ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. എകെജി സെന്ററിന്റെ ജനലിന്റെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുമെന്നു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടയാളെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഇയാൾ പ്രതിയാണെന്ന് ഉറപ്പിക്കാനായില്ല.

തിരുവനന്തപുരം അന്തിയൂർക്കോണം സ്വദേശിയെയാണ് ചോദ്യം ചെയ്തത്. ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ ആക്രമണസമയത്ത് എകെജി സെന്റര്‍ പരിസരത്തല്ല. ഇയാള്‍ മുന്‍പും സമാനമായ പോസ്റ്റിട്ടിരുന്നതായി പൊലീസ് പറഞ്ഞു.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ എകെജി സെന്റര്‍ സൈബര്‍ സെല്ലിനു കൈമാറി. കുന്നുകുഴി ഭാഗത്തെ സംശയമുള്ള വീടുകളില്‍ അന്വേഷണ സംഘം കഴി‍ഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഒരു മിനിറ്റ് 32 സെക്കൻഡാണ് ആക്രമണം നീണ്ടുനിന്നത്. ആക്രമണം നടന്നശേഷം പത്തു സെക്കൻഡ് നേരം സ്ഫോടക വസ്തുവെറിഞ്ഞ മതിലിന് എതിര്‍വശത്തു നിന്നശേഷമാണ് പ്രതികൾ മടങ്ങിയത്.

കുന്നുകുഴിയില്‍നിന്നു വരമ്പശേരി ജംക്‌ഷനില്‍ ഇവര്‍ എത്തിയിട്ടുണ്ട്. ഇവിടെ റോഡ് രണ്ടായി തിരിയുന്നുണ്ട്. അവിടെ നിന്നു പ്രതികള്‍ ലോ കോളജ് ഭാഗത്തേക്ക് പൊയെന്നാണ് പൊലീസ് നിഗമനം. കണ്ണമ്മൂല ഭാഗത്തെ 30 സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൈകൊണ്ടു നിര്‍മിക്കുന്ന സ്ഫോടക വസ്തുവാണെന്നും എറിഞ്ഞയാള്‍ ഇതു കൈകാര്യം ചെയ്യുന്നതില്‍ മുന്‍പരിചയമുള്ളയാളാണെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. അക്രമത്തില്‍ നേരിട്ടു പങ്കെടുത്തവരെ കൂടാതെ പിന്നിലാളുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

എകെജി സെന്‍റര്‍ നല്ല പരിചയമുള്ളയാളാണ് അക്രമിയെന്നതിനാല്‍ സമീപത്തുള്ള ആള്‍ തന്നെയായിരിക്കുമെന്നും പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന പാര്‍ടിയുടെ സംസ്ഥാനകമ്മിറ്റി ഓഫിസ് ആക്രമണം നടന്നു ഒരു ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പൊലീസിനും നാണക്കേടായി മാറിയിരിക്കുകയാണ്.

English Summary: Police Interrogation in AKG Centre Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com