ADVERTISEMENT

കോഴിക്കോട്∙ ആവിക്കൽത്തോട്ടിൽ ശുചിമുറി മാലിന്യ പ്ലാന്റ് നിർമിക്കുന്നതിനെതിരെ ജനകീയ സമര സമിതി നടത്തിയ ഹർത്താലിനിടെ സംഘർഷം. പൊലീസ്  ലാത്തി ചാർജ് നടത്തി. സമരസമിതി പ്രവർത്തകരായ 17 പേർക്കും 5 പൊലീസുകാർക്കും 2 മാധ്യമ പ്രവർത്തകർക്കും പരുക്കേറ്റു. പൊലീസ് 4 തവണ ഗ്രനേഡ് പ്രയോഗിച്ചു. പൊലീസുമായി സംഘർഷമുണ്ടായതോടെ പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്തു. പൊലീസിനു നേരെ കല്ലെറിഞ്ഞതോടെയാണു നാട്ടുകാർക്കെതിരെ ലാത്തിവീശിയതെന്ന് പൊലീസ് വിശദീകരിക്കുന്നു. കല്ലെറിഞ്ഞത് പ്രദേശവാസികളല്ലെന്നും മനപ്പൂർവം പ്രശ്നം സൃഷ്ടിക്കാൻ പുറത്തുനിന്നെത്തിയ ചിലരാണ് കല്ലെറിഞ്ഞതെന്നാണ് നാട്ടുകാരുടെ ആരോപണം.

avikkalthodu-police-action
ശുചിമുറി മാലിന്യ പ്ലാന്റ് പദ്ധതി പ്രദേശമായ കോഴിക്കോട് ആവിക്കൽ തോടിൽ നാട്ടുകാരുടെ പ്രതിഷേധ പ്രകടനം അക്രമാസക്തം ആയതിനെതുടർന്നുണ്ടായ പൊലിസ് ലാത്തിച്ചാർജ്. ചിത്രം : എം.ടി.വിധുരാജ്∙ മനോരമ

കല്ലേറുണ്ടായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. തുടർന്നാണ് ഗ്രനേഡ് പ്രയോഗിച്ചത്. കല്ലേറിനിടയിലാണ് പൊലീസുകാർക്ക് പരുക്കേറ്റത്. ഗ്രനേഡിന്റെ ചില്ല് ദേഹത്ത് തുളച്ചു കയറി പുതിയകടവ് തക്ബീർ ഹൗസിൽ ഹംസയ്ക്ക് (40) പരുക്കേറ്റു. പുതിയ കടവ് സ്വദേശി കോയ മോൻ (42), കോയ മോൻ (55) എന്നിവർക്കും ലാത്തിച്ചാർജിൽ പരുക്കേറ്റു. ലാത്തി ചാർജിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ റോഡിൽ വീണ സൈനാസിൽ റജീഷിനെ (28) പൊലീസ് വളഞ്ഞിട്ടു അടിച്ചു. മാതാവ് സൈനബി ഉൾപ്പെടെയുള്ളവരുടെ മുന്നിലിട്ടായിരുന്നു മർദനമെന്ന് ബന്ധുക്കൾ പറഞ്ഞു.

1248-avikkal-plant-protest
ആവിക്കൽത്തോട്ടിൽ ശുചിമുറി മാലിന്യ പ്ലാന്റ് നിർമിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമിതി പ്രവർത്തകർ: ചിത്രം : എം.ടി.വിധുരാജ്∙ മനോരമ

സംഘർഷത്തിനിടെ പൊലീസിന്റെ ബാരിക്കേഡ് പ്രതിഷേധക്കാർ തോട്ടിലെറിഞ്ഞു. പൊലീസ് ഇവർക്കു നേരെ പാഞ്ഞടുത്തെങ്കിലും ഇവർ തോട്ടിൽ ചാടി നീന്തി രക്ഷപ്പെട്ടു. രാവിലെ പുതിയ കടവ് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തു നിന്ന് സമര സമിതി ട്രഷറർ ആഷിഖിനു പൊലീസ് മർദനമേറ്റു. മൊബൈൽ ഫോൺ വെള്ളയിൽ പൊലീസ് പിടിച്ചെടുത്തതായി സമര സമിതി ആരോപിച്ചു. പൊലീസ് കല്ലെറിഞ്ഞതായും സമര സമിതിക്കാർ പറഞ്ഞു. പ്രദേശത്ത് സമരപ്പന്തൽ കെട്ടിയാണ് നാട്ടുകാർ പ്ലാന്റിനെതിരെ സമരം നടത്തുന്നത്. സമരപ്പന്തൽ പൊലീസ് കയ്യേറിയതും വാക് തർക്കത്തിന് കാരണമായി.

