ADVERTISEMENT

തിരുവനന്തപുരം ∙ പീഡനക്കേസിൽ പി.സി.ജോർജിന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അഭിനിമോൾ രാജേന്ദ്രന്റേതാണ് ഉത്തരവ്. ജാമ്യം ലഭിച്ചതിൽ ദൈവത്തിന് നന്ദിയെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു. കേസന്വേഷണത്തോട് നൂറു ശതമാനം സഹകരിക്കും. മാധ്യമപ്രവര്‍ത്തകയോട് വികാരാധീനനായി സംസാരിച്ചതില്‍ ക്ഷമ ചോദിക്കുന്നെന്നും ജോർജ് പറഞ്ഞു. 

എല്ലാ ശനിയാഴ്ചയും ജോർജ് അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകണം, ഇത് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതു വരെ മതിയാകും. കേസിലെ പരാതിക്കാരിയെയോ മറ്റ് സാക്ഷികളെയോ സ്വാധീനിക്കാൻ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 

ജോർജ് ചെയ്‌ത കുറ്റം കാഠിന്യം ഉള്ളതാണ്. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒൻപതോളം കേസുണ്ട്. പ്രതി നടത്തിയ പീഡനം പരാതിക്കാരി കോടതിയിൽ രഹസ്യമൊഴിയായി നൽകി. മതസ്പർധ വളർത്തുകയും സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ സാധ്യതയുമുള്ള വ്യക്തിയാണ് ജോർജ്. കോടതി നൽകിയ ജാമ്യവ്യവസ്ഥകൾ ലംഘിച്ച വ്യക്തിയാണ്. ഇക്കാരണങ്ങളാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

pc george rinkuraj photo
പീഡനക്കേസിൽ ആരോപണ വിധേയനായ പി.സി.ജോർജിനെ തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നിന്ന് മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്യുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

സംഭവം നടന്ന് നാലു മാസം കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും ടിവി ചാനലുകളിലും നിരന്തരം വാർത്തകളുമായി വരുന്ന വ്യക്തിയാണ് പരാതിക്കാരി. ഇത്രയും ഗൗരവമുള്ള കാര്യം എന്തിന് ഒളിച്ചുവച്ചു? ഈ നാലുമാസം തോന്നാതിരുന്ന പീഡന കഥ ഇപ്പോൾ പറയാൻ കാരണം രാഷ്‌ട്രീയ ലക്ഷ്യങ്ങളാണ്. കേരളത്തിൽ മൊത്തം കേസുകൾ ഉണ്ട്. രാഷ്‌ട്രീയ പ്രവർത്തകനാകുമ്പോൾ ഇത് സ്വഭാവികമാണ്. എന്നാൽ 70 വയസ്സുള്ള പി.സി.ജോർജ് ഇതുവരെയും ഒരു സ്‌ത്രീയെ പോലും അപമാനിച്ചെന്ന് പരാതിയില്ല.

പരാതിക്കാരി മുൻ മുഖ്യമന്ത്രിക്കെതിരെ വരെ വ്യാജപരാതി നൽകിയിട്ടുള്ള വ്യക്തിയാണെന്നും പ്രോസിക്യൂഷന് മറുപടിയായി പി.സി.ജോർജിന്റെ അഭിഭാഷകൻ ശാസ്തമംഗലം എസ്.അജിത്‌കുമാർ വാദിച്ചു. പരാതിക്കാരിയെക്കൊണ്ട് കള്ളപ്പരാതി നൽകുകയായിരുന്നു. പി.സി.ജോര്‍ജ് ഹൃദ്രോഗിയാണ്, രക്തസമ്മർദമുണ്ട്. അദ്ദേഹത്തെ ജയിലിലടയ്ക്കരുതെന്നും പ്രതിഭാഗം വാദിച്ചു.

pc arrest rinkuraj photo
പീഡനക്കേസിൽ ആരോപണ വിധേയനായ പി.സി.ജോർജിനെ തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നിന്ന് മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്യുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

പ്രതിക്ക് പരാതി ഉണ്ടോയെന്ന് മജിസ്‌ട്രേറ്റ് ആരാഞ്ഞു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനാണ് തന്നെ സർക്കാർ ഗെസ്റ്റ് ഹൗസിൽ വിളിപ്പിച്ചത്. ഇത്തരം ഒരു പരാതി ഉള്ള കാര്യം അറിഞ്ഞില്ല.‌ മ്യൂസിയം പൊലീസ് അറിയിക്കുമ്പോഴാണ് പരാതിയെക്കുറിച്ച് അറിഞ്ഞത്. 70 വയസ്സുള്ള തനിക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. പീഡന പരാതി എന്താണെന്നോ, ഇതിന്റെ നിയമ വശങ്ങൾ അറിയാനോ കഴിഞ്ഞിട്ടില്ലെന്ന് പി.സി.ജോർജ് കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയ ശേഷമാണ് പ്രതി സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി വാദം പരിഗണിച്ചത്.

English Summary: Bail to PC George in Molestation complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com