദീർഘനേരം സംഭാഷണം നടത്തിയത് പല അഭ്യൂഹങ്ങൾക്കും വഴിതുറന്നു. പക്ഷേ കാര്യമായി ഒന്നും സംഭവിച്ചില്ല.

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രയിൽ വീണ്ടും പ്രബലനായി ഉദിച്ചുയരുന്നത് ബിജെപിക്കൊപ്പം സംസ്ഥാനത്ത് ഹിന്ദുത്വരാഷ്ട്രീയത്തിൽ തന്നെ വിത്തെറിഞ്ഞു കൊയ്യുന്ന ശിവസേനയുടെ സംഘടനാ ശരീരത്തിൽ പിളർപ്പുവീഴ്ത്തിയാണ്. തിരഞ്ഞെടുപ്പു ജയിച്ച് അധികാരത്തിലെത്തുന്നതിനേക്കാൾ മധുരവും പ്രതികാരം നിറവേറ്റിയ ചാരിതാർഥ്യവും കൂടിയുണ്ടതിന്. അധികാരത്തിലും ത്യാഗനിർഭരതയെന്ന നവതന്ത്രവുമായെത്തുന്ന ദേവേന്ദ്ര ഫഡ്നാവിസ് എന്ന അമ്പത്തിയൊന്നുകാരനിൽ പുതിയൊരു ചാണക്യന്റെ ഉദയവും കാണാം.

English Summary: Revenge served cold: Devendra Fadnavis strikes back after 30 month wait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com