‘എകെജി സെന്റർ ആക്രമിക്കുമെന്ന് കെ.സുധാകരൻ പറഞ്ഞിട്ടുണ്ട്’; കടന്നാക്രമിച്ച് ഭരണപക്ഷം

mm-mani-adjournment-motion
അടിയന്തരപ്രമേയ ചർച്ചയിൽ എം.എം.മണി എംഎൽഎ സംസാരിക്കുന്നു. ചിത്രം: സഭാ ടിവി വിഡിയോ ദൃശ്യം
SHARE

തിരുവനന്തപുരം∙ എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിലെ പ്രതിയെ പിടിക്കാത്തതുമായി ബന്ധപ്പെട്ട് നിയമസഭയിൽ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി ഭരണപക്ഷം. എം.എം.മണി (സിപിഎം), പി.എസ്.സുപാൽ (സിപിഐ), എൻ.ജയരാജ് (കേരള കോൺഗ്രസ് (എം)), കെ.വി.സുമേഷ് (സിപിഎം), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി (ലെനിനിസ്റ്റ്)), കടകംപള്ളി സുരേന്ദ്രൻ (സിപിഎം), മന്ത്രിമാർ എന്നിവരാണ് ഭരണപക്ഷത്തുനിന്ന് അടിയന്തരപ്രമേയ ചർച്ചയിൽ സംസാരിച്ചത്.

∙ എം.എം.മണി

ശ്രീകൃഷ്ണന്റെ നിറവും കയ്യിലിരിപ്പുമാണ് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെന്ന് എം.എം.മണി പറഞ്ഞു. തനിക്കെതിരെ തിരുവഞ്ചൂരിന്റെ പൊലീസ് എടുത്ത കേസ് നിയമവിരുദ്ധമാണെന്നു പറഞ്ഞു കോടതി പിന്നീടു തള്ളി. എകെജി സെന്റർ ആക്രമിച്ചത് കോൺഗ്രസാണെന്ന് പാർട്ടിക്കു സംശയമുണ്ട്. ആ സംശയം ന്യായമാണ്. കാരണം, കെപിസിസി പ്രസിഡന്റും എകെജി സെന്റർ ആക്രമിക്കുമെന്നു പറഞ്ഞിട്ടുണ്ട്.

മാത്യു കുഴൽനാടൻ വീട്ടിലിരിക്കുന്ന സ്ത്രീകളെ ആരോപണങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നത് ശരിയല്ല. കെ.സുധാകരൻ കെപിസിസി പ്രസിഡന്റായശേഷം രാഷ്ട്രീയ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും എം.എം.മണി പറഞ്ഞു.

∙ പി.എസ്.സുപാൽ

നയതന്ത്രബാഗിൽ ആരാണ് സ്വർണം കൊണ്ടു വന്നതെന്നോ കൊടുത്തുവിട്ടതെന്നോ ചോദിക്കാൻ കോൺഗ്രസിനു നാവില്ല. ബിജെപിക്കെതിരെ പറയാൻ കോൺഗ്രസിനു കഴിയുന്നില്ല. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണ്. ആദ്യ സർക്കാരിനെ അട്ടിമറിക്കാൻ വിമോചന സമരം നടത്തിവരാണ് കോൺഗ്രസുകാർ.

∙ എൻ.ജയരാജ്

കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക എന്ന നിലപാട് സർക്കാരിനില്ല.

∙ കെ.വി.സുമേഷ്

രാഹുൽഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചത് തൃക്കാക്കരയിലെ ഉപകാരത്തിന്റെ ഭാഗമായിട്ടായിരിക്കുമെന്ന് കെ.വി.സുമേഷ്. എകെജി സെന്റർ സന്ദർശിക്കാനെത്തിയ എസ്ഡിപിഐ നേതാക്കളെ ഇറക്കിവിടുകയാണ് ചെയ്തത്. എസ്ഡിപിഐക്കാരുടെ അനുതാപം സിപിഎമ്മിനു വേണ്ട.

എകെജി സെന്റർ ആക്രമിച്ച പ്രതികളെ പിടിക്കും. പ്രതികൾ യുഡിഎഫുകാരാണെങ്കിൽ തള്ളിപ്പറയാൻ നേതൃത്വം തയാറാകുമോ? മുഖ്യമന്ത്രിയെ ആക്രമിക്കാൻ കോൺഗ്രസ് രണ്ടുപേരെ ടിക്കറ്റെടുത്ത് വിമാനത്തിൽ അയച്ചു. ഒരാളെ വിഡിയോ പിടിക്കാനും അയച്ചു. സിപിഎമ്മിനെതിരെ കോൺഗ്രസ് മുൻപും ആക്രമണം നടത്തിയിട്ടുണ്ട്. സർക്കാരിനെ അപവാദ പ്രചാരണങ്ങളിലൂടെ തകർക്കാൻ കഴിയില്ലെന്നും സുമേഷ് പറഞ്ഞു.

∙ കോവൂർ കുഞ്ഞുമോൻ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയിച്ചതു കൊണ്ട് എന്തും ചെയ്യാമെന്ന് കോൺഗ്രസ് ധരിക്കേണ്ടെന്ന് കോവൂർ കുഞ്ഞുമോൻ. പ്രതിപക്ഷം സമ്പൂർണ പരാജയമാണ്. അതുകൊണ്ടാണ് വെപ്രാളം. എകെജി സെന്റർ ആക്രമിച്ചവരെ ജയിലിൽ അടയ്ക്കും.

English Summary: AKG Centre Attack: Adjournment Motion at Kerala Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS