ADVERTISEMENT

പാലക്കാട്∙ പ്രസവത്തിനു പിന്നാലെ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാലക്കാട് ചിറ്റൂർ തത്തമംഗലം സ്വദേശിനി ഐശ്വര്യ(25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഐശ്വര്യയുടെ കുഞ്ഞും മരിച്ചിരുന്നു. ഐശ്വര്യയുടെ മൃതദേഹം ഇൻക്വിസ്റ്റ് നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അവിടെനിന്ന് മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

പാലക്കാട് യാക്കരയിലെ തങ്കം ആശുപത്രിക്കു മുന്നിൽ വന്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ചികിത്സാപ്പിഴവുണ്ടായെന്നും ഡോക്ടർമാരെ അറസ്റ്റു ചെയ്യണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ചികിത്സാ പിഴവെന്ന പരാതിയിൽ ആശുപത്രിക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. 

പ്രസവത്തിനായി ഐശ്വര്യയെ 29നാണു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലൈ അഞ്ചോടെയാകും പ്രസവമെന്നും ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടർമാർ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തുടർന്നു മുൻകരുതലായാണു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുത്തിവയ്പും നൽകിയിരുന്നു.

യുവതിയുടെ ആരോഗ്യനില പരിഗണിച്ചു ആവശ്യമായ നടപടി സ്വീകരിക്കണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും യഥാസമയം അതുണ്ടായില്ലെന്നാണു പരാതി. ഇന്നലെ പുലർച്ചെ യുവതിയെ പ്രസവത്തിനായി കൊണ്ടുപോയെങ്കിലും രണ്ടരയോടെ കു‍ഞ്ഞു മരിച്ചെന്നാണു ഡോക്ടർമാർ അറിയിച്ചത്. ഇന്ന് ഐശ്വര്യയും മരിച്ചു.

കുഞ്ഞിന്റെ മൃതദേഹം മറവുചെയ്തെങ്കിലും രേഖാമൂലം പൊലീസിനു പരാതി ലഭിച്ചതോടെ ആർഡിഒ നിയോഗിച്ച തഹസിൽദാരുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. തങ്ങളുടെ അനുമതിയില്ലാതെ യുവതിയുടെ ഗർഭപാത്രം നീക്കിയതായും ബന്ധുക്കൾ ആരോപിച്ചു.

English Summary :Mother dies after infant in Palakkad, Protest infront of hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com