കോഴിക്കോട് ∙ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് മറുനാടന്‍ മലയാളികളെയും തട്ടിപ്പിനിരയാക്കി. 5 ലക്ഷം രൂപയാണ് ഓരോരുത്തരില്‍ നിന്നായി തട്ടിയെടുത്ത് പ്രതികൾ മുങ്ങിയത്. തട്ടിപ്പിനായി ബിജെപി നേതാവ് പി.കെ.കൃഷ്ണദാസിന്‍റെ പേരും ദുരുപയോഗം ചെയ്തതായി ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ പി.കെ.കൃഷ്ണദാസിനൊപ്പം നില്‍ക്കുന്ന ഫോട്ടോ അയച്ചുകൊടുത്താണ് തട്ടിപ്പുകാര്‍ ഉദ്യോഗാര്‍ഥികളുടെ വിശ്വാസം ആര്‍ജിച്ചെടുത്തത്. മലബാറിൽനിന്നു മാത്രം നാനൂറിലധികം പേരില്‍നിന്ന് ഏറ്റവും കുറഞ്ഞത് 2 കോടി രൂപയെങ്കിലും തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് നിഗമനം.
റെയില്‍വേയില്‍ ക്ലര്‍ക്ക് ഉള്‍പ്പെടെയുള്ള തസ്തികകളില്‍ നിയമനം നല്‍കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. എന്നാല്‍ ഈ തട്ടിപ്പ് സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്നതല്ലെന്നാണു സൂചന. അയല്‍ സംസ്ഥാനങ്ങളിലെ മലയാളികളില്‍നിന്നും ഇതേ പേരു പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ട്. തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും മലയാളികളാണ് പ്രധാനമായും തട്ടിപ്പിനിരയായത്.
പണം വാങ്ങിയ ഏജന്‍റുമാര്‍ പലരും വെട്ടിലായ സ്ഥിതിയിലാണ്. ചിലരെല്ലാം കബളിപ്പിക്കപ്പെട്ടുവെന്നാണ് പറയുന്നത്. എന്നാല്‍ ഈ വാദം വിശ്വാസത്തിലെടുക്കാനാകില്ലെന്ന നിലപാടിലാണ് ഉദ്യോഗാര്‍ഥികള്‍.
English Summary: Railway job scams in Kerala