ADVERTISEMENT

തിരുവനന്തപുരം∙ എകെജി സെന്‍ററിന് നേരെ നടന്ന ബോംബാക്രമണത്തിൽ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാന നില തകര്‍ന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളാണ് കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്‍റെ തുടര്‍ച്ചയായാണ് എകെജി സെന്‍ററിന് നേരെ അക്രമണം നടത്തിയിരിക്കുന്നത്.  

പാര്‍ട്ടിയെ ജീവനുതുല്യം സ്നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി ഓഫിസുകളെ അക്രമിക്കുക, പാര്‍ട്ടി പതാക പരസ്യമായി കത്തിക്കുക, മാധ്യമ സ്ഥാപനങ്ങളെ ആക്രമിക്കുക തുടങ്ങിയ അക്രമങ്ങള്‍ സംസ്ഥാനത്ത് വലതുപക്ഷ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ പാർട്ടി പ്രവര്‍ത്തകര്‍ക്കാകണം. സംസ്ഥാനത്തെ യുഡിഎഫ്, ബിജെപി കൂട്ടുകെട്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി ചെറുക്കാനാകണം. 

നേരത്തെ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ അക്രമിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കുകയും അവര്‍ക്ക് ഒത്താശ ചെയ്യുക മാത്രമല്ല പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നവര്‍ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. യുഡിഎഫും ബിജെപിയും എല്ലാ വര്‍ഗീയ ശക്തികളും ഇടതുപക്ഷത്തിനെതിരായി ഒന്നിച്ചു നിൽക്കുകയാണ്. ഈ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി നേരിടാനുള്ള രാഷ്ട്രീയ ബോധം പാര്‍ട്ടി പ്രവർത്തകർ ഉയര്‍ത്തിപ്പിടിക്കണം. എകെജി സെന്‍ററിന് നേരെ അക്രമം നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള യുഡിഎഫ് തന്ത്രങ്ങളിൽ യാതൊരു കാരണവശാലും പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ കുടുങ്ങിപ്പോകരുതെന്നും കോടിയേരി ബാലകൃഷ്ണൻ അഭ്യർഥിച്ചു. 

വൻ ഗൂഢാലോചനയെന്ന് കാനം രാജേന്ദ്രൻ; നാട്ടിൽ അരാജകത്വം സ്യഷ്ടിക്കാൻ ശ്രമം 

എകെജി സെന്‍ററിനു നേരെ നടന്ന ബോംബാക്രമണത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഎമ്മിനും എൽഡിഎഫിനെതിരെയുമുള്ള ആസൂത്രിത ആക്രമണത്തിന്റെ ഭാഗമായാണ് ബോംബാക്രമണമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. നാട്ടിൽ അരാജകത്വം സ്യഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും  എകെജി സെന്റർ സന്ദർശിച്ചതിനു ശേഷം കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. 

ആക്രമണം അപലപനീയം; സമാധാനഅന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമം: പി.കെ.ശ്രീമതി

മഹാനായ എകെജിയുടെ പേരിലുള്ള കെട്ടിടത്തിനു നേരെ നടന്ന ആക്രമണം അത്യന്തം അപലപനീയമെന്നു പി.കെ.ശ്രീമതി. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ശ്രീമതി ആരോപിച്ചു. 

English Summary: Kodiyeri Balakrishnan on AKG center attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com