ADVERTISEMENT

മുംബൈ∙ 2019ൽ ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകിയിരുന്നെങ്കിൽ മഹാവികാസ് അഘാഡി ഉണ്ടാകില്ലായിരുന്നുവെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രണ്ടര വർഷം ശിവസേന മുഖ്യമന്ത്രി വേണമെന്ന ആവശ്യം ബിജെപി അന്ന് അംഗീകരിച്ചിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥയുണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയുമായി സഖ്യത്തിലായിരുന്നപ്പോൾ താൻ അമിത് ഷായോട് അന്നേ ആവശ്യപ്പെട്ടതാണ് ഇക്കാര്യം. ശിവസൈനികനെന്ന് വിശേഷിപ്പിക്കുന്നയാളെയാണ് ബിജെപി മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കിയതെന്നും പദവിയൊഴിഞ്ഞശേഷം ശിവസേന ഭവനിൽവച്ച് ആദ്യമായി മാധ്യമങ്ങളെ കണ്ട അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഏക്നാഥ് ഷിൻഡെയെ ഞങ്ങൾ സേന മുഖ്യമന്ത്രിയായി കണക്കാക്കില്ല. സേന ഇല്ലാതെ എങ്ങനെയാണ് ഒരു സേന മുഖ്യമന്ത്രിയുണ്ടാകുക?’

ആരെ കോളനിയിൽ വിവാദമായ മെട്രോ കാർ ഷെഡ് നിർമാണം നടത്താനെടുത്ത തീരുമാനം ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ൈകകൂപ്പി പുതിയ സർക്കാരിനോട് ആവശ്യപ്പെടുകയാണ് മുംബൈയുടെ പരിസ്ഥിതി വച്ച് കളിക്കരുത്. നിങ്ങളുടെ ദേഷ്യം മുംബൈയുടെമേൽ തീർക്കരുത്. ഞങ്ങൾ വികസനത്തെ തടഞ്ഞിട്ടില്ല. ഞങ്ങളോടു പോരടിക്കൂ. മുംബൈയെ വധിക്കരുത്. ആരെ കോളനിയെ തൊടരുത്. എന്നെ ചതിച്ചതുപോലെ മുംബൈയെ ചതിക്കരുത്.

ആരെയിൽ അല്ല കഞ്ചുംമാർഗിൽത്തന്നെ മെട്രോയുടെ കാർ ഷെഡ് പദ്ധതി വരണം. ഞാൻ പരിസ്ഥിതിവാദികളുടെ ഒപ്പമാണ്. ആരെ വനം റിസർവ് വനം ആണെന്ന് പ്രഖ്യാപിക്കപ്പെട്ടതാണ്. ഇവിടെ വന്യമൃഗങ്ങൾ ഉണ്ട്’ – ഉദ്ധവ് കൂട്ടിച്ചേർത്തു.

English Summary: Maharashtra: Had BJP accepted a Sena CM in 2019, there would have been no MVA, Uddhav Thackeray says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com