ADVERTISEMENT

കുറ്റിപ്പുറം ∙ അബുദാബിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. കുറ്റിപ്പുറം രാങ്ങാട്ടൂർ കമ്പനിപ്പടി സ്വദേശി കുന്നക്കാട്ടിൽ അബൂബക്കറിന്റെ മകൾ അഫീലയെ (27) ആണ് ഈമാസം 11ന് അബുദാബിയിലെ ഷഹാമ റഹ്ബയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിനു പിന്നിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനമുണ്ടെന്നാണ് യുവതിയുടെ വീട്ടുകാരുടെ പരാതി. രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ചാണു വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കുറ്റിപ്പുറം പൊലീസ് കേസെടുത്തു.

യുവതിയുടെ പിതാവ് കുറ്റിപ്പുറം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ: ‘2016 നവംബർ ആറിനാണു കടലുണ്ടി സ്വദേശി അഫീലയെ വിവാഹം കഴിച്ചത്. വിവാഹത്തിനുശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും മകളെ ഉപദ്രവിച്ചിരുന്നു. സാമ്പത്തിക പ്രയാസത്തെ തുടർന്ന് അവർ ആവശ്യപ്പെട്ട പണവും സ്വർണവും നൽകാൻ കഴിഞ്ഞില്ല. തുടർന്ന് ഏതാനും മാസംമുൻപ് മകളെയും കുട്ടിയെയും ഭർത്താവിന്റെ പിതാവും അനിയനും ചേർന്ന് രാങ്ങാട്ടൂരിലെ വീട്ടിൽ എത്തിച്ചു.

മകളും കുട്ടിയും വീട്ടിൽ താമസിച്ചുവരുന്നതിനിടെ അവധിക്ക് നാട്ടിലെത്തിയ ഭർത്താവ് വീണ്ടും അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. വീട്ടിലെത്തിയശേഷം വീണ്ടും മകൾ പീഡിപ്പിക്കപ്പെട്ടിരുന്നു. ഇതിനിടെ, അഫീലയും കുട്ടിയും ഭർത്താവിനൊപ്പം മൂന്നു മാസം മുൻപ് അബുദാബിയിലേക്ക് പോയി. അവിടെയും ഭർത്താവ് ഉപദ്രവിക്കുന്ന വിവരം ഫോൺസന്ദേശംവഴി അഫീല വീട്ടിൽ അറിയിച്ചിരുന്നു. മർദനമേറ്റതിന്റെ പാടുകളും മൊബൈൽ ഫോൺ വഴി സഹോദരിക്കും ഉമ്മയുടെ സഹോദരനും കൈമാറിയിരുന്നു’.

ഇതിനിടെയാണ്, ജൂൺ 11ന് പുലർച്ചെ അഫീല മരിച്ചവിവരം ഭർത്താവിന്റെ പിതാവ് യുവതിയുടെ വീട്ടിൽ അറിയിക്കുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ പിതാവിന്റെയും ബന്ധുക്കളുടെയും പരാതി. മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം രാങ്ങാട്ടൂരിലെത്തിച്ച യുവതിയുടെ മൃതദേഹം കാണാൻ നാലു വയസ്സുകാരനായ മകനെ ഭർത്താവിന്റെ വീട്ടുകാർ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. കുട്ടിയെ മൃതദേഹം കാണിക്കാൻ കടലുണ്ടിയിൽനിന്ന് എത്തിക്കാൻ കുറ്റിപ്പുറം പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഭർത്താവിന്റെ വീട്ടുകാർ തയാറായില്ലെന്നു സിഐ ശശീന്ദ്രൻ മേലയിൽ പറഞ്ഞു. മുഹമ്മദ് സിയാനാണ് അഫീലയുടെ മകൻ. മാതാവ്: ഫാത്തിമ. 

English Summary: Malayali Woman re-postmortem conducted in Malappuram, who died in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com