തിരുവനന്തപുരം∙ സോളര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പീഡന പരാതിയിൽ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോർജിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യാൻ തൈക്കാട് ഗെസ്റ്റ് ഹൗസിലെത്തിയ ജോർജിനെതിരെ ഇന്നു രാവിലെയാണ് സോളർ കേസിലെ പ്രതി പരാതി നൽകിയത്. കഴിഞ്ഞ ഫെബ്രുവരി 10 ന് തൈക്കാട് ഗെസ്റ്റ് ഹൗസിലെത്തിയ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഐപിസി 354, 354 എ എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇത്തരത്തിൽ പീഡനപരാതിയുള്ള വിവരം പി.സി.ജോർജിനെ അറിയിക്കുന്നത്. പിന്നീട് തൈക്കാട് ഗെസ്റ്റ് ഹൗസിൽ എത്തിച്ചശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം പി.സി.ജോർജിനെ എആർ ക്യാംപിലേക്കു കൊണ്ടുപോയി.
സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ ഗൂഢാലോചന കേസിലാണ് പി.സി. ജോര്‍ജിനെ ഇന്നു ചോദ്യം ചെയ്യലിനു വിളിപ്പിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പി.സി. ജോര്‍ജും സ്വപ്‌ന സുരേഷുമാണ് പ്രതികള്‍.

വെളിപ്പെടുത്തല്‍ നടത്താന്‍ പി.സി. ജോര്‍ജ് തന്നെ പ്രേരിപ്പിച്ചുവെന്ന് കേസില്‍ സാക്ഷിയായ സരിത എസ്. നായര്‍ നല്‍കിയ രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പി.സി. ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്. കേസില്‍ സ്വപ്‌ന ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസിലെ ജീവനക്കാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചത്തേക്കു മാറ്റിയിരുന്നു. തിരുവനന്തപുരത്ത് റജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
English Summary: Rape Case Against PC George