ADVERTISEMENT

തിരുവനന്തപുരം∙ ലൈംഗിക പീഡനക്കേസില്‍ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്യാതെ പി.സി. ജോര്‍ജിനു ജാമ്യം നല്‍കിയതോടെ നാണംകെട്ട സര്‍ക്കാരിന് അതില്‍നിന്നു കരകയറുക എളുപ്പമല്ലെന്നു വിലയിരുത്തൽ. പി.ശശി മുഖ്യമന്ത്രിയുടെ ഓഫിസില്‍ പൊലീസിന്‍റെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം പി.സി. ജോര്‍ജിന്‍റെ കാര്യത്തില്‍ മാത്രം ഇതു രണ്ടാംതവണയാണു പ്രോസിക്യൂഷന്‍ കോടതിയില്‍ നാണം കെടുന്നത്. ജാമ്യത്തിലിറങ്ങി പി.സി. ജോര്‍ജ് തുറന്നുവിട്ട ഫാരീസ് അബൂബക്കര്‍ ആക്ഷേപം വെളിപ്പെടുത്തുമെന്നു മനസിലാക്കിയാണോ ജോര്‍ജിനെ ജയിലറക്കുള്ളിലാക്കാന്‍ ശ്രമിച്ചതെന്ന സംശയവും ബലപ്പെടുകയാണെന്നാണ് റിപ്പോർട്ട്.

പൊലീസിനെ ആയുധമാക്കി രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആക്ഷേപത്തിനു ബലം നല്‍കുന്നതാണ് പി.സി. ജോര്‍ജിന് അനുവദിച്ച ജാമ്യം. ലൈംഗികപീഡനക്കേസില്‍ വിശദമായ വാദം കേട്ടു ജോര്‍ജിനു മജിസ്ട്രേറ്റ് കോടതി ആദ്യം ദിനം തന്നെ ജാമ്യം അനുവദിച്ചതോടെ സര്‍ക്കാര്‍ മുഖം താഴ്ത്തേണ്ട അവസ്ഥയിലാണ്. വര്‍ഗീയ പ്രസംഗം നടത്തിയതിന് ഈരാട്ടുപേട്ടയില്‍നിന്ന് അറസ്റ്റ് ചെയ്ത് എത്തിയ പി.സി. ജോര്‍ജ് വൈകിട്ട് തന്നെ പുറത്തിറങ്ങിയിരുന്നു. പിന്നീട് ജാമ്യം റദാക്കി ഒരു ദിവസം അകത്തുകിടന്നെങ്കിലും ആദ്യത്തെ ക്ഷീണം സര്‍ക്കാരിന് ക്ഷീണമായി തന്നെ നിന്നു.

പീഡനക്കേസില്‍ അകത്തിടാനുള്ള ശ്രമവും പാളിയതോടെ എന്തിന് ഇങ്ങനെ തോല്‍വി ചോദിച്ചു വാങ്ങണമെന്ന അഭിപ്രായം പൊലീസിനുള്ളില്‍ ഉയര്‍ന്നു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. പി. ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായതിനുശേഷം പൊലീസ് ഭരണത്തില്‍ നടത്തുന്ന അമിതമായ സമ്മര്‍ദത്തില്‍ സേനയ്ക്കുള്ളിൽത്തന്നെ അതൃപ്തി പ്രകടമാണ്.

സ്വര്‍ണക്കടത്ത് ആക്ഷേപങ്ങളില്‍നിന്നു രക്ഷനേടാന്‍ സര്‍ക്കാര്‍ നടത്തുന്ന നാടകങ്ങളായി ഇതെല്ലാം വ്യാഖ്യാനിക്കപ്പെടാന്‍ തുടങ്ങിക്കഴിഞ്ഞു. ജാമ്യത്തിലിറങ്ങിയ പി.സി. ജോര്‍ജ് ഉയര്‍ത്തിയ ഫാരീസ് അബൂബക്കര്‍ ആക്ഷേപങ്ങള്‍ വരും ദിവസങ്ങളില്‍ രാഷ്ട്രീയ എതിരാളികള്‍ ഏറ്റുപിടിച്ചേക്കാം.

തിടുക്കപ്പെട്ടുള്ള ജോര്‍ജിന്‍റെ അറസ്റ്റില്‍ ചില സംശയങ്ങളും ഉയരുകയാണ്. ചോദ്യംചെയ്യലിനുശേഷം ഫാരീസ് അബൂബക്കര്‍ ആക്ഷേപം ജോര്‍ജ് ഉയര്‍ത്തുമെന്നു പൊലീസ് മനസിലാക്കിയിരുന്നോ എന്നതാണ് ആദ്യ സംശയം. ഇതിനു തടയിടാനാണോ ജോര്‍ജിനെ ഒരു കാരണവശാലും പെട്ടെന്നു ജാമ്യം കിട്ടാത്ത പീഡനക്കേസില്‍ തിടുക്കപ്പെട്ട് അറസ്റ്റ് ചെയതത് എന്നതാണ് ആദ്യം സംശയത്തിന്‍റെ തുടര്‍ച്ച. പാലക്കാടുനിന്ന് സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു ഫോണ്‍ പിടിച്ചെടുത്തതും വിജിലന്‍സ് മേധാവിയെ നീക്കിയതുമെല്ലാം സര്‍ക്കാരില്‍ ആലോചനയില്ലാതെ എടുക്കുന്ന തീരുമാനങ്ങളുടെ ഫലമായിരുന്നു.

English Summary: PC George's bail is a blow to the ruling CPM, Police and Prosecution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com