കോട്ടയം ∙ പീഡനപരാതിയില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആരോപിച്ച് ജോർജിന്റെ ഭാര്യ ഉഷ ജോർജ്. രാഷ്ട്രീയ വൈരാഗ്യമാണിത്. ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നതു ശരിയാണോ? പി.സി.ജോർജിന് ആത്മാർഥത കൂടിയതാണു പ്രശ്നം. പരാതിക്കാരി വീട്ടിൽ വന്നിട്ടുണ്ട്. ഞാൻ സംസാരിച്ചിട്ടുണ്ട്.
സാക്ഷിയാക്കാമെന്നു പറഞ്ഞാണു വിളിച്ചുകൊണ്ടു പോയത്. അറസ്റ്റിനെക്കുറിച്ച് സൂചന ഇല്ലായിരുന്നു. പിണറായിയുടെ പ്രശ്നങ്ങൾ പുറത്തു വരാതിരിക്കാനാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യമുണ്ട്. ഒരു കുടുംബം തകർക്കുന്ന പണിയാണു ചെയ്തത്. എന്റെ കൊന്തയ്ക്ക് സത്യം ഉണ്ടെങ്കിൽ ഈ ചെയ്തതിന് പിണറായി അനുഭവിക്കുമെന്നും ഉഷ പറഞ്ഞു.
പി.സി.ജോർജിന്റെ അറസ്റ്റ് പിണറായിയുടെ ഗൂഢാലോചനയാണെന്ന് മകൻ ഷോൺ ജോർജ് ആരോപിച്ചു. പിണറായിക്ക് അന്ധമായ പുത്രിവാത്സല്യം കൊണ്ട് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. കാര്യങ്ങൾ കൈവിട്ടുപോകുന്നു, പുത്രിയിലേക്ക് കാര്യങ്ങൾ എത്തുന്നു, കഴിഞ്ഞകാലങ്ങളിൽ നടത്തിയ വലിയ അഴിമതി കഥകൾ പുറത്തുവരാൻ പോകുന്നു എന്നീ ആകുലത പിണറായിക്കുണ്ട്.
കഴിഞ്ഞ കാലങ്ങളിൽ നടത്തിയ വലിയ അഴിമതികളെല്ലാം പുറത്തുവരാൻ പോകുന്നു. ജ്യോത്സ്യന്മാർ പറയുന്നത് കേട്ടിട്ട് അതിനുവേണ്ടി പശുത്തൊഴുത്ത് പണിതു, വണ്ടി മാറ്റി. വലിയ ആകുലത ഉണ്ട്. എങ്കിൽപ്പോലും കാര്യങ്ങൾ അങ്ങോട്ട് ശരിയാകാത്തതു കൊണ്ട് അദ്ദേഹത്തിന് വിറളി പിടിച്ച് ഭ്രാന്തായിരിക്കുകയാണെന്നും ഷോൺ പറഞ്ഞു.
English Summary: PC George arrest: Usha george slams Pinarayi Vijayan