കല്ലേറും കണ്ണീർവാതക പ്രയോഗവുമടക്കം പ്രദേശത്തെ സ്ഥിതി കനത്ത സംഘർഷാവസ്ഥയിലായിരുന്നു. ജനസാന്ദ്രതയേറിയ പ്രദേശത്ത് ശുചിമുറി മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ മാസങ്ങളായി പ്രതിഷേധം നടക്കുന്ന പ്രദേശമാണിത്. രാവിലെ 9.30 ഓടു കൂടിയാണ് സംഘർഷം ആരംഭിച്ചത്. ബീച്ച് റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചു. ആവിക്കൽതോട് കടന്നു പോകുന്ന തോപ്പയിൽ, വെള്ളയിൽ, മൂന്നാലിങ്കൽ എന്നീ മൂന്ന് വാർഡുകളിലാണ് ഇന്ന് ഹർത്താൽ നടക്കുന്നത്. കൗൺസിലർ സൗഫിയ അനീഷ്, സമര സമിതി ചെയർമാൻ ടി.ദാവൂദ്, കൺവീനർ ഹബീബ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. എം.കെ.രാഘവൻ എംപി, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ.റസാഖ്, പാറക്കൽ അബ്ദുല്ല, കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് തുടങ്ങിയവർ സ്ഥലത്തെത്തി. അസിസ്റ്റന്റ് കമ്മിഷണർമാരായ പി.ബിജുരാജ്, കെ.സുദർശൻ, പി.കെ.സന്തോഷ്, കെ.കെ.വിനോദൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസാണ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നത്.

1248-avikkal-protest
ആവിക്കൽത്തോട്ടിൽ ശുചിമുറി മാലിന്യ പ്ലാന്റ് നിർമിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമിതി പ്രവർത്തകർ: ചിത്രം : എം.ടി.വിധുരാജ്∙ മനോരമ

ഇനി ചർച്ചകൾക്കു സാധ്യതയില്ലെന്നും പ്ലാന്റ് നിർമിക്കുമെന്നും മേയർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രദേശത്ത് മുൻപു രണ്ടുതവണ സർവേ നടത്താൻ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. തുടർന്ന് കനത്ത പൊലീസ് സന്നാഹത്തോടെ ഒരാഴ്ച മുൻപ് സർവേ തുടങ്ങി. തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.സംഘർഷമുണ്ടാവുന്നതു കണക്കിലെടുത്ത് രണ്ടാഴ്ചയോളമായി കനത്ത പൊലീസ് സന്നാഹമാണ് പ്രദേശത്തുള്ളത്. ഒരു കിലോമീറ്റർ അകലെ കോർപറേഷൻ ഉടമസ്ഥതയിലുള്ള ഹാളിൽ എംഎസ്പി ക്യാംപിൽനിന്നുള്ള പൊലീസുകാർ ഒരാഴ്ചയായി തമ്പടിക്കുകയാണ്.

കഴിഞ്ഞ ദിവസം സമരസമിതി ദേശീയപാത ഉപരോധിക്കാൻപോയ സമയത്ത് പദ്ധതിപ്രദേശത്ത് കാവൽനിന്നിരുന്ന പൊലീസുകാർക്കെതിരെ ബൈക്കിലെത്തിയ രണ്ടുപേർ ശുചിമുറി മാലിന്യം കവറിലാക്കി എറിഞ്ഞിരുന്നു. ഇതും പുറത്തുനിന്നെത്തിയ ചിലർ പ്രദേശവാസികളെ പ്രതിരോധത്തിലാക്കാൻ മനപ്പൂർവം ചെയ്തതാണെന്ന ആരോപണം ഉയർന്നിരുന്നു. ഇന്നു രാവിലെ പൊലീസ് ലാത്തിവീശിയെങ്കിലും പ്രദേശവാസികൾ ചിതറിപ്പോവാതെ സംഘടിച്ചുനിൽക്കുകയായിരുന്നു.

English Summary: Police lathi charge against Avikkal sewage plant protestors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com